ലഹരിമുക്ത കേരളത്തിനായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന ബോധവത്ക്കരണ പ്രചാരണ പരിപാടികൾക്ക് സംസ്ഥാനതലത്തിൽ പുരസ്ക്കാരം നല്‍കും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലും മികച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന കലാലയത്തിനും സർവ്വകലാശാലകൾക്കുമാണ് പുരസ്ക്കാരം. ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെയുള്ള തീവ്ര ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും അണിനിരക്കണം . വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടി ഉണ്ടാകണം. ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരമാവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഗാന്ധി ജയന്തി ദിനത്തിലെ പരിപാടികൾക്ക് ഉണ്ടാകണം.

ഒക്ടോബർ രണ്ടിന് 10 മണിക്കുള്ള ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തണം. വിദ്യാലയ സമിതികൾ മുൻകൈയെടുത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കണം.

ഒക്ടോബർ 6, 7 തീയതികളിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികൾ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പിടിഎ,എം പി ടി എ, വികസന സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തണം.

ഒരു മാസക്കാലം സ്കൂൾതലത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. വിദ്യാർഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം.

നവംബർ ഒന്നിന് വൈകിട്ട് 3:00 മണി മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി തന്നെ നടപ്പാക്കണം