ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ബഹു. കേരള ഹൈക്കോടതിയിൽ നിലനിന്നിരുന്ന റിട്ട് ഹർജി നമ്പർ 19808/21 ലും മറ്റ് അനുബന്ധ ഹർജികളിലും എയ്‍ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം പാലിക്കുന്നത് സംബന്ധിച്ച് 10/08/2022 ന് വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ, കേഡർ സ്ട്രെങ്ങ്ത്തിലെ മൊത്തം ഒഴിവുകളിൽ 07.02.1996 മുതൽ 3% സംവരണത്തോതിൽ 07.02.1996 മുതൽ 18.04.2017 വരെയും, 19.04.2017 മുതൽ 4% സംവരണത്തോതിലും ബാക്ക് ലോഗ് കണക്കാക്കി 07.05.2019 തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരം മാനേജർമാർ നിയമനം നടത്തേണ്ടതാണ്. സാമൂഹ്യ നീതി വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള 18.11.2018 ലെ സർക്കാർ ഉത്തരവ് പ്രകാരം ഉത്തരവു തീയതിയ്ക്കുശേഷം (18/11/2018) നടത്തിയ നിയമനങ്ങളിൽ അംഗീകാരം നൽകാത്തവയ്ക്ക് ബാക്ക് ലോഗ് നികത്തിയതിനുശേഷം മാത്രമേ അംഗീകാരം നൽകാൻ പാടുള്ളൂ. എന്നാൽ ഇതിനോടകം അംഗീകാരം നൽകിക്കഴിഞ്ഞ നിയമനങ്ങൾ പുന:പരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
18.11.2018 മുതൽ ഉണ്ടായ ഒഴിവുകളിൽ ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്തി കഴിഞ്ഞ് മാത്രമേ റഗുലറായുള്ള മറ്റ് നിയമനങ്ങൾ അംഗീകരിക്കാവൂ. ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച 25.06.2022 ലെയും, 19.09.2022 ലെയും ഉത്തരവുകളുടെയും 28.10.2022 ലെ സർക്കാർ കത്തിന്റെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ 23.11.2022 ലെ പരിപത്രം പ്രകാരം മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.
07.02.1996 മുതല്‍ 18.04.2017 വരെ മൂന്ന് ശതമാനവും, 19.04.2017 മുതല്‍ നാല് ശതമാനവും നിയമനങ്ങള്‍ ഭിന്നശേഷി വിഭാഗത്തിനായി മാറ്റി വയ്ക്കുന്ന തരത്തില്‍ റോസ്റ്റര്‍ തയാറാക്കി അധികാരപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ മുന്‍പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കുവാനും, അത്തരത്തില്‍ തയാറാക്കിയ റോസ്റ്ററിന്റെ അടിസ്ഥാനത്തില്‍, ആവശ്യമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ വിട്ടു നല്‍കാന്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് കത്ത് നല്‍കുവാനും, ലഭ്യമാകുന്ന ഉദ്യോഗാര്‍ത്ഥികളെ നിയമിച്ച് അംഗീകരിക്കുന്ന മുറയ്ക്ക്, നിലവില്‍ വ്യവസ്ഥാപിത ഒഴിവില്‍ നിയമിക്കപ്പെട്ട അംഗീകാരം ലഭ്യമാകാത്ത ജീവനക്കാരുടെ നിയമനം അംഗീകരിക്കാവുന്നതാണ് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിട്ട് ഹർജി നമ്പർ 19808/21 ലും മറ്റ് അനുബന്ധ ഹർജികളിലും എയ്‍ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം പാലിക്കുന്നത് സംബന്ധിച്ച് 10/08/2022 ന് പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ നിരവധി റിട്ട അപ്പീലുകൾ ഹൈകോടതി മുമ്പാകെ ഫയൽ ചെയ്തിട്ടുള്ളതും ആയതിൽ ബഹു കോടതി ഇടക്കാല 13.12.2022 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ആയത് പ്രകാരം നിലവിലുള്ള ഒഴിവുകൾ അഡ്ജസ്റ്റ് ചെയ്തുകൊണ്ടും , റിട്ട് ഹർജി നമ്പർ 19808/21 ലെ വിധിയിലെ നിർദേശം പാലിച്ചുകൊണ്ടും മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാവുന്നതാണെന്നു ഉത്തരവായിട്ടുണ്ട്. പ്രസ്തുത വിധിന്യായം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ നിലവിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുള്ളതും ആയതു ലഭ്യമാകുന്ന മുറയ്ക്ക് തദനുസരണം നിയമനങ്ങൾ അംഗീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര തുടർ നടപടികൾ സ്വീകരിക്കുന്നതുമാണ്.