Regarding the demand for salary revision of pre-primary teachers and nannies

സർക്കാർ സ്കൂളുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയിലെ അധ്യാപകരുടെയും ആയമാരുടെയും വേതനം പരിഷ്കരിക്കണമെന്ന ആവശ്യം സംബന്ധിച്ച് ശ്രീ.പി.സി.വിഷ്ണുനാഥ് എം.എൽ.എ. 15.10.2024 ന് ഉന്നയിച്ചിട്ടുള്ള സബ്മിഷനുള്ള മറുപടി

സംസ്ഥാനത്ത്‌ സർക്കാർ സ്കൂളുകളോട്‌ അനുബന്ധിച്ച്‌ പിടിഎയുടെ നിയന്ത്രണത്തിൽ 2686 പ്രീ-പ്രൈമറി സ്കൂളുകൾ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്‌. 03/02/21 ലെ സർക്കാർ ഉത്തരവ്‌ പ്രകാരം അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്ന പത്തുവർഷത്തിനു മുകളിൽ സേവന കാലയളവുള്ള പ്രീ പ്രൈമറി അധ്യാപകർക്ക്‌ 12500/- രൂപയും ആയമാർക്ക്‌ 7500/- രൂപയും പത്തു വർഷത്തിന്‌ താഴെ സേവനകാലയളവുള്ള പ്രീ പ്രൈമറി അധ്യാപകർക്ക്‌ 12000/- രൂപയും ആയമാർക്ക്‌ 7000/- രൂപയും അനുവദിച്ചു ഉത്തരവായിരുന്നു. കൂടാതെ 07/09/17 ലെ സർക്കാർ ഉത്തരവ്‌ പ്രകാരം പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും 15 ദിവസത്തെ ആകസ്മിക അവധിയും ആറു മാസത്തെ പ്രസവാവധിയും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്ക്‌ പ്രത്യേക ആകസ്‌മിക അവധിയും അനുവദിച്ചിട്ടുണ്ട്.
സർക്കാർ എയ്ഡഡ്‌ വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർ ആയമാർ എന്നിവരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച്‌ നിലപാട്‌ രൂപീകരിക്കുന്നതിനായി സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടറെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിനായി 21/08/21 ലെ സർക്കാർ ഉത്തരവ്‌ പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളിലെ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്‌ധർ എന്നിവർ ഉൾപ്പെട്ട 12 അംഗ സമിതി രൂപീകരിച്ചു.
പ്രീ പ്രൈമറി അധ്യാപിക യോഗ്യതയ്ക്ക്‌ കെൽട്രോൺ നടത്തുന്ന കോഴ്‌സ്‌ പരിഗണിക്കുന്നത്‌, 2012ന്‌ ശേഷം സർക്കാർ അംഗീകാരമില്ലാതെ നിയമിച്ച പ്രീ സ്കൂളുകളുടെ ഭാഗമായി മാറിയ അധ്യാപകരുടെയും ആയമാരുടെയും വിഷയങ്ങൾ, നിലവിൽ 60 വയസ്സ്‌ കഴിഞ്ഞ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത്‌, എന്നിവ ഉൾപ്പെടുത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിച്ചതിനെത്തുടർന്ന്‌ 22/01/22 ലെ സർക്കാർ ഉത്തരവ്‌ പ്രകാരം നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ തയ്യാറാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്‌ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപക പരിശീലന സ്ഥാപനങ്ങൾക്ക്‌ മാത്രമേ അംഗീകാരം നൽകാൻ കഴിയു എന്നും, 07/12/12 ന്‌ ശേഷം പിടിഎ നിയമിച്ച പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകേണ്ടതില്ല എന്നും ഉത്തരവായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020-ൽ, 3 വയസ്സു മുതൽ 18 വയസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നതിനെ സംബന്ധിച്ച്‌ പരാമർശിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായും സംസ്ഥാനത്ത്‌ നടപ്പിലാക്കുമ്പോൾ മാത്രമെ പിടിഎ നടത്തുന്ന പ്രിപ്രൈമറി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പൂർണ്ണ തോതിൽ നടപ്പിലാക്കുവാൻ കഴിയുകയുള്ളൂ എന്നു വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം 2020 അതേപടി സംസ്ഥാനത്തു നടപ്പാക്കാൻ സർക്കാർ ഉദ്യേശിക്കുന്നില്ല.
എന്നാൽ പ്രീ-പ്രൈമറി ജീവനക്കാരുടെ വിവിധ വിഷയങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിനായി സർക്കാർ, എയ്ഡഡ്‌ മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാരുടെ യോഗ്യത, നിയമന രീതി, ശമ്പള നിരക്ക്‌, പ്രായ പരിധി, വിരമിയ്ക്കൽ പ്രായം, അച്ചടക്ക നടപടി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി വിശദമായ പ്രൊപ്പോസൽ വകുപ്പ്തലത്തിൽ തയ്യാറാക്കിവരുന്നു. സ്പെഷ്യൽ റൂളിന്റെ ആവശ്യകത സംബന്ധിച്ചും പ്രസ്തുത ശിപാർശയിൽ പരിശോധിക്കുന്നുണ്ട്.