സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി നേരിട്ട് കണ്ടു വിലയിരുത്താൻ ഡൽഹി സർക്കാർ അയച്ച സംഘം കേരളത്തിൽ
വിദ്യാഭ്യാസ കാര്യത്തിൽ ഡൽഹി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സംഘത്തോട് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്താൻ ഡൽഹിസർക്കാർ അയച്ച സംഘം കേരളത്തിൽ. 32 അംഗ സംഘമാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. അധ്യാപകരും എസ് സി ഇ ആർ ടി പ്രതിനിധികളും അടങ്ങുന്നതാണ് സംഘം.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി സംഘം ചർച്ച നടത്തി. വിദ്യാഭ്യാസ കാര്യത്തിൽ ഡൽഹി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കോവിഡ് കാലത്ത് ഡിജിറ്റൽ – ഓൺലൈൻ വിദ്യാഭ്യാസവും പൊതുപരീക്ഷകളും വിജയകരമായി നടത്തിയതിനെ കുറിച്ച് സംഘം മന്ത്രിയോട് ചോദിച്ചറിഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയതിനെ കുറിച്ചും സംഘം ആരാഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയുടെ വിശദ വിവരങ്ങളും സംഘം തേടി. ഡൽഹിയിൽ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളെ കുറിച്ചും മന്ത്രി സംഘവുമായി ആശയവിനിമയം നടത്തി.
സംസ്ഥാനത്തെ എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് അടങ്ങുന്ന പ്രതിനിധികളുമായും ഡൽഹി സംഘം ചർച്ച നടത്തി. ഗവ യു.പി സ്കൂൾ നേമം,നെയ്യാറ്റിൻകര ജൂനിയർ ബേസിക് സ്കൂൾ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. നെയ്യാറ്റിൻകര ജൂനിയർ ബേസിക് സ്കൂൾ പി.ടി.എ പ്രതിനിധികളുമായി സംഘം ചർച്ച നടത്തി. നെയ്യാറ്റിൻകര മുൻസിപ്പൽ ജനപ്രതിനിധികളുമായും സംസാരിച്ചു.
നാളെ തിരുവനന്തപുരം ഡയറ്റ്, ഗവ എൽ പി എസ് ഇടയ്ക്കോട് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.