സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികൾക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചു
സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികൾക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചു.
ബോണസ്സ്, ഓണക്കിറ്റ്, എക്സ് ഗ്രേഷ്യാ, ഇൻകം സപ്പോർട്ട് സ്കീം പ്രകാരമാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം 45 കോടി രൂപ അനുവദിച്ചു. കയർ, കൈത്തറി, ഖാദി, ബീഡി ആന്റ് സിഗാർ, മത്സ്യം, ഈറ്റ – പനമ്പ് തുടങ്ങിയ മേഖലകളിലെ 4,47,451 തൊഴിലാളികൾക്കാണ് ഓണക്കാലത്ത് ആനുകൂല്യങ്ങൾ ലഭിക്കുക.
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 2,14,64,000/- രൂപ എക്സ്ഗ്രേഷ്യാ ധനസഹായം അനുവദിച്ചു. 10,732 തൊഴിലാളികൾക്ക് ഈ ഓണക്കാലത്ത് 2000/- രൂപ വീതം എക്സ് ഗ്രേഷ്യാ ധനസഹായം ലഭിക്കും.
ഒരു വർഷമോ അതിലധികമോ ആയി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 3,20,73,450/- രൂപ എക്സ് ഗ്രേഷ്യാ ധനസഹായമായി അനുവദിച്ചു.
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 398 കശുവണ്ടി ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്ക് 2250 രൂപ നിരക്കിൽ ഓണക്കാലത്ത് ധനസഹായം ലഭ്യമാകും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന് അവശതാ പെൻഷൻ വിതരണത്തിനായി 2 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ റേഷൻ കാർഡ് ഉടമകളായ 1,833 കുടുംബങ്ങൾക്ക് ഈ ഓണക്കാലത്ത് 20 കിലോഗ്രാം അരി, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം വെളിച്ചെണ്ണ എന്നിവ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് 19,23,953/- രൂപ അനുവദിച്ചു.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് 2024-25 സാമ്പത്തിക വർഷം അതിവർഷാനുകൂല്യ കുടിശിക വിതരണത്തിനായി പത്തു കോടി രൂപ അനുവദിച്ചു.
കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണത്തിന് വേണ്ടി 50 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് ധനസഹായത്തിന് അപേക്ഷിച്ച 74 അപേക്ഷകർക്ക് ഈ തുക വിതരണം ചെയ്യും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുള്ള സാമൂഹിക സംരക്ഷണ പദ്ധതിക്കായി 4 കോടി രൂപ അനുവദിച്ചു. അസംഘടിത ദിവസ വേതന തൊഴിലാളികൾക്കുള്ള ആശ്വാസ നിധി പ്രകാരം 10 ലക്ഷം രൂപയും അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി പ്രകാരം ഒരു കോടി 75 ലക്ഷം രൂപയും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യങ്ങൾക്കായി 2,15,00,000/- രൂപയും അനുവദിച്ചിട്ടുണ്ട്.
കയർ, കശുവണ്ടി, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിലെ വ്യവസായ ബന്ധ സമിതികൾ യോഗം ചേർന്ന് ആ മേഖലകളിലെ തൊഴിലാളികളുടെ ബോണസ്സും മറ്റാനുകൂല്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 വർഷത്തെ ബോണസ്സ് നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗ നിർദ്ദേശം തൊഴിൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം തൊഴിലാളികൾക്ക് അനുവദിച്ച തുകയിൽ കുറവു വരാത്ത വിധം ബോണസ്സ് അനുവദിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഓണക്കാലത്ത് തൊഴിലാളികൾക്കായി ഇത്രയും തുക അനുവദിച്ചു നൽകിയ ധനകാര്യ വകുപ്പിനെ അഭിനന്ദിക്കുന്നു. റൂൾ 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന തൊഴിലാളികളെ ചേർത്ത് പിടിക്കുന്നത് ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സാമ്പത്തിക പ്രതിസന്ധിയിലും മുൻഗണന ക്രമം അനുസരിച്ച് തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ഓണത്തിന് മുമ്പ് തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ കൈക്കൊണ്ടത്.