ഹിന്ദി ഭാഷയിൽ മികവു തെളിയിക്കാൻ കൈറ്റിന്റെ ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്
വിദ്യാർത്ഥികളുടെ ഹിന്ദി ഭാഷ പ്രാവീണ്യം ഉയർത്തുന്നതിനായി ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് (ഭാഷാ പ്രയോഗ്ശാല) സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് നടപ്പാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ തുടർച്ചയായി അവതരിപ്പിക്കുന്ന ലാബ് നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായിട്ടാണ് തയാറാക്കിയിരിക്കുന്നത്.
പൂർണമായും സ്വതന്ത്ര്യ സോഫ്‌റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് സ്‌കൂളുകളിൽ നിലവിലുള്ള കമ്പ്വൂട്ടറുകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കും. കുട്ടികൾക്കും അധ്യാപകർക്കും പ്രഥമാധ്യാപകർക്കുമുള്ള ലോഗിനുകൾ ഉണ്ട്. കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും ഓഡിയോ-വീഡിയോ റെക്കോർഡ് ചെയ്യാനും ഭാഷാവ്യവഹാര രൂപങ്ങൾ നിർമ്മിക്കാനുമുള്ള ഗെയിം അധിഷ്ഠിത ഇന്റ്രാക്ടീവ് പ്രവർത്തനങ്ങൾ വരെ കൈകാര്യം ചെയ്യാൻ സാധിക്കും. അധ്യാപകർക്ക് ഓരോ കുട്ടിയും പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ കാണാനും വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള പിന്തുണ നൽകാനും പഠന പുരോഗതി നിരീക്ഷിക്കുന്നതിനും കഴിയുന്ന വിധത്തിലാണ് സോഫ്റ്റ് വെയർ തയാറാക്കിയിട്ടുള്ളത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെത്തുന്ന ഓരോ വിദ്യാർഥിയും മാതൃഭാഷ കൂടാതെ രണ്ട് ഭാഷകൾ കൂടി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇതരഭാഷകൾ ഒരേപോലെ ഉപയോഗിക്കാൻ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുന്നതിന് ഇത്തരം ലാംഗ്വേജ് ലാബുകൾ സഹായിക്കും.