Reply to Submission

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 304-ാം ചട്ടപ്രകാരം ബഹു. നെന്മാറ എം.എൽ.എ. ശ്രീ. കെ. ബാബു ഉന്നയിച്ച 14/10/2024ലെ സബ്മിഷനുള്ള മറുപടി
വിഷയം: “മോട്ടോർ തൊഴിലാളി ക്ഷേമനിധിയിലെ ഉടമസ്ഥ വിഹിതം അടയ്ക്കുന്നതിലെ കാലാതാമസം കാരണം ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണത്തിലുണ്ടാവുന്ന തടസ്സങ്ങൾ സംബന്ധിച്ച്”

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്കും, ഉടമകൾക്കും ബോർഡിന്റെ kmtwwfb.org എന്ന വെബ് സൈറ്റിലെ ഓൺലൈൻ പേയ്മെന്റ് ലിങ്ക് വഴി പേയ്മെന്റ് ഗേറ്റ് വേ മുഖേനയും, കേരളത്തിലെ എല്ലാ അക്ഷയ/ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിലൂടെയും, ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖാന്തരവും, കൂടാതെ സൗത്ത് ഇന്ത്യൻ ബാങ്ക് കൗണ്ടർ മുഖേന നേരിട്ട് ഇ-പേയ്മെന്റ് വഴിയും, മൊബൈൽ ആപ്പ് ഉപയോഗിച്ചും ക്ഷേമനിധി വിഹിതം ഒടുക്കുവരുത്തുന്നതിനുള്ള സൗകര്യം നിലവിലുണ്ട്. കൂടാതെ ജില്ലാ ആഫീസുകളിൽ സ്വൈപ്പിംഗ് മെഷീനുകൾ വഴിയും തുക ഒടുക്കാവുന്നതാണ്.
സർവർ തകരാറിലായിരുന്ന 2023 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള വളരെ ചെറിയ കാലയളവിൽ മാത്രമാണ് ഉടമാ-തൊഴിലാളി വിഹിതം ഒടുക്കുന്നതിന് തടസ്സം നേരിട്ടിരുന്നത്. ടി കാലയളവിലും ജില്ലാ ഓഫീസുകളിലെ സ്വൈപ്പിംഗ് മെഷീൻ സംവിധാനം വഴി ക്ഷേമനിധി വിഹിതം ഒടുക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ ഓട്ടോ/ടാക്സി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും ക്യാമ്പ് സിറ്റിംഗിലൂടെയും ജീവനക്കാർ തൊഴിലാളികളിൽ നിന്നും സ്വൈപ്പിംഗ് മെഷീൻ വഴി ക്ഷേമനിധി സമാഹരണം നടത്തുകയും ചെയ്തിരുന്നു. ആയത് നിലവിലും തുടർന്നു വരുന്നു. നിലവിൽ ഉടമാ വിഹിതം ഒടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. ക്ഷേമനിധി ഉടമാ വിഹിതം ഒടുക്കാൻ പറ്റാത്ത കാരണത്താൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട സാഹചര്യം നിലവിലില്ല.