ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തി പരമാവധി പേർക്കു തൊഴിൽ നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.ഇതിനായി വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെറിട്ടോറിയ-23 എന്ന ജോബ്ഫെയർ ആരംഭിച്ചു.
വ്യാവസായിക പരിശീലന വകുപ്പ് എല്ലാ ജില്ലകളിലും നോഡൽ ഐ.ടി.ഐകളിൽ ജനുവരി 23 വരെ ഈ വർഷത്തെ ജോബ് ഫെയർ സംഘടിപ്പിക്കുകയാണ്. ഈ ജോബ് ഫെയറുകളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുളള പ്രശസ്ത കമ്പനികളും കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിൽ ദാതാക്കളായി പങ്കെടുക്കുന്നുണ്ട്. 2021-22 വർഷം നടത്തിയ ജോബ് ഫെയറിൽ 13,360 ട്രെയിനികൾ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. 663 കമ്പനികളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുത്ത ജോബ് ഫെയറിൽ 6243 ട്രെയിനികൾ ജോലി നേടി. ജോബ് ഫെയർ ആരംഭിച്ചതു മുതൽ വർഷം തോറും ഇതിൽ പങ്കെടുക്കുന്ന കമ്പനികളുടെയും ഉദ്യോഗാർഥികളുടെയും എണ്ണത്തിലും ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടാകുന്നുണ്ട്. അടുത്ത ജോബ് ഫെയറിൽ ദേശീയതലത്തിലുള്ള തൊഴിൽ ദാതാക്കളെ കൊണ്ടുവരും.