സംസ്ഥാന സ്‌കൂൾ കായികമേള , കലോത്സവം , ശാസ്ത്രോത്സവം തീയതികൾ
സംസ്ഥാന സ്‌കൂൾ കായികമേള
സംസ്ഥാന സ്‌കൂൾ കായികമേള 2024 നവംബർ 4 മുതൽ 11 വരെ എറണാകുളത്തെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ നടക്കും. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 5.00 മണിക്ക് ചടങ്ങുകളോടെ മത്സരങ്ങൾ ആരംഭിക്കും. ഒളിമ്പ്ക്‌സ് മാതൃകയിൽ നടത്തുന്ന മേളയിൽ രാത്രിയിലും മത്സരങ്ങൾ സംഘടിപ്പിക്കും. ഇരുപത്തിനാലായിരം കായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരങ്ങൾ ഉണ്ടാകും. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. എമിറേറ്റ്‌സിൽ കേരള സിലബസ്സിൽ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ കൂടി കായിക മേളയിൽ പങ്കെടുക്കും.
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഏകദേശം 10,000-ത്തോളം മത്സരാർത്ഥികൾ ഈ മേളയിൽ പങ്കെടുക്കും. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളിൽ ആണ് മത്സരം നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണൽ എക്സ്പോയും കരിയർഫെസ്റ്റും നടത്തും.
സംസ്ഥാന സ്‌കൂൾ കലോത്സവം
സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. കലോത്സവത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നി കൂടി മത്സര ഇനമായി അരങ്ങേറും. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.