The entire allowance for the free school uniform scheme has been sanctioned this year; Rs 79 crore has been sanctioned.

സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചു;അനുവദിച്ചത്‌ 79 കോടി രൂപ

സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അലവൻസ് ഇനത്തിൽ 1 മുതൽ 8 വരെയുള്ള 1316921 കുട്ടികൾക്ക് 600/- രൂപ ക്രമത്തിൽ 79,01,52,600 രൂപയാണ് അനുവദിച്ചത്‌. 2024-25 സാമ്പത്തിക വർഷം ബജറ്റിൽ സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായ്‌ വകയിരുത്തിയത് 80,34,00,000 രൂപയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി സർക്കാർ സ്കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്കൂളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും , 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600/- രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നു.