റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ആരംഭിച്ചു
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തയ്യൽ തൊഴിലാളികളുടെ റിട്ടയർമെന്റ് ആനുകൂല്യ കുടിശ്ശിക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ തയ്യൽ തൊഴിലാളികളുടെയും തയ്യൽ സ്വയംതൊഴിലായി സ്വീകരിച്ചവരുടെയും ക്ഷേമത്തിനായി ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ സ്ഥാപിതമായതാണ് കേരള തയ്യൽ തൊഴിലാളക്ഷേമനിധി ബോർഡ്.
ബോർഡിൽ ഇതുവരെ ഏഴു ലക്ഷത്തി അറുപത്തിയെട്ടായിരത്തി ഇരുപത്തിയഞ്ച് (7,68,025) തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ജൂലൈ മാസം വരെ തൊണ്ണൂറ്റി ഏഴായിരത്തി തൊള്ളായിരത്തി നാൽപത്തി മൂന്ന് (97,943) പെൻഷണേഴ്സും ബോർഡിലുണ്ട്. തയ്യൽ തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും അംശദായം സ്വീകരിച്ച് കൊണ്ട് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകി വരുന്നതോടൊപ്പം സർക്കാർ സഹായത്തോടെ പെൻഷൻ പദ്ധതിയും നടപ്പിലാക്കി വരുന്നു. നിലവാരമുള്ള സേവനത്തിന് ക്വാളിറ്റി മാനേജ്‌മെന്റ് സർവീസസ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭ്യമായ കേരളത്തിലെ ആദ്യത്തെ ക്ഷേമനിധി ബോർഡാണ് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്.
രണ്ടായിരത്തി പതിനേഴിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിനും തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിനും സർട്ടിഫിക്കറ്റ് ലഭിച്ചു. കൂടാതെ നിലവിൽ ബോർഡിന്റെ എല്ലാ ഓഫീസുകൾക്കും ഈ ബഹുമതി നേടിയെടുക്കാൻ സാധിച്ചു എന്നത് ഏറെ മാതൃകപരമാണ്. അംഗങ്ങൾക്ക് വിവാഹ ധനസഹായം, പ്രസവധനസഹായം, ചികിത്സാ ധനസഹായം, മക്കൾക്കായി ക്യാഷ് അവാർഡ്/ സ്കോളർഷിപ്പ് എന്നീ വിദ്യാഭ്യാസ ആനുകൂല്യങ്ങളും, റിട്ടയർമെന്റ് ആനുകൂല്യം മരണാനന്തര/ ശവസംസ്കാര ധനസാഹായവും നൽകി വരുന്നു. 60 വയസ് തികഞ്ഞ് റിട്ടയർ ചെയ്യുന്ന തൊഴിലാളികൾക്കുള്ള പെൻഷന് പുറമേ അവശതാ പെൻഷൻ, കുടുംബ പെൻഷൻ എന്നിവയും അനുവദിക്കുന്നു. ബോർഡിൽ തൊഴിലാളികളിൽ നിന്നും ഉടമകളിൽ നിന്നും ഈടാക്കുന്ന അംശദായം വർദ്ധിച്ചതിന് ആനുപാതികമായി എല്ലാ ആനുകൂല്യങ്ങളുടെയും തുക ഇരട്ടിയായോ അതിലധികമായോ വർധിപ്പിക്കാൻ ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ബോർഡിന്റെ അംഗത്വ രജിസ്ട്രേഷൻ, അംശദായ അടവ്, ആനുകൂല്യ അപേക്ഷ സമർപ്പണം, ആനുകൂല്യ വിതരണം, ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ, അംഗത്വ പുതുക്കൽ തുടങ്ങി മുഴുവൻ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആനുകൂല്യ അപേക്ഷകൾ അതത് മാസം തീർപ്പാക്കി ഡി.ബി.റ്റി സംവിധാനത്തിലൂടെ തൊഴിലാളികളുടെ അക്കൗണ്ടിൽ ഓൺലൈനായി തുക ക്രെഡിറ്റ് ചെയ്യുന്ന പ്രകിയ നടപ്പിലാക്കിയത് വളരെ നല്ല കാര്യമാണ്.
സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓഫീസിൽ നേരിട്ട് ഹാജരാകാതെ തന്നെ ബോർഡിന്റെ വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ വഴി പരാതികൾ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ കംപ്ലയിന്റ് പോർട്ടൽ സംവിധാനം ബോർഡിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് മറ്റു ബോർഡുകളിലും നടപ്പിലാക്കേണ്ടതുണ്ട്.
റൂൾ 28 എ പ്രകാരം തൊഴിലാളികൾക്ക് ലഭിക്കേണ്ട റിട്ടയർമെന്റ് ആനുകൂല്യം ഭേദഗതി ചെയ്തു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് അനുസരിച്ച് 2020 ജൂൺ മാസം മുതലുള്ള കുടിശ്ശിക കണക്കാക്കുമ്പോൾ ഏകദേശം എട്ടുകോടി രൂപയുടെ ആനുകൂല്യങ്ങളാണ് ബോർഡ് വഴി തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഒരു തൊഴിലാളിക്ക് ഏകദേശം നാൽപതിനായിരം (40,000) രൂപയുടെ വരെ ആനുകൂല്യങ്ങൾ ലഭിക്കും.