Life-24 Samagra Shiksha Keralam submits report of special project to Minister of Public Education

ലൈഫ് – 24 പ്രത്യേക പദ്ധതിയുടെ റിപ്പോർട്ട് സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

Life – 24 പ്രത്യേക പദ്ധതിയുടെ റിപ്പോർട്ട് സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറി. പരമ്പരാഗത അക്കാദമിക അറിവുകൾക്ക് ഉപരിയായി ജീവിത നൈപുണികൾ പുതുതലമുറയ്ക്ക് പ്രദാനം ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന ആവശ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ലൈഫ് ’24 (Life ‘24) എന്ന നൂതന പരിപാടി ആസൂത്രണം ചെയ്യപ്പെട്ടത്. ഇത് വിദ്യാർത്ഥികൾക്ക് അത്യാവശ്യമായ ജീവിത നൈപുണികൾ (Life Skills), അടിസ്ഥാന ജീവിതോപാധി നൈപുണികൾ (Basic Livilihood Skills) പരിസ്ഥിതി സൗഹൃദ നൈപുണികൾ (Green skills) എന്നിവ നൽകാൻ വേണ്ടിയുള്ളതായിരുന്നു. സമഗ്ര ശിക്ഷാ കേരളവും യൂണിസെഫും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്‌.

മൂന്ന് പ്രധാന നൈപുണികൾ വിദ്യാർത്ഥികൾ ആർജ്ജിക്കണം എന്ന ഉദ്ദേശലക്ഷ്യം വച്ചാണ് ലൈഫ് ’24 പദ്ധതി ആസൂത്രണം ചെയ്തത്.

1. ജീവിത നൈപുണികൾ (Life Skills): പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത, സഹകരണം, ആശയവിനിമയ ശേഷി എന്നിവ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
2. അടിസ്ഥാന ജീവിതോപാധി നൈപുണികൾ (Basic Livilihood Skills): പാചകം, കൃഷി, പ്ലംബിംഗ്, വയറിംഗ്, ടൂ വീലർ റിപ്പയറിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തി.
3. പരിസ്ഥിതി സൗഹൃദ കഴിവുകൾ (Green skills): പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളാണ് ഉൾക്കൊള്ളിച്ചത്.

സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്ററുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടേയും പ്രാദേശിക തൊഴിൽ വിദഗ്ധരുടേയും സഹകരണത്തോടുകൂടിയാണ് പദ്ധതി നടന്നത്. ഓരോ ബ്ലോക്കിലും പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 9-ാം തരത്തിൽ പഠിക്കുന്ന കുട്ടികൾക്കാണ് 3 ദിവസ ക്യാമ്പുകളും തുടർപ്രവർത്തനങ്ങളും നൽകിയത്. ആൺ/പെൺ ഭേദമില്ലാതെ ഏതു തൊഴിലും ആർക്കും ചെയ്യാമെന്ന കാഴ്ചപാടും തൊഴിലുകളോടും തൊഴിൽ ചെയ്യുന്നവരോടുമുള്ള ശരിയായ മനോഭാവവും ഉളവാക്കാനും പദ്ധതി സഹായിച്ചു.

റിപ്പോർട്ട് കൈമാറുന്ന ചടങ്ങിൽ യൂണിസെഫ് ഓഫീസ് കേരള,തമിഴ്നാട് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ്, എജുക്കേഷൻ ഡോ. അഖില രാധാകൃഷ്ണൻ, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ തുടങ്ങിയവർ പങ്കെടുത്തു.