Bhai Log' app to create a safe and efficient work environment

സുരക്ഷിതവും കാര്യക്ഷമവുമായ തൊഴിൽ ആവാസ വ്യവസ്ഥയൊരുക്കാൻ ‘ഭായി ലോഗ്’ ആപ്പ്

കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ തൊഴിലുടമകൾക്കുമായി രൂപകൽപ്പന ചെയ്ത അത്യാധുനിക മൊബൈൽ ആപ്ലിക്കേഷനായ ഭായി ലോഗ് നിലവിൽ വന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കാര്യക്ഷമവും സുതാര്യവുമായ ഇടപെടലുകൾ പ്രോത്സാഹിപിച്ച് സുരക്ഷിതമായ ഒരു തൊഴിൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ആപ്പിന്റെ ലക്ഷ്യം . രാജ്യത്ത് തൊഴിൽ തേടിയെത്തുന്ന അതിഥി തൊഴിലാളികൾക്കും നിലവിൽ തൊഴിലെടുക്കുന്നവർക്കും സുരക്ഷിതമായ ജീവിതസാഹചര്യവും തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്ത ഭായി ലോഗ് അപ്ലിക്കേഷനിലൂടെ അതിഥി തൊഴിലാളികൾക്ക് തൊഴിൽ അന്വഷണം, തൊഴിൽ ലഭ്യത , നിയമനം എന്നിവ അനായാസം സാധ്യമാകും.

ഭായ് ലോഗ് അപ്ലിക്കേഷൻ മുഖേന അതിഥി തൊഴിലാളികൾക്ക് തങ്ങളുടെ നൈപുണ്യത്തിനനുസരിച്ച് ഇഷ്ടമുള്ള ജോലികൾ തിരഞ്ഞെടുക്കാൻ സാധിക്കും. ഒപ്പം, ഓരോ നൈപുണ്യ മേഖലയുടെ ആവശ്യാനുസരണം തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകൾക്കും കഴിയും. കൂടാതെ , ഭായ് ലോഗ് അപ്ലിക്കേഷനിൽ സജ്ജമാക്കിയിരിക്കുന്ന എംപ്ലോയേഴ്‌സ് ആപ്ലിക്കേഷൻ വഴി തൊഴിലുടമകൾക്ക് അവരുടെ നിർദ്ദിഷ്ട തൊഴിൽ ആവശ്യകതകൾക്കായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ പൂൾ ആപ്പിൽ ലഭ്യമാകും. ഈ സംവിധാനത്തിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാവുന്നതാണ്. തൊഴിലാളികൾക്ക് നേരിട്ട് സൗകര്യപ്രദമായി പ്രതിഫലം നൽകാൻ സാധിക്കുന്ന പേയ്‌മെന്റ് സംവിധാനം ആപ്പിന്റെ മറ്റൊരു സവിശേഷതയാണ് .

തൊഴിലാളികൾ അവരുടെ കൃത്യവും, ആധികാരികവുമായ വിവരങ്ങൾ ആപ്പിൽ ഉൾപ്പടുത്തണം. ഇടനിലക്കാരില്ലാതെ തന്നെ ജോലികൾ ലഭ്യമാക്കുവാൻ തൊഴിലാളികൾക്കും, അധികബാധ്യതകളോ, ഭയാശങ്കകളോ ഇല്ലാതെ ജോലി നൽകുവാൻ തൊഴിലുടമകൾക്കും ഭായി ലോഗ് ആപ്പ് വഴി സാധ്യമാകും. തൊഴിൽ എന്നതിനപ്പുറം മെച്ചപ്പെട്ട വേതനവും തൊഴിലിടങ്ങളിലെ സുരക്ഷയും ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും അപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 ലെ പ്ലാനിംഗ് ബോർഡിൻറെ കണക്കുകൾ പ്രകാരം മുപ്പത്തിയൊന്ന് ലക്ഷത്തിലേറെ അതിഥി തൊഴിലാളികൾ കേരളത്തിനെ ഉപജീവന മാർഗത്തിനായി ആശ്രയിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലുടനീളം അസംഘടിത മേഖല എന്ന നിലയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികളെ തൊഴിൽ മേഖലയിൽ ശാക്തീകരിക്കുകയെന്നത് ഭായി ലോഗ് ആപ്പിന്റെ വിശാലമായ ലക്ഷ്യമാണ് . ഗൂഗിൾ പ്ലേ-സ്റ്റോറിൽ ഭായ് ലോഗ് അപ്ലിക്കേഷൻ ലഭിക്കും ( സാങ്കേതിക സംവിധാനങ്ങളെല്ലാം സജ്ജീകരിച്ച് അപ്ലിക്കേഷൻ ഉടൻ പ്രവർത്തനസജ്ജമാവും)