പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ വെബ്സൈറ്റും മാർഗരേഖയും നിലവിൽ വന്നു . ഡിസംബറിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും.
സ്കൂളുകൾക്ക് ഓൺലൈനായി നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 100 സ്കൂളുകളുടെ ഫ്ലോർ ഷൂട്ട് നവംബർ അവസാനവാരം ആരംഭിക്കും. ഈ സ്കൂളുകൾക്ക് 15,000 രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി ഡോക്യുമെന്റേഷൻ നടത്തും.
സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കൂടെ അറിയാനുള്ള അവസരമായിക്കണ്ട് മുഴുവൻ സ്കൂളുകളും പ്രാഥമിക റൗണ്ടിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തണം.
സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക. ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക്കുകൾ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.