ശാസ്ത്രീയ പ്രീ- സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതു വിദ്യാലയങ്ങളുടെ മുഖഛായ തന്നെ മാറ്റുന്ന പ്രവർത്തനമാണ് സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതി.സംസ്ഥാനതലത്തിൽ തിരുവല്ലം ഗവ. എൽ.പി.സ്കൂളിൽ വർണ്ണക്കൂടാരം നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രവർത്തനം ആരംഭിച്ചു.
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് ‘ വർണക്കൂടാരം ‘ മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ.
കളികളിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ശിശു വികാസ മേഖലകളിലെ ശേഷികൾ ഉറപ്പാക്കുകയും ചെയ്യുന്ന ശാസ്ത്രീയ പ്രീ സ്കൂൾ വിദ്യാഭ്യാസ രീതിയാണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ – പ്രൈമറി സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂൾ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് . കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസയിടം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങൾ (ആക്ടിവിറ്റി ഏരിയകൾ )ആണ് ഓരോ സ്കൂളിലും വർണ്ണക്കൂടാരത്തിലൂടെ സജ്ജമാക്കുന്നത്. ഈ വർഷം 44 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തെ 440 പ്രീ- പ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ നിർമാണം പൂർത്തിയാകുമ്പോൾ പ്രീ -പ്രൈമറി സ്കൂളുകളുടെ എണ്ണം 650 ആയി ഉയരും.