സ്‌കിൽ ഡെവലപ്‌മെൻറ് സെന്ററുകൾ

സംസ്ഥാനത്ത് ഹയർസെക്കൻഡറിതലം വരെയുള്ള ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തൊഴിൽ വൈദഗ്ധ്യം നേടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക്‌സ് എൻ.എസ്.ക്യു.എഫ്. പഠനം പൂർത്തിയാക്കുന്ന ഏകദേശം മുപ്പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് തൊഴിൽ വൈദഗ്ധ്യം നേടുവാൻ സാധിക്കുന്നത്. എന്നാൽ ശേഷിക്കുന്ന ഭൂരിഭാഗം കുട്ടികൾക്കും തങ്ങളുടെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ഉപജീവനത്തിന് ഉതകുന്ന ഒരു തൊഴിൽ പരിശീലനം ലഭിക്കുന്നില്ല. അവരിൽ ചിലർ ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി.ഐ.കളിലും മറ്റ് അനൗപചാരിക പരിശീലന കേന്ദ്രങ്ങളിലും ചേരുന്നുണ്ടെങ്കിലും അവരുടെ സംഖ്യ താരതമ്യേന കുറവാണ്. നമ്മുടെ യുവജനതയിൽ ബഹുഭൂരിപക്ഷം പേരും അവരുടെ തൊഴിൽ മേഖലയിൽ പ്രവേശിക്കുമ്പോൾ അനിവാര്യമായ വൈദഗ്ധ്യം നേടിയെടുത്തിട്ടുണ്ടാവില്ല. ജോലിയിൽ പ്രവേശിച്ചതിനുശേഷം ലഭിക്കുന്ന അനുഭവങ്ങളിലൂടെ മാത്രമാണ് ഇവർക്ക് തൊഴിൽപരമായ കഴിവുകൾ നേടിയെടുക്കാൻ കഴിയുന്നത്. ബഹുഭൂരിപക്ഷം പേർക്കും തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാൻ സാധിക്കുന്നുമില്ല. നമ്മുടെ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് ആധുനിക ലോകത്ത് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുക എന്നതാണ് സ്റ്റാർസ് അഥവാ സ്ട്രെങ്ത്തണിംഗ് ടീച്ചിങ് ലേണിംഗ് റിസൾട്ട്‌സ് ഫോർ സ്റ്റേറ്റ്‌സിന്റെ ഭാഗമായ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളുടെ പ്രധാന ലക്ഷ്യം. കുട്ടികൾ രാജ്യത്തിന്റെ വികസനത്തിനായുള്ള മനുഷ്യ വിഭവ സ്രോതസ്സുകളായി മാറേണ്ടതുണ്ട്. അതിജീവനത്തിനും ഉപജീവനത്തിനും അതുവഴി രാജ്യത്തിന്റെ സമ്പദ് ഘടന ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണ്.

നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം അടിസ്ഥാനമാക്കിയുള്ള സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളുടെ ലക്ഷ്യങ്ങൾ ഇനി പറയുന്നു.

• അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്ധ്യം യുവജനങ്ങൾക്ക് നൽകുക.
• കേരളത്തിന്റെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുക.
• 23 വയസ്സിന് താഴെയുള്ള ഔപചാരിക പഠനം നിർത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക.
• ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനം ലഭിക്കാത്ത കുട്ടികൾക്കും അതിനുള്ള അവസരം നൽകുക.
• പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക.
• കുട്ടികൾക്ക് സ്വയം സംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരവും നൽകുക. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്റ്റാർസ്
പദ്ധതി പ്രകാരം വൊക്കേഷണൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള അനുമതി
ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരുന്നൂറ്റി പത്ത് സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകൾ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇതിൽ നിന്നും 14 സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളാണ് പൈലറ്റ് അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ തിരഞ്ഞെടുത്തിട്ടുള്ളത്. സർക്കാർ സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് പ്രസ്തുത സെന്ററുകൾ നടപ്പിലാക്കുന്നത്.

ഓരോ സെന്ററിലും തെരഞ്ഞെടുക്കപ്പെട്ട 2 ജോബ് റോളുകളുടെ ഓരോ ബാച്ചുകൾ -25 കുട്ടികൾ വീതം അങ്ങിനെ ആകെ രണ്ടു ബാച്ചുകളാണ് ഉണ്ടാകുക. ജോബ് റോളുകൾ തെരഞ്ഞെടുക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം, എസ്.സി.ഇ.ആർ.ടി ഡയറക്ടർ , ഡെപ്യൂട്ടി ഡയറക്ടർ,കരിക്കുലം – പൊതുവിദ്യാഭ്യാസ വകുപ്പ്- വി.എച്ച്.എസ്.ഇ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ,വൊക്കേഷണൽ – എസ്.എസ്.കെ, 2 വിദഗ്ധർ , സ്റ്റേറ്റ് സ്‌കിൽ ഡവലപ്‌മെന്റ് മിഷന്റെ പ്രതിനിധി എന്നിവർ ഉൾപ്പെട്ട ഒരു സമിതി ആയിരിക്കും. പദ്ധതിയുടെ ഗുണഭോക്താക്കൾ ഇനി പറയുന്നവർ ആണ്. പത്താംതരം കഴിഞ്ഞിട്ടുള്ള പഠനം മതിയാക്കിയ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ , സ്‌കോൾ കേരള വഴി രജിസ്റ്റർ ചെയ്ത് ഓപ്പൺ സ്‌കൂൾ വഴി പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ, ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ എന്നിവരാണ്. കോഴ്‌സിന്റെ കാലാവധി പരമാവധി 1 വർഷം ആയിരിക്കും. കോഴ്‌സിന്റെ ഭാഗമായി ഓൺ ദ ജോബ് ട്രെയിനിങും പ്രാദേശിക വിദഗ്ധരുടെ ക്ലാസുകളും ഉണ്ടാകും. തൊഴിൽ പരിശീലനത്തോടൊപ്പം അടിസ്ഥാന ശേഷി വികസനം ലക്ഷ്യം വയ്ക്കുന്ന പരിശീലനം കൂടി ഉൾച്ചേർക്കുന്നതാണ്.

പഠന മാധ്യമം ഇംഗ്ലീഷും മലയാളവും ആയിരിക്കും. സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിൽ പ്രവേശനം നേടുന്നതിനുള്ള പരമാവധി പ്രായം 23 ആയിരിക്കും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി രണ്ട് വർഷംവരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി 5 വർഷത്തെവരെ ഇളവ് അനുവദിക്കുന്നതാണ്. കോഴ്‌സ് തികച്ചും സൗജന്യമായിരിക്കും. സെക്യൂരിറ്റി ഡപ്പോസിറ്റായി ആയിരം രൂപ വീതം പ്രവേശന സമയത്ത് കുട്ടികളിൽ നിന്ന് ഈടാക്കും . എസ്.സി. / എസ്.റ്റി./ സി. ഡബ്ല്യൂ. എസ്. എൻ കുട്ടികൾക്ക് ഇതിൽ 50 ശതമാനം ഇളവ് നൽകുന്നതായിരിക്കും. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിക്കുന്ന നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ അതത് സെന്ററുകളിൽ സ്വീകരിക്കും . ലഭിച്ചിട്ടുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള സ്‌കോറും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുള്ള സ്‌കോറും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. തുടർന്ന് സംവരണ മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തെരഞ്ഞെടുക്കും. അതിനായി നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകീട്ട് 5 മണിയ്ക്ക് തിരുവനന്തപുരം കമലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ കോഴ്സുകൾ ഇനി പറയുന്നു.

എ. ഐ. ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ,
ടെലികോം ടെക്‌നീഷ്യൻ: ഐ. ഒ. ടി. ഡിവൈസസ്/സിസ്റ്റംസ്,
ഡ്രോൺ സർവീസ് ടെക്നീഷ്യൻ,
ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ,
ഗ്രാഫിക് ഡിസൈനർ,
ഹൈഡ്രോപോണിക്‌സ് ടെക്‌നീഷ്യൻ,
ജ്വല്ലറി ഡിസൈനർ,
ബേക്കിംഗ് ടെക്‌നീഷ്യൻ,
ഫിറ്റ്നസ് ട്രെയിനർ,
ഫുഡ് &ബീവറേജ് സർവീസ് അസോസിയേറ്റ്,
എക്സിം എക്സിക്യൂട്ടീവ്,
വെയർ ഹൗസ് അസോസിയേറ്റ് എന്നിവയാണ് അവ.
സ്റ്റാർസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത് ഇരുന്നൂറ്റി മുപ്പത്തിയാറ് സെന്ററുകളാണ്. ഓരോ സെന്ററിനും ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വീതമാണ് നൽകിയിട്ടുള്ളത്. ഇരുന്നൂറ്റി മുപ്പത്തിയാറ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾക്കായി ആകെ അനുവദിച്ചിട്ടുള്ളത് അമ്പത് കോടി എഴുപത്തി നാല് ലക്ഷം രൂപയാണ്.