സംസ്ഥാനത്ത് വിവിധ എയ്ഡഡ് സ്കൂളുകളിലായി 3025 ഒഴിവുകൾ ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
സംസ്ഥാനത്ത് വിവിധ എയ്ഡഡ് സ്കൂളുകളിലായി 3025 ഒഴിവുകൾ ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റോസ്‌റ്റർ സമർപ്പിക്കേണ്ട 1188 കോർപ്പറേറ്റ് മാനേജർമാരിൽ 826 പേർ സമർപ്പിച്ചു. 4821 വ്യക്തിഗത മാനേജർമാരിൽ 2996 പേർ സമർപ്പിച്ചു.
എയ്ഡഡ് സ്കൂളുകളിൽ നിയമിച്ച 1204 ഭിന്നശേഷി ഉദ്യോഗാർത്ഥികളിൽ 580 പേരെ നിയമിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ എണ്ണം 1040 ഉം അനധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ എണ്ണം 1,09,187 ഉം ആണ്.
ഭിന്നശേഷി നിയമനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. സുപ്രീംകോടതി വിധിക്കനുസൃതമായി ഭിന്നശേഷി നിയമന അംഗീകാരത്തിന് വേണ്ട നടപടികൾ തുടരാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു.