സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച വർക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുക, സ്കൂളിൽ ചേരുന്നത് മുതൽ സ്കൂൾകാലം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ ആരോഗ്യം വിലയിരുത്തുക,ഓരോ വിഭാഗത്തിനും ആരോഗ്യ പരിശോധനകൾക്കും ഇടപെടലുകൾക്കും അനുയോജ്യമായ സമീപനം കൈക്കൊള്ളുക തുടങ്ങിയവ എങ്ങിനെ സാധ്യമാക്കാം എന്ന കാര്യമാണ് വർക് ഷോപ്പ് ചർച്ച ചെയ്തത്.
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യവും വികസനവും നിരീക്ഷിക്കുന്നതിന് മെഡിക്കൽ ചെക്കപ്പുകൾ, ദന്ത ശുചിത്വം ഉറപ്പാക്കാനും ദന്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തന്നെ പരിഹരിക്കാനും ഡെൻ്റൽ ചെക്കപ്പുകൾ, വിദ്യാർത്ഥികളുടെ പഠനത്തെയും ജീവിത നിലവാരത്തെയും ബാധിച്ചേക്കാവുന്ന കാഴ്ച പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് നേത്ര പരിശോധന,തടയാവുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും കുട്ടികൾ സുരക്ഷിതരും ആരോഗ്യമുള്ളവരുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നു.കൗമാര വിദ്യാർത്ഥികൾക്ക്, അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മാറ്റങ്ങളും ഉൾക്കൊള്ളാൻ പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകളും പരിപാടി വിഭാവനം ചെയ്യുന്നു.