സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കർമ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. ഓരോ ജില്ലയിൽ നിന്നും 10 വീതം സ്കൂളുകളെ തിരഞ്ഞെടുത്ത് ഈ സ്കൂളുകളിലും പ്രദേശത്തും കൂടുതൽ ജാഗ്രത പ്രവർത്തനങ്ങൾക്കും ലഹരിവിരുദ്ധ പദ്ധതികൾക്കും ഊന്നൽ നൽകിയാണ് പദ്ധതി നടപ്പാക്കുക.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി ജില്ലാതല സമിതിയും ഇതിനെ തുടർന്ന് വാർഡ്തല സമിതിയും രൂപികരിക്കും. സ്കൂൾ തല ജനജാഗ്രത സമിതിയിൽ പി.ടി.എ. പ്രസിഡൻറ് അധ്യക്ഷ/നും പ്രിൻസിപ്പാൾ/പ്രധാനാധ്യാപക/ൻ കൺവീനറായും പ്രവർത്തിക്കും.
2023-24 സാമ്പത്തിക വർഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പി.ടി.എ., മദർ പി.ടി.എ. യോഗങ്ങൾ വിളിച്ചു കൂട്ടി രക്ഷകർതൃ ബോധവത്ക്കരണം നടപ്പാക്കും.
അധ്യാപകർക്കും അതിലൂടെ കുട്ടികൾക്കും ബോധവത്ക്കരണം നൽകുന്നതിൻറെ ഭാഗമായി നവചേതന മൊഡ്യൂൾ കേരളത്തിൻറെ സാഹചര്യത്തിനനുസരിച്ച് രൂപീകരിച്ച് പരിശീലനം നൽകും. എക്സൈസ്, പോലീസ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യം, വിമുക്തി മിഷൻ എന്നിവയുടെ സഹകരണത്തോടെ ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകരെ ഉൾപ്പെടുത്തിയുള്ള പരിശീലനമാണ് നടപ്പാക്കുക.
സ്‌കൂൾ പരിസരത്തെ ലഹരിവസ്തുക്കളെ സംബന്ധിച്ചുളള പരാതികളും, കുറ്റകൃത്യങ്ങൾ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ലഹരി ഉപയോഗംമൂലം വിദ്യാർഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും, പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനുളള സൗകര്യവും സ്‌കൂളുകളിൽ ലഭ്യമാണ്. വിമുക്തി മിഷൻറെ ആഭിമുഖ്യത്തിൽ 14 റിഹാബിലിറ്റേഷൻ സെൻററുകളും സാമൂഹ്യ നീതി വകുപ്പിൻറെ നിയന്ത്രണത്തിലുളള 2 റീഹാബിലിറ്റേഷൻ സെൻററും ഉൾപ്പെടെ 16 സെൻററുകളും, എൻ.ജി.ഒ. മുഖേന നടത്തുന്ന സെൻററുകളുടെ സേവനവും കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിൽ ലഭ്യമാക്കും. ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിലുളള അഡോളസെൻറ്സ് സെൻററുകളുടെ സേവനവും കുട്ടികൾക്ക് പ്രയോജനപ്രദമാക്കും.
ലഹരി ഉപയോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ: 9995966666 (യോദ്ധാവ്)(https://kerala.gov.in/articledetail/MzkwODQxOTc4LjU2/0) 14405 (വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ), 1090 (ജില്ല നാർക്കോട്ടിക് സെന്റർ), 1098 (ചൈൽഡ് ലൈൻ), 112 (പോലിസ് ഹെല്പ് ലൈൻ).