പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന സ്റ്റാർസ്ന്റെ (ടീച്ചിംഗ് ലേണിംഗ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്) മാതൃക പ്രീപ്രൈമറി പദ്ധതിയാണ് വർണകൂടാരം. അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീസ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ശിശുസൗഹൃദ ഫർണീച്ചറുകൾ, ഔട്ട്ഡോർ പ്ലേ മെറ്റീരിയൽസ്, ആകർഷക ചുവർ ചിത്രങ്ങൾ തുടങ്ങിയ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ട ഘടകങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് തയാറാക്കിയിട്ടുള്ളത്.
വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷ വികാസ ഇടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ് (കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്ക്കാരയിടം), ആട്ടവും പാട്ടും, ശാസ്ത്രനുഭവങ്ങൾക്കുള്ള ഇടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമാണയിടം, കരകൗശലയിടം, e-ഇടം, കളിയിടം(അകം-പുറം) എന്നിങ്ങനെ കുട്ടികളുടെ വികാസ മേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ 13 പ്രവർത്തന ഇടങ്ങളാണ് വർണക്കൂടാരം പദ്ധതിയിൽ തയാറാക്കിയിട്ടുള്ളത്.
ഭിന്നശേഷി, പരിസ്ഥിതി സൗഹൃദ ഇടങ്ങളായിരിക്കും വർണകൂടാരം. നിലവിൽ 650 ലധികം സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതി ഘട്ടം ഘട്ടമായി മുഴുവൻ അംഗീകൃത പ്രീപ്രൈമറി സ്കൂളുകളിലും നടപ്പിലാക്കും.