പൊതുവിവരം

2025 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2002 സ്കൂളുകളിലായി  സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 370642 പേര്‍ പരീക്ഷ എഴുതിയതില്‍ 288394  പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 78.69 ആയിരുന്നു.  ഒന്നാം വര്‍ഷ പരീക്ഷയുടെ സ്കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയരീതിയാണ് അവലംബിച്ചത്.

190690 പെണ്‍കുട്ടികളില്‍ 165234 പേരും (86.65%),  179952 ആണ്‍കുട്ടികളില്‍ 123160 പേരും  (68.44%) ഉപരി പഠനത്തിന് യോഗ്യത നേടി.  189263 സയന്‍സ് വിദ്യാര്‍ത്ഥികളില്‍ 157561 പേരും (83.25%), 74583 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളില്‍ 51578 പേരും (69.16%), 106796 കോമേഴ്സ് വിദ്യാര്‍ത്ഥികളില്‍ 79255 പേരും (74.21%) ഉപരി പഠനത്തിന് യോഗ്യത നേടി.  പട്ടികജാതി വിഭാഗത്തില്‍ 34051 ല്‍ 19719 പേരും (57.91%) പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 5055 ല്‍ 3047 പേരും (60.28%)  ഒ.ഇ.സി. വിഭാഗത്തില്‍ 8848 ല്‍ 6183 പേരും (69.88%) ഒ.ബി.സി. വിഭാഗത്തില്‍  251245 ല്‍ 197567 പേരും (78.64%) ജനറല്‍ വിഭാഗത്തില്‍ 71443 ല്‍ 61878 പേരും (86.61%) ഉപരി പഠനത്തിന് അര്‍ഹത നേടി.

എയിഡഡ്  മേഖലയിലെ സ്കൂളുകളില്‍ നിന്ന് 182409 ല്‍ 149863 പേരും (82.16%) ഗവണ്‍മെന്റ് മേഖലയിലെ 163904 ല്‍ 120027 പേരും (73.23%) അണ്‍എയിഡഡ് മേഖലയിലെ 23998  ല്‍ 18218 പേരും (75.91%) ഉപരി പഠനത്തിന് യോഗ്യരായി.

   റഗുലര്‍ സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 30145 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും  A+ ഗ്രേഡിനര്‍ഹത നേടി.  ഇതില്‍ 22663 പേര്‍ പെണ്‍കുട്ടികളും 7482 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍  22772 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍  2863 പേര്‍ക്കും കോമേഴ്സ് വിഭാഗത്തില്‍  4510 പേര്‍ക്കും എല്ലാ  വിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു.  ഇതില്‍ 41 കുട്ടികള്‍ക്ക് മുഴുവന്‍ സ്കോറും 1200/1200 ലഭിച്ചു.

46810 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും A ഗ്രേഡോ അതിനു മുകളിലോ 54743 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും B+ ഗ്രേഡോ അതിനു മുകളിലോ 65420 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും B ഗ്രേഡോ അതിനു മുകളിലോ 59115 പേര്‍ C+ ഗ്രേഡോ അതിനു മുകളിലോ 31963 പേര്‍ C ഗ്രേഡോ അതിനു മുകളിലോ 198 പേര്‍ D+ ഗ്രേഡോ അതിനു മുകളിലോ നേടുകയുണ്ടായി.  81579 പേര്‍ക്ക് D ഗ്രേഡും 669 പേര്‍ക്ക് E ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്. തിയറി പരീക്ഷക്ക്, ഗ്രേസ് മാര്‍ക്കിനര്‍ഹതയുണ്ടെങ്കില്‍ ആയത് സഹിതം 30 ശതമാനം സ്കോറും, TE, CE, PE എന്നിവക്കെല്ലാം കൂടി 30 ശതമാനമോ അതിന് മുകളിലോ സ്കോര്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമേ ഉപരി പഠനത്തിനര്‍ഹതയുണ്ടായിരിക്കുകയുള്ളൂ

   വിജയ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം  ജില്ലയിലും (83.09%) ഏറ്റവും കുറവ് കാസർകോഡ് ജില്ലയിലുമാണ് (71.09%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (785 പേര്‍) പരീക്ഷയ്ക്ക് സജ്ജരാക്കിയ എസ്.വി ഹയര്‍സെക്കന്ററി  സ്കൂള്‍ പാലേമേട്, മലപ്പുറം 72.48% പേരെ ഉപരി പഠനത്തിന് യോഗ്യരാക്കി. തിരുവനന്തപുരം ജില്ലയിലെ  സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂള്‍ പട്ടം, മലപ്പുറം ജില്ലയിലെ എം.എസ്.എം. ഹയര്‍സെക്കന്ററി  സ്കൂള്‍ കല്ലിങ്ങല്‍പ്പറമ്പ, ഗവ.രാജാസ് ഹയര്‍സെക്കന്ററി സ്കൂൾ, എന്നീ സ്കൂളുകളില്‍ യഥാക്രമം 756, 712, 712 ഉം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 79.37, 91.01, 86.1 ഉം ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല  മലപ്പുറം (4735) ആണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 57 സ്കൂളുകളാണുള്ളത്. മുപ്പതില്‍ താഴെ വിജയ ശതമാനമുള്ള സ്കൂളുകളുടെ എണ്ണം 46 ആണ്. 370642 സ്കൂള്‍ ഗോയിംഗ് റഗുലര്‍  വിദ്യാര്‍ഥികള്‍ക്ക് പുറമേ ചുവടെ ചേര്‍ക്കുന്ന മറ്റു വിഭാഗം വിദ്യാര്‍ഥികളും 2025 മാര്‍ച്ച് ഹയര്‍സെക്കന്ററി  പരീക്ഷ എഴുതിയിട്ടുണ്ട്.

ടെക്നിക്കല്‍ സ്ട്രീം

   ഹയര്‍സെക്കന്ററിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്നിക്കല്‍ സ്കൂളുകളില്‍ നിന്നായി 1481 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 1048 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. (70.76%). 72 പേര്‍ക്ക് എല്ലാ  വിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു.  

 ആര്‍ട്ട് സ്ട്രീം

   കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളില്‍ 56 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 45 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.  വിജയശതമാനം 80.36%. 2 പേർക്ക് എല്ലാ വിഷയത്തിനും A+ ഗ്രേഡ് ലഭിച്ചു.

സ്കോള്‍ കേരള

   28561 വിദ്യാര്‍ഥികള്‍ സ്കോള്‍ കേരള മുഖാന്തിരം  പരീക്ഷ എഴുതിയതില്‍ 13288 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.  വിജയശതമാനം 46.52.  ഇതില്‍ 447 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് നേടി.  സയന്‍സ് വിഭാഗത്തില്‍ നിന്ന് 2787 പേരില്‍ 2168 പേരും (77.79%), ഹ്യുമാനിറ്റീസ് വിഭാഗത്തില്‍നിന്ന് 15198 പേരില്‍ 6865 പേരും (45.17%), കോമേഴ്സ് വിഭാഗത്തില്‍ നിന്ന് 10576 പേരില്‍ 4255 പേരും (40.23%), ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍  പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത്  മലപ്പുറം ജില്ലയിലാണ്  11910 പേര്‍. 

പ്രൈവറ്റ് കമ്പാര്‍ട്ട്മെന്റല്‍ വിദ്യാര്‍ഥികള്‍

2017 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെ രണ്ടാം ഹയര്‍സെക്കന്ററി പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2025 മാർച്ചിൽ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയവരും 2025 മാര്‍ച്ച് രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുമാണ് ഈ വിഭാഗത്തില്‍ പെടുക33807 പേര്‍ പരീക്ഷ എഴുതിയതില്‍ 7251 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.  വിജയശതമാനം 21.45.

ഗ്രേഡിന് പരിഗണിക്കുന്ന ഘടകങ്ങള്‍

1)നിരന്തര മൂല്യനിര്‍ണ്ണയം

   വര്‍ഷം മുഴുവന്‍ നീണ്ടു നിന്ന നിരന്തര മൂല്യനിര്‍ണ്ണയപ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികള്‍ ഇരുപതു ശതമാനം സ്കോറിനായി വിലയിരുത്തപ്പെട്ടിരുന്നു.  വിവിധ വിഭാഗങ്ങളിലായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പഠന പ്രവര്‍ത്തനങ്ങളിലൂടെയാണ് നിരന്തര മൂല്യനിര്‍ണ്ണയ സ്കോറുകള്‍ നിര്‍ണ്ണയിച്ചത്.

2)പ്രായോഗിക പരീക്ഷ

   2025 ജനുവരി 21  മുതല്‍  ഫെബ്രുവരി 14  വരെ പ്രായോഗിക പരീക്ഷകള്‍ നടന്നു.  പ്രഗത്ഭരായ അദ്ധ്യാപകരാല്‍ തയ്യാറാക്കപ്പെട്ട ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് ഓരോ വിഷയത്തിനും ഒരു സംസ്ഥാനതല ചെയര്‍മാന്റെയും ജില്ലാതല ചീഫ് എക്സാമിനര്‍മാരുടേയും നേതൃത്വത്തില്‍ ഇതര സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരാണ് പ്രായോഗിക പരീക്ഷകള്‍ നടത്തിയത്.  പ്രായോഗിക പരീക്ഷകള്‍ രണ്ടാം വര്‍ഷത്തില്‍  മാത്രമേ നടത്താറുള്ളൂ.  മൊത്തം സ്കോറിന്റെ 20% ആണ്  പ്രായോഗിക പരീക്ഷയുടെ ഉയര്‍ന്ന  സ്കോര്‍. മ്യൂസിക്കിന് മൊത്തം സ്കോറിന്റെ 40% ആണ് പ്രായോഗിക പരീക്ഷയുടെ ഉയര്‍ന്ന സ്കോര്‍.

3)എഴുത്തുപരീക്ഷ

   2024 മാർച്ചിൽ നടന്ന ഒന്നാം വര്‍ഷ പരീക്ഷയിലൂടെയും 2025 മാർച്ചിൽ നടന്ന ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെയും 2025 മാര്‍ച്ച് മാസം നടന്ന രണ്ടാം വര്‍ഷ പരീക്ഷയിലൂടെയും ആര്‍ജിച്ച സ്കോറുകള്‍ ഉള്‍പ്പെട്ടതാണ് രണ്ടാം വര്‍ഷ പൊതു എഴുത്തുപരീക്ഷയുടെ സ്കോര്‍.  2025 മാര്‍ച്ച് 03 മുതല്‍ 26 വരെയാണ് രണ്ടാം വര്‍ഷ പൊതുപരീക്ഷ നടത്തിയത്.

   രണ്ടാം വര്‍ഷം 55 വിഷയങ്ങളിലായി 434547 പേര്‍ പരീക്ഷ എഴുതി.  15 വിഷയങ്ങളില്‍ സ്പെഷ്യല്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും, 34 വിഷയങ്ങളില്‍ കലാമണ്ഡലം ആര്‍ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയിട്ടുള്ളത്.  ഒന്നും രണ്ടും  വര്‍ഷ പരീക്ഷകളില്‍ ആകെ 208  വിഷയങ്ങളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുകയുണ്ടായി.

സ്കീം ഫൈനലൈസേഷന്‍

 2025 മാര്‍ച്ച് 14, ഏപ്രിൽ 02 എന്നീ തീയതികളില്‍ എറണാകുളത്ത് വെച്ച് ഉത്തരസൂചികാ നിര്‍ണ്ണയ ശില്പശാലകള്‍ നടന്നു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം രൂപപ്പെടുത്തിയ ഉത്തരസൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ എഴുതിയ ഉത്തരങ്ങള്‍ പരിശോധിച്ച് അവയുടെ കൂടെ അനുഭവ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അന്തിമ ഉത്തര സൂചകങ്ങള്‍ തയാറാക്കിയത്.  സംസ്ഥാന  ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഉത്തരസൂചികകള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.   ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളെഴുതിയ ഉത്തരങ്ങള്‍ വിലയിരുത്തുവാനും മാതൃകാ ഉത്തരങ്ങളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കുവാനും കഴിഞ്ഞു.  

മൂല്യനിര്‍ണ്ണയം

  സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 89 കേന്ദ്രങ്ങളില്‍ 23483  അധ്യാപകര്‍  മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുത്തു.  2025 ഏപ്രില്‍ 03 മുതല്‍ മേയ് 07 വരെ തീയതികളിലായി രണ്ടാം വര്‍ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിച്ചു. 

ടാബുലേഷന്‍

  NIC തയ്യാറാക്കിയ സോഫ്ട് വെയർ ഉപയോഗിച്ചാണ് ഇത്തവണയും പരീക്ഷയുടെ സ്കോറുകള്‍ ടാബുലേറ്റ് ചെയ്തത്. ഓണ്‍ലൈന്‍ ടാബുലേഷന്‍   കാര്യക്ഷമമായും സാങ്കേതിക തകരാറുകളില്ലാതെയും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു.  സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുവാന്‍  അത് ഉപകരിച്ചു.    ഓണ്‍ലൈന്‍ ടാബുലേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മോണിട്ടര്‍ ചെയ്യാനായി ഡയറക്ടറേറ്റ് വിപുലമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.  ഓണ്‍ലൈന്‍ ടാബുലേഷന്റെ സാങ്കേതിക കാര്യങ്ങളില്‍ NIC  യുടെ നിര്‍ലോഭമായ സഹകരണം ലഭ്യമായിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഇതര പ്രവര്‍ത്തനങ്ങള്‍

 
കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റ് സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഹയര്‍സെക്കന്ററി  പരീക്ഷ നടത്തിയത്. വിദ്യാര്‍ത്ഥികളുടെ ഡാറ്റകള്‍ അഡ്മിഷന്‍ ഡാറ്റയില്‍ നിന്നും എടുത്ത് സോഫ്ട് വെയർ മുഖാന്തിരം സ്കൂളുകള്‍ക്ക്  നല്‍കാനും അവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡയറക്ടറേറ്റിലേക്ക് അപ്ലോഡ് ചെയ്യിക്കാനും സാധിച്ചു.  നോമിനല്‍ റോള്‍, അഡ്മിഷന്‍ ടിക്കറ്റ്, ചോദ്യപേപ്പറുകളുടെ എണ്ണം എന്നിവ സോഫ്ട് വെയർ  ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ സമയബന്ധിതമായി നല്‍കാനും പരിശോധിക്കാനും സാധിച്ചു.  പരീക്ഷാഹാളിലെ സീറ്റിംഗ് അറേഞ്ച്മെന്റ് ആബ്സന്റീസ് സ്റ്റേറ്റ്മെന്റ്, പാക്കിംഗ് സ്ലിപ്പ്, അധ്യാപകരുടെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, ഡ്യൂട്ടി പോസ്റ്റിംഗ്, അക്വിറ്റന്‍സ്, കണക്കുകള്‍ എന്നിവയും NIC  യുടെ സോഫ്ട് വെയർ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിച്ചു.  മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ ഡ്യൂട്ടി പോസ്റ്റിംഗ്, പേപ്പര്‍ വിതരണം, അക്വിറ്റന്‍സ്, കണക്കുകള്‍, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവയും സോഫ്ട് വെയർ  ഉപയോഗിച്ചാണ് നടത്തിയത്.  കൂടുതലായി കമ്പ്യൂട്ടര്‍ സോഫ്ട് വെയർ ഉപയോഗിച്ചതിനാല്‍ സമയലാഭവും സാമ്പത്തികലാഭവും ജോലി സമയ ലാഭവും ഉണ്ടാക്കാനും  കൂടുതല്‍ കൃത്യതയോടെ പരീക്ഷ നടത്തുന്നതിനും സാധിച്ചു.  അധ്യാപകരുടെയും സ്കൂളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചതും സോഫ്ട് വെയർ   ഉപയോഗിച്ചായിരുന്നു. പരീക്ഷാ നടത്തിപ്പിന്‍റെ സമസ്ത മേഖലകളും കമ്പ്യൂട്ടര്‍വത്കരിക്കുവാനും മികച്ച സോഫ്ട് വെയറുകള്‍ ഉപയോഗിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനും സാധിച്ചു.

പരീക്ഷാഫലം

   2025 മെയ് 22 വൈകുന്നേരം 3.30 മണി മുതല്‍ പരീക്ഷാഫലം www.results.hse.kerala.gov.in, www.results.digilocker.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലും PRD Live, SAPHALAM 2025, iExaMs-Kerala  എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രസ്തുത മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും സ്കൂളുകള്‍ക്ക് തങ്ങളുടെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ ഫലം മൊത്തത്തിലും ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനുള്ള വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷാഫലം വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ്

   ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകളുടെ സ്കോറുകളും നിരന്തര മൂല്യനിര്‍ണ്ണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്കോറും ഗ്രേഡും സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈ മാസം  പൂര്‍ത്തീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2013 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ സീലും, പ്രിന്‍സിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ കൗണ്ടര്‍ ഫോയിലുകള്‍ സ്കൂളില്‍ സൂക്ഷിക്കുന്നതാണ്. കംപാര്‍ട്ട്മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിന് യോഗ്യത നേടിയ         വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ മുന്‍ പരീക്ഷയില്‍ യോഗ്യത നേടിയ സ്കോറുകളും ഇത്തവണ നേടിയ സ്കോറുകളും ചേര്‍ത്തുള്ള കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഡയറക്ടറേറ്റില്‍ നിലവിലുണ്ട്.  കുട്ടികളുടെ ഫോട്ടോയും മറ്റു അനുബന്ധവിവരങ്ങളും ഉള്‍പ്പെടുത്തിയ പരിഷ്കരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് 2020 മുതല്‍ നല്‍കിവരുന്നത്.

സേ/ഇംപ്രൂവ്മെന്റ് പരീക്ഷ

2025 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2025 മാര്‍ച്ചിലെ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും D+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പക്ഷം ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ് ചെയ്യാവുന്നതാണ്.

   2025 ലെ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാ നോട്ടിഫിക്കേഷന്‍ HSE പോര്‍ട്ടലില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണ്ണയം

   വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂക്ഷ്മ പരിശോധനയ്ക്കോ അപേക്ഷിക്കാവുന്നതാണ്. ഇരട്ട മൂല്യനിര്‍ണ്ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ അവര്‍ക്ക്  ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍, അവരവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്കൂളുകളിലും ഹയര്‍സെക്കന്ററി  പോര്‍ട്ടലിലും ലഭ്യമാണ്.  പുനര്‍മൂല്യനിര്‍ണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസ്സുകളുടെ പകര്‍പ്പിന് 300 രൂപയും സൂഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകള്‍ മെയ്  22 മുതല്‍ സ്കൂളുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. നോട്ടിഫിക്കേഷന്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍   ലഭ്യമാണ്.  

കൃതജ്ഞത

   ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി.റാണി ജോര്‍ജ്  IAS, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ഷാനവാസ്.എസ്  IAS  , ആര്‍.ഡി.ഡി മാര്‍,  ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, ഹയര്‍സെക്കന്ററി സ്കൂള്‍  പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ ,  ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ,  റീജണല്‍ ഓഫീസിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ  അകമഴിഞ്ഞ സഹകരണവും കഠിനാധ്വാനവും കൊണ്ടാണ് കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സാധിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റേയും, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റേയും, പരീക്ഷാഭവന്റേയും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേയും പൂര്‍ണസഹകരണം പരീക്ഷാനടത്തിപ്പിനുണ്ടായി. സോഫ്ട്­വെയർ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി ഫലപ്രഖ്യാപനത്തിനു സാഹചര്യമൊരുക്കിയത് എന്‍.ഐ.സി.യാണ്.

സിസ്റ്റം മാനേജര്‍മാര്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്.  സമയവും അവധിയും പരിഗണിക്കാതെയുള്ള മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലക്കാരുടെ പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.  പരീക്ഷാനടത്തിപ്പിലങ്ങോളമിങ്ങോളം  സഹകരണം നല്‍കിയ മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും അതോടൊപ്പം സര്‍ക്കാര്‍ പ്രസ്സ്, തപാല്‍ വകുപ്പ്, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, പി ആന്‍ഡ് എ.ആര്‍.ഡി  എന്നിവര്‍ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. 

   ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും പൊതുവിദ്യാഭ്യാസ വകുപ്പ്  അഭിനന്ദിക്കുന്നു.

Result Malayalam 2025 (1) Full Result Kurippu 2025 (Edn. Minister large) Font 28 Kartthika Result Kurippu 2025 (Edn. Minister large) Font 28 Kartthika exam_press release_22.05.2025 Result 2025- Minister-Final press release_22.05.2025 exam_press release 22.05.2025 40-A3_250522_163937