2023 – ജൂൺമാസം 1-ാം തീയതി സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ്. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി വിവിധ വകുപ്പുകൾ നടത്തിയ സേവനങ്ങൾ
തദ്ദേശ സ്വയംഭരണ വകുപ്പ്
അദ്ധ്യയനവർഷം എല്ലാ സ്കൂളുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഏതെങ്കിലും സ്കൂളുകളിൽ ക്ലാസ്സുകൾ മറ്റ് വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ആണ് പ്രവർത്തിക്കുന്നതെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ട്.
സർക്കാർ വിദ്യാലയങ്ങളിലെ അറ്റകുറ്റ പണികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർത്തീകരിക്കുന്നുണ്ട്.
കുടുംബശ്രീ, ക്ലീൻകേരളമിഷൻ എന്നീ ഘടകങ്ങളെ ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുളള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
അപകടാവസ്ഥയിലുളള മരങ്ങൾ, ബോർഡുകൾ, ഹോർഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
സ്കൂൾ പരിസരത്ത് പൊതുസ്ഥലത്തുളള അപകടകരമായ വെളളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവ പരിശോധിച്ച് സുരക്ഷാഭിത്തികൾ നിർമ്മിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും അവയിലേക്കുള്ള വഴികളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികളും മുന്നോട്ട് പോകുന്നു. കുടിവെള്ളസ്രോതസ്സുകൾ വൃത്തിയാക്കി ക്ലോറിനേഷൻ അടക്കമുള്ള ജല ശുചീകരണം അടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നു.
എക്സൈസ് വകുപ്പ്
സ്കൂളിൻറെ സമീപ പ്രദേശങ്ങളിലുളള കടകൾ, ചെറുവ്യാപാര സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ച് ലഹരി വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ വകുപ്പ് കൈക്കൊള്ളും.
സ്കൂൾതല ജനജാഗ്രത സമിതിയുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും.
എക്സൈസ് വകുപ്പിൻറെ ആഭിമുഖ്യത്തിലുളള ബോധവത്ക്കരണ പരിപാടികൾ സമയബന്ധിതമായി പൂർത്തിയാക്കും.
റിഹാബിലിറ്റേഷൻ, റഫറൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തി സ്കൂളുകൾക്ക് സഹായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
ആഭ്യന്തര വകുപ്പ്
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപനയും തടയുന്നതിനും സ്കൂൾ കാമ്പസും പരിസരവും ലഹരിമുക്തമാക്കുന്നതിനുളള സഹായങ്ങൾ ലഭ്യമാക്കുന്നു.
തിരക്കുളള റോഡ്, നിരത്തുകളിൽ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനുളള സംവിധാനം ഒരുക്കും.വിദ്യാലയങ്ങൾക്ക് സമീപം ട്രാഫിക്സൈൻബോർഡുകൾ ഇല്ലെങ്കിൽ അവ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കും.സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുളള നടപടികൾ സ്വീകരിക്കും.
റെയിൽ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജീവനക്കാർക്കും അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കും. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
ഗതാഗതവകുപ്പ്
സ്കൂൾബസ്സുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചു വരികയാണ്.
സ്കൂൾ ബസ് ഡ്രൈവർമാർക്കുളള ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുന്നു.
സ്കൂൾ ബസ്സിൽ അമിതമായി കുട്ടികളെ കയറ്റി യാത്ര നടത്തുന്ന പ്രവണത ഒഴിവാക്കുന്നതിനുളള പരിശോധന നടത്തും.
ജലഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ടുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും, ഓരോ ബോട്ടുകളുടെയും ക്ഷമത അനുസരിച്ചുളള യാത്രക്കാരെ മാത്രം പ്രവേശിപ്പിക്കുന്നുളളു എന്നും ഉറപ്പുവരുത്തും.
വൈദ്യൂതി വകുപ്പ്
സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യൂത പോസ്റ്റുകൾ, വൈദ്യൂത കമ്പികൾ എന്നിവ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കും.
അദ്ധ്യയനത്തിന് തടസ്സം വരാതെയുളള വൈദ്യൂതി ലഭ്യത ഉറപ്പാക്കും.
ദുരന്തനിവാരണ വകുപ്പ്
ദുരന്തനിവാരണ വകുപ്പ് നടപ്പിലാക്കുന്ന ബോധവത്ക്കരണ പരിപാടികൾ സ്കൂളുകളിൽ സമയബന്ധിതമായി പൂർത്തിയാക്കും.
ദുരന്ത ലഘൂകരണത്തിന് മതിയായ പരിശീലനം കുട്ടികൾക്കും ജീവനക്കാർക്കും ലഭ്യമാക്കും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും കൂടി ഉൾപ്പെടുത്തി ڇമോക്ക് ഡ്രിൽڈ പരിശീലനം നടപ്പിലാക്കും.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുളള പ്രദേശങ്ങളിലെ സ്കൂളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ നടത്തും.
വനിതാ ശിശുവികസന വകുപ്പ്
നിലവിൽ 1012 പൊതുവിദ്യാലയങ്ങളിലാണ് വനിതാശിശുവികസന വകുപ്പ് സ്കൂൾ കൗൺസിലർമാരെ നിയമിച്ചിട്ടുളളത്. ഇവരുടെ സേവനം കൂടുതൽ വിദ്യാലയങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കും. ഓരോ ബ്ലോക്കിലും പ്രവർത്തിക്കുന്ന പാരൻറിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും നൽകുന്നതിനുളള നടപടികൾ സ്വീകരിക്കും.
വിഷമകരമായ സാഹചര്യങ്ങളിൽപ്പെടുന്ന കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുമുളള പദ്ധതി കൂടുതൽ സ്കൂളുകളിൽ നടപ്പിലാക്കുന്നതിനുളള സഹായങ്ങൾ ലഭ്യമാക്കും.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കുവേണ്ട ബോധവത്ക്കരണവും പുനരധിവാസവും സാദ്ധ്യമാക്കുന്ന ڇകാവൽ, കാവൽ പ്ലസ്ڈ പദ്ധതികളെ സംബന്ധിച്ച് ബോധവത്ക്കരണം നൽകും.
ജലവിഭവ വകുപ്പ്
സ്കൂളുകളിൽ ലഭ്യമാക്കുന്ന കുടിവെളളത്തിൻറെ ഗുണ നിലവാരം ഉറപ്പുവരുത്തും.ഒട്ടുമിക്ക പൊതുവിദ്യാലയങ്ങളും ജലവിഭവ വകുപ്പ് ലഭ്യമാക്കുന്ന ജലത്തെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ അദ്ധ്യയന ദിവസങ്ങളിൽ മുടക്കമില്ലാതെ ജലവിതരണം സാദ്ധ്യമാക്കും.
പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ്
ട്രൈബൽ മേഖലയിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുളള ഗോത്രസാരഥി പോലുളള പദ്ധതികൾ നടപ്പിലാക്കും.
ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് അദ്ധ്യയനം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നുളള ബോധവത്ക്കരണ പരിപാടികൾ സജീവ പങ്കാളിത്തമുളള പരിപാടികൾ സംഘടിപ്പിക്കും.വിദ്യാഭ്യാസത്തിൻറെ പ്രാധാന്യവും ആവശ്യകതയും രക്ഷകർത്താക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുളള പ്രത്യേക പദ്ധതികൾ തുടരും.
വനംവകുപ്പ്
വന്യമൃഗങ്ങളിൽ നിന്ന് സ്കൂളുകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്നതിനുളള നടപടികൾ സ്വീകരിക്കും.
വന്യമൃഗങ്ങളുടെ പെട്ടന്നുളള ആക്രമണം നേരിടുന്നതിനുവേണ്ടിയുളള ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും.
വനപ്രദേശങ്ങളിലെ സ്കൂളുകളുടെ സമീപത്ത് അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ, ചില്ലകൾ തുടങ്ങിയവ നീക്കം ചെയ്യും.
*അധ്യയന വർഷാരംഭവുമായി ബന്ധപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്
കൈക്കൊണ്ട നടപടികൾ*
2023-24 അധ്യയന വർഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. (തീയതി.15/05/2023). കുട്ടികളുടെ സുരക്ഷ, സ്കൂൾ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകർതൃ ബോധവൽകരണങ്ങൾ, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സർക്കുലറിൽ പ്രതിപാദിച്ചിട്ടുണ്ട്.
പ്രവേശനോത്സവം
പ്രവേശനോത്സവത്തോടുകൂടിയാണ് എല്ലാ വിദ്യാലയങ്ങളിലും അധ്യയന വർഷം ആരംഭിക്കുന്നത്. സ്കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിൻകീഴ് സ്കൂൾ സമുച്ചയത്തിൽവെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. കാട്ടാക്കട എം.എൽ.എ ശ്രീ.ഐ.ബി.സതീഷിൻറെ അധ്യക്ഷതയിൽ സംഘാടക സമിതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-സ്കൂൾതലങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരി വിരുദ്ധ ക്യാമ്പയിൻ
സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി ജില്ലാതല സമിതിയും അതിനെ തുടർന്ന് വാർഡ്തല സമിതിയും രൂപീകരിക്കുകയുണ്ടായി. സ്കൂൾ തല ജനജാഗ്രത സമിതിയിൽ പി.ടി.എ പ്രസിഡൻറ് അധ്യക്ഷനും പ്രിൻസിപ്പാൾ/പ്രധാനാധ്യാപകൻ കൺവീനറായും പ്രവർത്തിക്കുന്നു. ക്യാമ്പയിൻറെ ഭാഗമായി എല്ലാ സ്കൂളുകളും ലഹരിവിരുദ്ധ കർമ്മ പദ്ധതികൾ തയ്യാറാക്കിയിരുന്നു.
പുകയില/മദ്യ/ലഹരിമുക്ത ഭവനം, ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത ഗ്രാമം, ലഹരിമുക്ത നവകേരള ക്യാമ്പയിൻറെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ ബാഡ്ജ്
പരിശീലനപരിപാടിയുടെ ഭാഗമായി എല്ലാജില്ലകളിലും പരമാവധി കുട്ടികൾക്ക് പ്രൊഫിഷ്യൻസി ബാഡ്ജ് പരിശീലനം നൽകിയിട്ടുണ്ട്. ലഹരിബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഒന്നായ കാവലാൾ എന്ന പരിപാടിയുടെ ഭാഗമായി 1394 ഹയർസെക്കൻററി എൻ.എസ്.എസ്.യൂണിറ്റുകളും ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എക്സൈസ് വകുപ്പിൻറെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചിട്ടുണ്ട്. څയെല്ലോലൈൻ ക്യാമ്പയിൻچ, ആരോഗ്യവകുപ്പുമായി ചേർന്ന് ക്യാമ്പസുകളിൽ സ്ഥാപിച്ചിട്ടുളള څഹെൽത്ത് ടിപ്പ്چ ബോർഡിൽ ബോധവൽക്കരണ സന്ദേശങ്ങൾ, ഫ്ളാഷ് മോബുകൾ എന്നിവ ഇതിൻറെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
സ്കൂൾ പരിസരത്തെ ലഹരിവസ്തുക്കളെ സംബന്ധിച്ചുളള പരാതികളും, കുറ്റകൃത്യങ്ങൾ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സൗകര്യം ചെയ്തിട്ടുണ്ട്. കൂടാതെ ലഹരി ഉപയോഗംമൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും, പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനുളള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലാതലത്തിലും, സ്കൂൾ തലത്തിലും രൂപീകരിച്ച ജനജാഗ്രതാ സമിതികൾ ഈ അദ്ധ്യയന വർഷം കൂടുതൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അദ്ധ്യാപകർക്കും അതിലൂടെ കുട്ടികൾക്കും ബോധവൽക്കരണം നൽകുന്നതിൻറെ ഭാഗമായി നവചേതന മൊഡ്യൂൾ കേരളത്തിൻറെ സാഹചര്യത്തിനനുസരിച്ച് അനുരൂപീകരിച്ച് പരിശീലനം നൽകുന്നതിന് ആലോചനകൾ എസ്.സി.ഇ.ആർ.ടി യുമായി നടന്നുവരുന്നു.
ആദ്യഘട്ടത്തിൽ ഏതാനും ജില്ലകളിലെ അദ്ധ്യാപകരെ ഉൾപ്പെടുത്തി പരിശീലനമാണ് നടപ്പിലാക്കുന്നത്. എക്സൈസ്, പോലീസ്, വനിതാ ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യം, വിമുക്തി മിഷൻ എന്നിവരുടെ സഹകരണത്തോടെ ആയിരിക്കും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ഓരോ ജില്ലയിൽ നിന്നും 10 വീതം സ്കൂളുകളെ തിരഞ്ഞെടുത്ത് ഈ സ്കൂളുകളിലും പ്രദേശത്തും കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങൾക്കും ലഹരിവിരുദ്ധ പദ്ധതികൾക്കും ഊന്നൽ നൽകി പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപ നീക്കി വച്ചിട്ടുളളതും ആയത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയുക്തമാക്കുന്നതുമാണ്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പി.ടി.എ, മദർ പി.ടി.എ യോഗങ്ങൾ വിളിച്ചു കൂട്ടി രക്ഷകർത്തൃ ബോധവൽക്കരണം നടപ്പിലാക്കുന്നതിനും ആലോചനയുണ്ട്.
നിലവിൽ വിമുക്തി മിഷൻറെ ആഭിമുഖ്യത്തിൽ 14 റിഹാബിലിറ്റേഷൻ സെൻററുകളും സാമൂഹ്യ നീതി വകുപ്പിൻറെ നിയന്ത്രണത്തിലുളള 2 റീഹാബിലിറ്റേഷൻ സെൻററും ഉൾപ്പെടെ 16 സെൻററുകളും, കൂടാതെ എൻ.ജി.ഒ മുഖേന നടത്തുന്ന സെൻററുകളുടെ സേവനവും കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിൽ ലഭ്യമാക്കുന്നതിനുളള ചർച്ചകൾ നടന്നുവരുന്നു.
ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിലുളള അഡോളസെൻറ്സ് സെൻററുകളുടെ സേവനവും കുട്ടികൾക്ക് പ്രയോജനപ്രദമാക്കുന്നവിധം ആരോഗ്യവകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കും.
ശുചിത്വ വിദ്യാലയം
കുട്ടികളിൽ ശുചിത്വ ശീലവും, ശുചിത്വബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങൾ ആക്കിമാറ്റാനും സഹായകമായ ക്യാമ്പയിൻ ആണ് څശുചിത്വവിദ്യാലയം ഹരിതവിദ്യാലയം ക്യാമ്പയിൻ . വരുന്ന മൂന്ന് വർഷം കൊണ്ട് സ്കൂൾ കുട്ടികളിൽ ശുചിത്വം സംബന്ധിച്ച ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാൻ ഈ ക്യാമ്പയിൻ വഴി കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനം ഈ ക്യാമ്പയിൻറെ ലക്ഷ്യങ്ങൾ സാർത്ഥകമാക്കുന്നതിന് അനിവാര്യമാണ്.
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ ഈ ക്യാമ്പയിൻറെ ഭാഗമായി ചില പ്രവർത്തനങ്ങൾ നടത്താം. കഴിയുന്നതും വേഗം വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, പി.ടി.എ അംഗങ്ങളും ചേർന്ന് പരിശോധന നടത്താൻ ഈ ചെക്ക്ലിസ്റ്റ് സഹായകമാകും. പരിശോധനയിൽ കണ്ടെത്തുന്ന പോരായ്മകൾ പരിഹരിച്ച് പ്രവർത്തനങ്ങളും, സൗകര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഈ പരിശോധനയിൽ ആരോഗ്യവകുപ്പിൻറെ പ്രതിനിധിയായി ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ, ടെക്നിക്കൽ അസിസ്റ്റൻറ്, ജില്ലാസ്കൂൾ ഹെൽത്ത് കോ-ഓർഡിനേറ്റർ എന്നിവരും, ബ്ലോക്ക്തലത്തിൽ ഹെൽത്ത് സൂപ്പർവൈസർ , പബ്ലിക്ഹെൽത്ത് നേഴ്സിംഗ് സൂപ്പർവൈസർ എന്നിവരും പഞ്ചായത്ത് തലത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ , പബ്ലിക് ഹെൽത്ത് നേഴ്സ്, സ്കൂൾഹെൽത്ത് നേഴ്സ് എന്നിവരുടെ പങ്കാളിത്തം ഉണ്ടാകാൻ ശ്രദ്ധിക്കണം.
സാധാരണഗതിയിൽ നോക്കാറുളള കെട്ടിടങ്ങളുടെ സുരക്ഷ, സ്കൂൾ കാമ്പസ് ശുചിത്വം എന്നിവയോടൊപ്പം ഈ ചെക്ക്ലിസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്ന ആരോഗ്യ സൂചകങ്ങൾകൂടി പരിശോധിക്കേണ്ടതുണ്ട്.
പരിശോധനയ്ക്ക് ആവശ്യമായ ചെക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യ സൂചകങ്ങൾ
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
വിദ്യാലയങ്ങളിൽ കുടിവെളളത്തിനായി സ്ഥാപിച്ചിട്ടുളള വാട്ടർഫിൽട്ടർ/പ്യൂരിഫയർ/സിസ്റ്റം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.
വിദ്യാലയത്തിലെ കുടിവെളള സ്രോതസ്സുകളിൽ നിന്ന് ജലം ശേഖരിച്ചു ഗുണനിലവാര പരിശോധന നടത്തി, ഫലം തൃപ്തികരമാണെന്ന് ഉറപ്പാക്കണം. ഗുണനിലവാരം തൃപ്തികരമല്ലെങ്കിൽ, ക്ലോറിനേഷനോ മറ്റ് ഉചിതമായ ജലശുദ്ധീകരണ മാർഗ്ഗങ്ങളോ നടപ്പിലാക്കിയശേഷം വീണ്ടും പരിശോധന നടത്തണം.
കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയ്ലറ്റുകൾ ഉണ്ടെന്നും അവ വൃത്തിയായി പരിപാലിക്കപ്പെടുന്നുണ്ട് എന്നും ഉറപ്പുവരുത്തണം.
ശാസ്ത്രീയമായ മാലിന്യസംസ്കരണം ഉറപ്പാക്കണം. വിദ്യാലയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഖര, ദ്രവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുളള സംവിധാനങ്ങൾ ഉണ്ടെന്നു ഉറപ്പാക്കണം.
ഉച്ചഭക്ഷണം തയ്യാറാക്കപ്പെടുന്ന സ്കൂളുകളിൽ അവ തയ്യാറാക്കുന്നതിനുളള അരിയും മറ്റു വസ്തുക്കളും വൃത്തിയായി സൂക്ഷിക്കാനുളള സൗകര്യമുണ്ട് എന്ന് ഉറപ്പുവരുത്തണം.
ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്നു ഉറപ്പുവരുത്തണം.
അടുക്കള, ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ വൃത്തിയുണ്ടെന്ന് ഉറപ്പുവരുത്തണം.
സ്കൂൾ പരിസരത്ത് സമീപപ്രദേശങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കണം.
സ്കൂൾ പരിസരത്തും സമീപപ്രദേശങ്ങളിലും സിഗരറ്റ്, മദ്യം, മറ്റു ലഹരിവസ്തുക്കൾ എന്നിവയുടെ വിൽപന നടക്കുന്നില്ലയെന്ന് ഉറപ്പാക്കണം.
വിദ്യാലയത്തിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ട് എന്ന് ഉറപ്പാക്കണം.
നിയമപ്രകാരമുളള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം.
സാനിറ്റേഷൻ & ഹൗസ് കീപ്പിംഗ് കമ്മിറ്റി രൂപീകരിച്ചു മാസത്തിലൊരിക്കൽ സ്കൂൾ പരിസരം പരിശോധിച്ചു മേൽപ്പറഞ്ഞ കാര്യങ്ങൾ ഉറപ്പാക്കണം.
ജൂൺ 5 എല്ലാ വിദ്യാലയങ്ങളും څവലിച്ചെറിയൽ മുക്തവിദ്യാലയങ്ങളായിچ പ്രഖ്യാപിക്കാൻ കഴിയണം. കേവല പ്രഖ്യാപനം എന്നതിലുപരി കുട്ടികളാരുംതന്നെ ക്യാമ്പസിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിനു കുട്ടികളെ സജ്ജമാക്കാനുമുള്ള നടപടികളാണ് ഉദേശിക്കുന്നത്.
ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ
കായിക മികവ് പ്രകടമാക്കാനുള്ള വേദികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കുവാനും അവരുടെ കഴിവ് കാഴ്ച വയ്ക്കുന്നതിനും സഹായകമാകുന്ന രീതിയിൽ ഉൾച്ചേർന്നുള്ള അവസരം വിദ്യാലയങ്ങളിൽ ഒരുക്കേണ്ടതുണ്ട്. ഇത്തരം കുട്ടികൾക്ക് കായിക മത്സരങ്ങൾ നടത്തേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ നിർമ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. പൊതുവിദ്യാലയങ്ങളിലെ എല്ലാ വിഭാഗം കുട്ടികൾക്കും അവസരം ഒരുക്കുംവിധം കായിക മത്സരങ്ങളുടെ ഉള്ളടക്കം പുനഃസംവിധാനം ചെയ്യേണ്ടതിൻറെ ആവശ്യകത നിലനിന്നിരുന്നു. അവസരസമത്വവും തുല്യതയും ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി നിലവിലുള്ള സ്കൂൾ സ്പോർട്സ് മാന്വൽ വിശദമായി പരിശോധിച്ചപ്പോൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഇത് പൂർണ്ണമായും അനുയോജ്യമല്ലായെന്ന് തിരിച്ചറിഞ്ഞു. നിലവിലുള്ള സംസ്ഥാന സ്കൂൾ സ്പോർട്സ് മാന്വൽ പ്രകാരം നടന്നു വരുന്ന കായിക ഇനങ്ങളെയെല്ലാം അനുരൂപീകരണം നടത്തിയും വിവിധ കാറ്റഗറിയിൽപ്പെട്ട പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അനുയോജ്യമാംവിധം രൂപകല്പന ചെയ്തും എല്ലാപേർക്കും പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള പുതിയ കായിക ഇനങ്ങൾ ഉൾച്ചേർത്തുമാണ് ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്.
ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തി വരുന്ന മത്സരങ്ങളുടെ ഇനങ്ങളും ഇതിൻറെ ഭാഗമായി പരിഗണിച്ചിട്ടുണ്ട്. അന്തർദേശീയ തലത്തിൽ തന്നെ പൊതുവായി അംഗീകരിക്കപ്പെട്ട ഇൻക്ലൂസീവ് സ്പോർട്സ് ക്ലാസ്സിഫിക്കേഷൻറെ അടിസ്ഥാനത്തിൽ കേരളത്തിൻറെ സാഹചര്യങ്ങൾക്ക് അനുസൃതമായ രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. അന്തർദേശീയ തലത്തിൽ നടക്കുന്ന പാരാലിംബിക്സ്, ഡ്വാർഫ് ഗെയിംസ്, സ്പെഷ്യൽ ഒളിംബിക്സ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവ കൂടി പരിഗണിച്ചാണ് ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്.
ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ ഒരു പ്രത്യേക മാന്വൽ ആയല്ല മറിച്ച് കേരള സ്കൂൾ സ്പോർട്സ് മാന്വലിൻറെ ഭാഗമായി ആയിരിക്കും അനുവർത്തിക്കുക. മാന്വലിന് സർക്കാർ അനുമതി ലഭിക്കുന്ന പക്ഷം കായിക അദ്ധ്യാപക പരിശീലനം വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനവും നടപ്പിലാക്കും.
ബഡ്സ് സ്കൂൾ രജിസ്ട്രേഷൻ
സാമൂഹ്യനീതി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ , രജിസ്ട്രേഷൻ പുതുക്കൽ എന്നിവ സാമൂഹ്യനീതി വകുപ്പാണ് നടപ്പിലാക്കിവരുന്നത്. 18 വയസ്സിൽ താഴെ പ്രായമുള്ള 20 കുട്ടികളുള്ള സ്ഥാപനങ്ങൾ, ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സെൻററുകൾ, പദ്ധതികൾ എന്നിവ രജിസ്റ്റർ ചെയ്യുന്നതിനും രജിസ്ട്രേഷൻ പുതുക്കുന്നതിനുമുള്ള പൊതുമാർഗ്ഗ നിർദ്ദേശം സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
2023 മെയ് 10 ലെ സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളുകൾക്ക് ഒരു നിശ്ചിത തുക ഗ്രാൻറായി നൽകാവുന്നതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സ്കൂളുകളിൽ 18 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ഇല്ലെങ്കിലും ഈ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് സാമൂഹ്യ സുരക്ഷയുടെ ഭാഗമായതിനാൽ പ്രസ്തുത സ്ഥാപനങ്ങൾക്കും പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ധന സഹായത്തിൻറെ (സ്പെഷ്യൽ സ്കൂൾ പാക്കേജ്) ഭാഗമായി അനുവദിക്കുന്ന തുക പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്കും, കുട്ടികൾക്ക് തെറാപ്പി സൗകര്യങ്ങൾക്കുമായി ഉപയോഗിക്കേണ്ടതാണ്.
പ്രവേശനോത്സവ ഗീതം* – 2023
ഈ വർഷത്തെ പ്രവേശനോത്സവഗീതം റിലീസ് ചെയ്യുകയാണ്. മുരുകൻ കാട്ടാക്കടയാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിജയ് കരുൺ സംഗീതം നൽകി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.