സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ക്ലാസ് റൂം പഠനത്തിന് അക്കാദമിക കലണ്ടറിന് അനുസൃതമായി നിശ്ചിത സമയം ഉറപ്പുവരുത്തുക, സ്‌കൂൾ എസ്.ആർ.ജി.കൾ വഴി സമയബന്ധിതമായ അക്കാദമിക പ്രവർത്തനം പ്ലാൻ ചെയ്യുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കുക, ഭിന്നശേഷി കുട്ടികൾ, എസ്.സി -എസ്.ടി മേഖലകൾ, പ്രത്യേകത പരിഗണന അർഹിക്കുന്നവർ എന്നിവർക്കുള്ള പദ്ധതികൾ, കൂടുതൽ ശ്രദ്ധ വേണ്ട വിഷയങ്ങൾക്കുള്ള പഠനപരിപോഷണ പരിപാടികൾ നടപ്പിലാക്കുക, നിരന്തര മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുക, കുട്ടികളുടെ സമഗ്ര പഠനപുരോഗതി രേഖ വികസിപ്പിക്കുക, ചോദ്യപേപ്പറുകളുടെ പരിഷ്‌കരണവും വികേന്ദ്രീകരണവും നടപ്പിലാക്കുക എന്നിവ പദ്ധതിയിലുണ്ട്.
സബ്ജക്ട് മിനിമം
2024-25 അക്കാദമിക വർഷം എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസുകളിലും, 2026-27 ൽ 8, 9, 10 ക്ലാസുകളിലും പൊതുപരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് നിരന്തര മൂല്യനിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലെ വർഷാന്ത്യ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും മിനിമം സ്‌കോർ (40 സ്‌കോറിന്റെ എഴുത്തുപരീക്ഷയിൽ 12 സ്‌കോറും 20 സ്‌കോറിന്റെ എഴുത്തുപരീക്ഷയിൽ 6 സ്‌കോറും) ലഭിക്കാത്ത കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ നൽകും.
സബ്ജക്ട് മിനിമം എട്ടാം ക്ലാസ്സിൽ നടപ്പാക്കുമ്പോൾ മിനിമം മാർക്ക് ആർജ്ജിക്കാത്ത കുട്ടികളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിൽ പ്രെമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകേണ്ടതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അധിക പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ 2025 മാർച്ച് 25 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
പാഠപുസ്തകം
2025 -26 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടി, ഡിസംബർ ആദ്യവാരത്തോടെ തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്‌ക്കൂളുകളിലായി ആകെ മൂന്ന് കോടി എൺപത് ലക്ഷം പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്തിട്ടുണ്ട്. നിലവിൽ രണ്ട് കോടി പത്ത് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ചു. ഒരു കോടി അമ്പത് ലക്ഷം പാഠപുസ്തകങ്ങൾ സംസ്ഥാനത്തെ ജില്ലാ ഹബ്ബുകളിലേയ്ക്ക് വിതരണം നടത്തി. എഴുപത്തിയഞ്ച് ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി സൊസൈറ്റികളിൽ എത്തിച്ചു. മേയ് മാസത്തിൽ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തീകരിക്കും. പുതുക്കിയ പത്താംക്ലാസ്സ് പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ്സിലെ പരീക്ഷകൾ കഴിയുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനാവുന്നു എന്നത് തന്നെ വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗം തടയുന്നത് സംബന്ധിച്ച്
വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാംപെയിൻ ഉൾപ്പടെ വിവിധ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കി വരുന്നു. കണ്ടെത്തുക, അറിയിക്കുക, പരിഹാര മാർഗങ്ങൾ നിശ്ചയിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി ഇതിനായി സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി.) തയ്യാറാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കൾ സ്‌കൂൾ ക്യാമ്പസിൽ എത്തുന്നതിനെതിരെ ജാഗ്രത പുലർത്തുന്നതിന് രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതിന് രക്ഷകർത്തൃ ഗ്രൂപ്പുകൾ ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് അവരുടെ അവകാശ സംരക്ഷണത്തിന്റെ കാതലായ പരിരക്ഷ, സുരക്ഷ, പങ്കാളിത്തം എന്നീ ഘടകങ്ങൾ പരിഗണിച്ചുകൊണ്ട് ഒരു കർമ്മ പദ്ധതി സ്‌കൂൾ തലത്തിൽ നടത്തുകയും ചെയ്തിട്ടുണ്ട്.
2024 -25 അക്കാദമിക വർഷത്തിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, മലയാളം, ഉറുദു, അറബി എന്നീ വിഷയങ്ങളിൽ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ ലഹരിയ്ക്കും മയക്കുമരുന്നിനും എതിരായിട്ടുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2025 -26 അക്കാദമിക വർഷം പരിഷ്‌കരിക്കുന്ന വിവിധ വിഷയങ്ങളിലെ പാഠപുസ്തങ്ങളിലും ഈ വിഷയം ഉൾപ്പടുത്തും. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗത്തിലെ ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളിലും ഇത്തരം പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരികൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തിര ആവശ്യമായി മാറിയിട്ടുണ്ട്. മാർച്ച് 30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും യോഗം ചേരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ക്യു.ഐ.പി. യോഗതീരുമാനം
സമഗ്ര ഗുണമേന്മാ പദ്ധതിയുമായി ബന്ധപ്പട്ട് പുറത്തിറക്കിയ ടൈം ഷെഡ്യൂളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്ലാനിലുമുള്ള ചർച്ചകൾക്കുശേഷം ആവശ്യമായ മാറ്റം വരുത്തി പദ്ധതി നടപ്പിലാക്കും. എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക് നടപ്പിലാക്കുമ്പോൾ വർഷാന്ത്യ എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് ആർജ്ജിക്കാത്ത വിദ്യാർത്ഥികൾക്ക് അധിക പിന്തുണ ക്ലാസ്സ് നൽകുന്നതിന് വിരമിച്ച അധ്യാപകരുടേയും ബി.ആർ.സി ട്രെയിനർമാരുടേയും സി.ആർ.സി കോർഡിനേറ്റർമാരുടേയും സേവനം ഉപയോഗപ്പെടുത്തും. ഇത്തവണ 5 ദിവസത്തെ അവധിക്കാല അധ്യാപക പരീശീലനമാണുള്ളത്. മെയ് 13 മുതൽ 17 വരെ ഡി.ആർ.ജി. പരീശീലനവും മെയ് 19 മുതൽ 23 വരെ ഒറ്റ സ്‌പെല്ലായി അധ്യാപക പരിശീലനവും നടത്തും. അധ്യാപക പ്രമോഷനും അന്തർജില്ലാ സ്ഥലമാറ്റവും ജില്ലയ്ക്ക് അകത്തുള്ള സ്ഥലമാറ്റവും ഉൾപ്പെടെ സ്‌കൂൾ തുറക്കുന്നതിനു മുൻപ് നടത്തും. സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പാഠപുസ്തകം ഒഴികെയുള്ള പഠനോപകരണങ്ങൾ സ്‌കൂളിലെ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എൻ.എസ്.എസ്. മാനേജ്മെന്റ് കോടതി വിധി
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച റിട്ട് അപ്പീൽ നം.1602/2022 ന്റെയും അനുബന്ധ കേസുകളുടെയും 2023 മാർച്ച് 13 ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നിർദേശം നമ്പർ 4 പ്രകാരം ഭിന്നശേഷി സംവരണം പൂർണ്ണമായും പാലിക്കപ്പെടുന്നത് വരെയും 2021 നവംബർ 8 നു ശേഷമുണ്ടാകുന്ന ഒഴിവുകളിൽ ദിവസവേതന നിയമനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ സ്ഥിതിയാണ് സംസ്ഥാനത്ത് ഒട്ടാകെ നിലനിൽക്കുന്നത്. എന്നാൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമനങ്ങൾ സംബന്ധിച്ച് നായർ സർവ്വീസ് സൊസൈറ്റി മാനേജ്മെന്റ് സുപ്രീം കോടതിയിൽ ടഘജ(ഇ) നമ്പർ 11373/2024 ഫയൽ ചെയ്യുകയും ആയതിലുള്ള വിധിന്യായം കോടതി 2025 മാർച്ച് 4 ൽ പുറപ്പെടുവിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെ നിയമനത്തിനായി നീക്കി വെച്ചിരിക്കുന്ന ഒഴിവുകൾ ഒഴികെ, മറ്റുള്ള ഒഴിവുകളിൽ നിയമനം നടത്തുവാനും അത്തരം നിയമനങ്ങൾ ക്രമീകരിക്കുവാനുമാണ് വിധിന്യായത്തിൽ കോടതി നിർദേശിച്ചിരിക്കുന്നത്. ആയതിന്റെ അടിസ്ഥാനത്തിലാണ് സ.ഉ(കൈ) 2025 മാർച്ച് 17 ലെ സർക്കാർ ഉത്തരവ് പ്രകാരം നായർ സർവ്വീസ് സൊസൈറ്റി മാനേജ്മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളിൽ നിയമിച്ച ജീവനക്കാരുടെ നിയമനം മറ്റു വിധത്തിൽ ക്രമപ്രകാരമെങ്കിൽ റഗുലർ ശമ്പള സ്‌കെയിലിൽ അംഗീകരിക്കുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. നായർ സർവ്വീസ് സൊസൈറ്റി മാനേജ്മെന്റിന്റെ കീഴിലുള്ള സ്‌കൂളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സമാന യോഗ്യതയുള്ള മറ്റ് മാനേജ്‌മെന്റിലെ സ്‌കൂളിലെ ജീവനക്കാർക്ക് കൂടി സാധ്യമാക്കി പരിഷ്‌കരിക്കണമെന്ന് പൊതുഅഭിപ്രായം എല്ലാ മാനേജ്മെന്റുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷ
എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി. (എച്ച്.ഐ.), റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തൊട്ടാകെ പരീക്ഷാഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി നടക്കും. ക്യാമ്പുകളുടെ പ്രവർത്തനം 2 സ്പെല്ലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 3 മുതൽ 11 വരെ ഒന്നാം സ്പെലും 21 മുതൽ 26 വരെ രണ്ടാം സ്പെലും നടക്കും. 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിൽ 38,42,910 ഉത്തരക്കടലാസ്സുകളാണ് മൂല്യനിർണ്ണയം നടത്തുന്നത്.
മൂല്യനിർണ്ണയം നടത്തുന്നതിനായി ഏകദേശം 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും, 9000 എക്സാമിനർമാരെയും, 72 ഐ.ടി മാനേജർമാരെയും 144 ഡേറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായുള്ള നടപടികൾ ജില്ലാ അടിസ്ഥാനത്തിൽ നടന്നു വരുന്നു. എസ്.എസ്.എൽ.സി മാർച്ച് 2025 പരീക്ഷയുടെ മൂല്യ നിർണ്ണയ ക്യാമ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസഷൻ ക്യാമ്പിന്റെ ആദ്യ ഘട്ടമായി ഭാഷാ വിഷയങ്ങളുടെ സ്‌കീം ഫൈനലെസേഷൻ മാർച്ച് 20 ന് പൂർത്തീകരിച്ചു. രണ്ടാം ഘട്ടമായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത വിഷയങ്ങളുടെ സ്‌കീം ഫൈനലെസേഷൻ മാർച്ച് 28 നും എറണാകുളം എസ് ആർ വി മോഡൽ ഗവ.സ്‌കൂളിൽ നടക്കും. മൂല്യനിർണ്ണയ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ സ്‌കോർഷീറ്റ്, ഫാറങ്ങൾ എന്നിവയുടെ പ്രിന്റിംഗ് പൂർത്തിയായിട്ടുണ്ട്. മാർച്ച് അവസാന വാരം മുതൽ വിതരണം ആരംഭിക്കും.
ഹയർ സെക്കന്ററി
ഹയർസെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാലുവേഷൻ ക്യാമ്പ്- 63, ഡബിൾ വാല്വേഷൻ ക്യാമ്പ് – 26) സജ്ജീകരിച്ചിട്ടുണ്ട്. ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷൻ ഒന്നാം ഘട്ടം മാർച്ച് 14 ന് നടന്നു. സ്‌കീം ഫൈനലൈസേഷൻ രണ്ടാം ഘട്ടം ഏപ്രിൽ 2 ന് നടക്കും. മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം 57 വിവിധ വിഷയങ്ങൾക്കായി 24000 അദ്ധ്യാപകരെ നിയമിച്ച് 89 ക്യാമ്പുകളിലായി പൂർത്തീകരിക്കും. ക്യാമ്പുകളിൽ മൂല്യനിർണ്ണയം ഏപ്രിൽ 3-ന് ആരംഭിച്ച് മെയ് 10-ന് അവസാനിപ്പിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. മെയ് മൂന്നാം വാരത്തിനുള്ളിൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
വൊക്കേഷണൽ ഹയർ സെക്കണ്ടറി
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം രണ്ടാംവർഷ പൊതുപരീക്ഷ മാർച്ച് 26 ന് അവസാനിച്ചു. ഒന്നാംവർഷ പരീക്ഷ, ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ എന്നിവ മാർച്ച് 29 നും സമാപിക്കും. പ്രൈവറ്റ് വിദ്യാർത്ഥികൾ ഉൾപ്പടെ ആകെ 28,611വിദ്യാർത്ഥികളാണ് രണ്ടാംവർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 26,837 വിദ്യാർത്ഥികൾ ഒന്നാംവർഷ പരീക്ഷയ്ക്കും 22,726 വിദ്യാർത്ഥികൾ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിരുന്നു. മൂല്യനിർണ്ണയത്തിനായി വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന് 8 ക്യാമ്പുകളാണ് ഉള്ളത്. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.
അവധിക്കാല അധ്യാപക പരിശീലനം
അവധിക്കാല അധ്യാപകസംഗമം പ്രീ-സ്‌കൂൾ, എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ വിഭാഗത്തിലെ മുഴുവൻ അധ്യാപകർക്കും ഏപ്രിൽ-മെയ് മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും സമഗ്ര ശിക്ഷാ കേരളം, എസ് സി ഇ ആർ ടി, കൈറ്റ്, എസ് ഐ ഇ ടി, സീമാറ്റ്, വിദ്യാകിരണം മിഷൻ, ഡയറ്റുകൾ എന്നീ വിവിധ ഏജൻസികളുടെയും ഏകോപന പ്രവർത്തനങ്ങളിലൂടെയാണ് അധ്യാപക സംഗമങ്ങളും തുടർന്നുള്ള ക്ലസ്റ്റർ പരിശീലനങ്ങളും സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ വ്യത്യസ്ത വിഷയങ്ങളിലായി ഏകദേശം അയ്യായിരത്തോളം ബാച്ചുകളിലായി ഒന്നേമുക്കാൽ ലക്ഷത്തോളം അധ്യാപകർക്ക് അഞ്ചു ദിവസത്തെ അവധിക്കാല പരിശീലനം നൽകും.
പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപകർക്കായി റസിഡൻഷ്യൽ രീതിയിൽ 6 ദിവസത്തെ നവാധ്യാപക പരിശീലനങ്ങളും പ്രഥമാധ്യാപക പരിശീലനങ്ങളും സംഘടിപ്പിക്കും.
സ്‌കൂൾ സഹകരണ സംഘം
നോട്ട് ബുക്ക്, പഠനോപകരണങ്ങളുടെ വിതരണം സ്‌കൂൾ സഹകരണ സംഘങ്ങൾ വഴി വില കുറച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി പൂർത്തിയാക്കുന്ന കാര്യം ക്യു.ഐ.പി അധ്യാപക സംഘടനാ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. സ്‌കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്ക് ഏറ്റവും വിലക്കുറവിൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്‌കൂൾ സർവ്വീസ് സൊസൈറ്റികളുടെ ബൈലോയിൽ ആവശ്യമെങ്കിൽ ഭേദഗതി വരുത്തുമെന്നും . വിതരണ ചുമതല ടെക്സ്റ്റ് ബുക്ക് ഓഫീസർക്കാണെന്നും മന്ത്രി പറഞ്ഞു.
അധ്യാപക സ്ഥലംമാറ്റം
അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള അപേക്ഷ ഓൺലൈൻ മുഖേന 2024 നവംബർ 26 ലെ സർക്കുലർ പ്രകാരം ക്ഷണിച്ചിരുന്നു. 2025 ജനുവരി 29 ന് അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. 2025 ഫെബ്രുവരി 1 ന് അദ്ധ്യാപകരുടെ താൽക്കാലിക അന്തർജില്ലാ സ്ഥലംമാറ്റ ഉത്തരവ് വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രൈബൽ/മലയോര വെയിറ്റേജ് നൽകുന്ന വിഷയത്തിൽ പരാതി ലഭ്യമായതിനെ തുടർന്ന് പ്രസ്തുത വിഷയത്തിൽ സ്പഷ്ടീകരണത്തിനായി നടപടികൾ സ്വീകരിച്ചു വരികയാണ്. നിർദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും.
അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം
പൊതു സ്ഥലംമാറ്റം 2025 മാർച്ച് 22 ൽ ആരംഭിച്ച് 29 ൽ അവസാനിക്കുന്ന തരത്തിൽ സർക്കുലർ പ്രകാരം അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണ്. ആയത് പൂർത്തിയായാൽ ഉടൻ തന്നെ പഞ്ചായത്ത് സ്‌കൂളിലെ ഒഴിവുകൾ കൂടി പരിഗണിച്ച് കൊണ്ട് 2025 ഏപ്രിൽ 2 ൽ നടപടി ആരംഭിക്കുന്ന വിധത്തിൽ പൊതു സ്ഥലംമാറ്റത്തിന്റെ സർക്കുലർ പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ഹയർ സെക്കണ്ടറി പൊതുസ്ഥലംമാറ്റ നടപടികൾ 2025 – 26 അക്കാദമിക വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഡി.എച്ച്.എസ്.ഇ ട്രാൻസ്ഫർ സോഫ്റ്റ് വെയർ എൻ.ഐ.സി. യിൽ നിന്നും കൈറ്റിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. പൊതുസ്ഥലംമാറ്റ നടപടികൾ എൻ.ഐ.സി. യുടെ പിൻതുണയോടെ കൈറ്റ് നടത്തുന്നതാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.