100 Day Karma Program

100 ദിന കർമ്മപരിപാടി സംസ്ഥാന സ്‌കൂൾ കലോത്സവം,ലഹരി വിരുദ്ധ പരിപാടി,ശുചിത്വ വിദ്യാലയം ഹരിതവിദ്യാലയം

100 ദിന കർമ്മ പരിപാടി

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും വകുപ്പുകളിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിൽ 33 പ്രധാന പദ്ധതികളും തൊഴിൽ വകുപ്പിൽ 8 പ്രധാന പദ്ധതികളുമാണ് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്ത് ആദ്യമായി ആയമാർക്കുള്ള പരിശീലനം നൽകുന്നതിനായി സ്‌കോൾ കേരളയുടെ നേതൃത്വത്തിൽ ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുകയാണ്.
ഹൈസ്‌കൂളുകൾക്ക് നാല് മാസം കൊണ്ട് പതിനയ്യായിരം റോബോട്ടിക് കിറ്റ് വിതരണം ചെയ്തു.
കൈറ്റ് വികസിപ്പിച്ച ഓപ്പറേറ്റീംഗ് സിസ്റ്റം സ്‌കൂളുകൾക്ക് സൗജന്യമായി വിതരണം ചെയ്തു.
കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ പ്രത്യേക എൻട്രൻസ് കോച്ചിംഗ് സംപ്രേഷണം ആരംഭിച്ചു.
എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ സ്‌പോർട്‌സ് സ്‌കൂളുകളുടെ കരിക്കുലം തയ്യാറാക്കുകയാണ്.
രാജ്യത്ത് ആദ്യമായി പ്രീപ്രൈമറി, ലോവർ പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള നാല് കൈപ്പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുകയാണ്.
എസ്.ഐ.എം.സി.യിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ബൗദ്ധിക വികാസം മുൻനിർത്തി സെൻസറി റൂം സ്ഥാപിച്ചു.
അവിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണ്.
അതിഥി മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് ഈ മാസം 16 ന് നടക്കും.
നിർമ്മാണതൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് കെട്ടിടത്തിന്റെ ഉദ്ഘാടനം,
മൂന്നാർ ലേബർ കോംപ്ലക്‌സിന്റെ ഉദ്ഘാടനം,
കട്ടപ്പനയിലും കണ്ണൂരിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.റ്റി.ഐ. ഉദ്ഘാടനം,
കോന്നി സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം എന്നിവയും നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർവ്വഹിക്കും.

കേരള സ്‌കൂൾ കലോത്സവം

അറുപത്തി മൂന്നാം കേരള സ്‌കൂൾ കലോത്സവം 2024 ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരം ജില്ലയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ 2024 ഡിസംബർ 4 ന് ദേശീയ അടിസ്ഥാനത്തിൽ നാഷണൽ അച്ചീവ്‌മെന്റ് സർവ്വെ പരീക്ഷ നടത്താൻ തീരുമാനിച്ച വിവരം കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സർക്കുലർ പ്രകാരം അറിയിച്ചിട്ടുണ്ട്.
ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് ഒമ്പതാം ക്ലാസ്സിലെ കുട്ടികളും നാസ് പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതിരിക്കുന്ന സാഹചര്യം ഉണ്ടാകും.
ഡിസംബർ മാസത്തിൽ 12 മുതൽ 20 വരെ രണ്ടാം പാദ വാർഷിക പരീക്ഷ നടക്കുന്നതിനാലും 21 മുതൽ 29 വരെ ക്രിസ്തുമസ് അവധി ആയിരിക്കുന്നതിനാലും കേരള സ്‌കൂൾ കലോത്സവം നേരത്തെ നിശ്ചയിച്ച തീയതിയിൽ നടത്താൻ ആകാത്ത സാഹചര്യമുണ്ട്.
അതുകൊണ്ട് ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് കലോത്സവം സംഘടിപ്പിക്കും.
കൃത്യമായ തീയതി പിന്നീട് അറിയിക്കും.
രണ്ടായിരത്തി ഇരുപത്തിയഞ്ച് ജനുവരിയിലേക്ക് കലോത്സവം മാറ്റിയ സാഹചര്യത്തിൽ സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങൾ, ഇനി പറയും പ്രകാരം ക്രമീകരിക്കും.
സ്‌കൂൾതലം : ഒക്‌ടോബർ 15 നകം പൂർത്തീകരിക്കും.
സബ്ജില്ലാതലം : നവംബർ 10 നകം
ജില്ലാതലം : ഡിസംബർ 3 നകം പൂർത്തീകരിക്കും
കേരള സ്‌കൂൾ കലോത്സവ മാനുവലിൽ ഭേദഗതികൾ ഉൾപ്പെടുത്തി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
തദ്ദേശീയ നൃത്ത രൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം, എന്നീ അഞ്ചിനങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കലോത്സവ വെബ്‌സൈറ്റ് പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

ശുചിത്വ വിദ്യാലയം ഹരിതവിദ്യാലയം

സംസ്ഥാനത്ത് സ്‌കൂൾ ക്യാമ്പസുകൾ മാലിന്യമുക്തമാക്കാനുള്ള വലിയ ക്യാമ്പയിൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുകയാണ്.
ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകൾക്കായി ഒരു പ്രോട്ടോക്കോൾ വികസിപ്പിക്കും.
എസ്.സി.ഇ.ആർ.ടി. യ്ക്കാണ് ഇതിന്റെ ചുമതല.
ക്യാംപയിന്റെ ഭാഗമായി സ്‌കൂൾതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകും.
രണ്ടായിരത്തി ഇരുപത്തി നാല് നവംബർ ഒന്നോടുകൂടി അമ്പത് ശതമാനം സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും.
ഡിസംബർ 31 ഓടു കൂടി നൂറ് ശതമാനം സ്‌കൂളുകളെയും സമ്പൂർണ്ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും.
പുതുതായി തയ്യാറാക്കിയ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പരിസരപഠനം, അടിസ്ഥാന ശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി എന്നീ പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്‌കരണവും ശുചിത്വ ബോധവും പ്രതിപാദിക്കുന്നുണ്ട്.
ഈ ക്ലാസ്സുകളിൽ ഉൾപ്പെടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ആശയത്തിൽ ഊന്നി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ലഹരി വിരുദ്ധ പരിപാടി

മയക്കുമരുന്ന് ഉപയോഗം നമ്മുടെ യുവത്വത്തിന്റെ സ്വപ്നങ്ങളും ഭാവിയും കവർന്നെടുക്കുകയാണ്.
ഇരകളാകുന്നവർ മാത്രമല്ല അവരുടെ കുടുംബങ്ങളെയും സമൂഹത്തെ തന്നെയും നശിപ്പിക്കുന്ന തിന്മയാണിത്.
ഇതിന് എതിരെ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണ്.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട സർക്കാർ വളരെ വിജയകരമായി ഒന്നാംഘട്ട ലഹരി വിരുദ്ധ ക്യാംപയിനിൽ വിദ്യാർത്ഥികൾ അടക്കം ഒരു കോടി പേരെ അണി നിരത്തി.
ഇപ്പോൾ ലഹരി വിരുദ്ധ ക്യാംപയിന്റെ അടുത്ത ഘട്ടമാണ് നമ്മൾ നടപ്പാക്കുന്നത്.
വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് അവരുടെ അവകാശ സംരക്ഷണത്തിന്റെ കാതലായ പരിരക്ഷ, സുരക്ഷ, പങ്കാളിത്തം എന്നീ ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് സ്‌കൂൾ തലത്തിൽ കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
രണ്ടായിരത്തി ഇരുപത്തി നാല് þഇരുപത്തിയഞ്ച് അദ്ധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ജൂൺ 26 ന് ആന്റി ഡ്രഗ് പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി.
ഇതിന്റെ തുടർച്ചയായുള്ള പരിപാടിയായാണ് ഇന്നലെ സ്‌കൂളുകളിൽ സംവാദ സദസ്സുകൾ സംഘടിപ്പിച്ചത്.
നവംബർ 1 ന് കേരള പിറവി ദിനത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലൂടെ എല്ലാ കുടുംബങ്ങളിലും എത്തിക്കുകയാണ്.
നവംബർ 14 ന് ശിശുദിന ലഹരി വിരുദ്ധ അസംബ്ലി സ്‌കൂളുകളിൽ സംഘടിപ്പിക്കും.
ഡിസംബർ 10 ന് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുകയാണ്.
ഇതിന്റെ തുടർച്ചയായി 2025 ജനുവരി 30 ന് ക്ലാസ്സ് സഭകളും ചേരും.
ലഹരി മുക്ത ക്യാംപസ് എന്നതാണ് നമ്മുടെ ലക്ഷ്യം.
അതിനായി മുൻകൈ എടുക്കേണ്ടത് വിദ്യാർത്ഥികളാണ്.

സ്‌കൂൾ കെട്ടിടോദ്ഘാടനം

നവകേരളം കർമ്മ പദ്ധതി 2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി പുതുതായി നിർമ്മിച്ച മുപ്പത് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കുകയാണ്.
ഇതിൽ മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെ എട്ട് സ്‌കൂൾ കെട്ടിടങ്ങളും
ഒരു കോടി കിഫ് ബി ധനസഹായത്തോടെ പന്ത്രണ്ട് സ്‌കൂൾ കെട്ടിടങ്ങളും
പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള പത്ത് സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും.
കൂടാതെ പന്ത്രണ്ട് പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടൽ ചടങ്ങും നടക്കും.
പുതുതായി നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 2024 ഒക്‌ടോബർ 5 ശനിയാഴ്ച രാവിലെ 10.30 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും.

സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം ജില്ലയിലെ ശ്രീകാര്യം ഗവൺമെന്റ് ഹൈസ്‌കൂളിലും മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയും നടക്കും.