പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ കേരളയുടെ പുതിയ കോഴ്സ് ആയ ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് സംസ്ഥാനതലത്തിൽ ആരംഭിച്ചു. സ്കൂൾ തലം മുതൽ ദേശീയ തലം വരെ വിവിധ മത്സരങ്ങളുടെ പട്ടികയിൽ യോഗ പ്രത്യേക ഇനമായി ഉൾപ്പെട്ട സാഹചര്യത്തിൽ സ്കോൾ കേരളയുടെ സ്പോർട്സ് യോഗ കോഴ്സ് ഏറെ ഗുണം ചെയ്യും യോഗ പരിശീലകരുടെ എണ്ണത്തിലുള്ള പരിമിതി മറികടക്കാൻ ഈ കോഴ്സിലൂടെ സാധ്യമാകും എന്ന് കരുതുന്നു. യോഗയുമായി ബന്ധപ്പെട്ട പരിശീലകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് യോഗയ്ക്ക് പ്രാധാന്യം നൽകുന്ന കോഴ്സ് എന്ന നിലയിൽ ഈ പുതിയ സംരഭത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനും അത് പ്രയോഗക്ഷമമാക്കാനും കഴിയുന്നതോടൊപ്പം സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാനും ഉത്തമരായ ഭാവി പൗരരെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനും ഈ കോഴ്സ് കഴിഞ്ഞിറങ്ങുന്ന യോഗാ പരിശീലകരിലൂടെ സാധിക്കുമെന്ന് കരുതുന്നു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വികസിപ്പിക്കണമെങ്കിൽ അധ്യാപകർ ശാരീരികമായും മാനസികമായും
ആരോഗ്യമുള്ളവർ ആകണം. ഈ സാഹചര്യത്തിൽ അധ്യാപകർക്കും ഈ കോഴ്സിൽ ചേർന്ന് പഠിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. അധ്യയനത്തെ ബാധിക്കാതെ അധ്യാപകർക്ക് കോഴ്സിൽ ചേർന്നു പഠിക്കാൻ ഉള്ള ക്രമീകരണം എങ്ങനെ ഉണ്ടാക്കാമെന്നത് സ്കോൾ കേരള പരിശോധിക്കണം. ദേശീയ-അന്തർദേശീയ തലങ്ങളിൽ യോഗയുടെ പ്രചാരം വളരെയധികം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ലോക സംഘടനകളും രാജ്യങ്ങളും യോഗയുടെ പ്രചാരണ പരിപാടികൾക്ക് പ്രത്യേക
പരിഗണനയാണ് നൽകി വരുന്നത്.
യോഗാ പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയുള്ള കോഴ്സുകളുടെ പരിമിതി നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ‘സ്കോൾ-കേരള’യുടെ നേതൃത്വത്തിൽ ഒരുവർഷം ദൈർഘ്യമുള്ള ‘ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ’ എന്ന കോഴ്സ് ആരംഭിക്കാൻ ആലോചിക്കുകയും സർക്കാർ അനുമതി നൽകുകയും ചെയ്തത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള ആജീവനാന്ത കോഴ്സുകൾക്ക് നേതൃത്വം നൽകുന്ന ഒരു സ്ഥാപനം എന്ന നിലയിൽ യോഗയും പഠനവിഷയമാക്കാൻ കഴിയുമെന്ന നിലയിലാണ് സ്കോൾ കേരള ഈ നവീന കോഴ്സ് രൂപപ്പെടുത്തിയിട്ടുള്ളത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്കോൾ- കേരളയിൽ ആജീവനാന്ത വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കാൻ കഴിയും വിധം പുതിയ കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ തുടക്കമായാണ് സ്പോർട്സ് യോഗ കോഴ്സ് ആരംഭിക്കുന്നത്.
അടുത്ത അക്കാദമിക വർഷത്തിൽ മറ്റ് രണ്ട് കോഴ്സുകൾ കൂടി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നു.