ശ്രീ. ഐ.സി. ബാലകൃഷ്ണന്‍, എം.എല്‍.എ, 31.08.2022 ന് ഉന്നയിച്ചിട്ടുള്ള, “സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അതിരാറ്റുകുന്ന് ,വാളവയല്‍ എന്നീ വിദ്യാലയങ്ങളിൽ യൂ .പി വിഭാഗം അനുവദിക്കുന്നത്” സംബന്ധിച്ച സബ്മിഷനുളള മറുപടി

സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അതിരാറ്റുകുന്ന്, വാളവയല്‍ എന്നീ ഹൈസ്കൂൾ വിദ്യാലയങ്ങളിൽ യു.പി. വിഭാഗം അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ബഹു. എം. എൽ. എ യുടെ ആവശ്യം പരിശോധിക്കുകയുണ്ടായി. നിലവില്‍ എല്‍.പി.വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും പ്രവർത്തിക്കുന്ന വാളവയല്‍ ഗവ.ഹൈസ്കൂള്‍, അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂള്‍ എന്നീ സ്കൂളുകളില്‍ യു.പി.വിഭാഗം കൂടി അനുവദിക്കുന്നത് സ്കൂള്‍ അപ്ഗ്രഡേഷന്‍ ആണ്. വിദ്യാഭ്യാസ അവകാശനിയമത്തിലെ ഏതെങ്കിലും സെക്ഷന്‍ അടിസ്ഥാനമാക്കി മാത്രം നിലവിലുള്ള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനോ പുതുതായി സ്കൂളുകള്‍ ആരംഭിക്കാനോ സാധിക്കില്ല. സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാർത്ഥി കളുടെ എണ്ണം, uneconomic schools എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കുന്ന വിശാല പൊതു നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സംസ്ഥാനത്ത് നിലവിലുള്ള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനോ പുതുതായി സ്കൂളുകള്‍ ആരംഭിക്കാനോ സാധിക്കൂ.
സംസ്ഥാനത്ത് കേരള സിലബസിലുള്ള ഗവണ്മെന്റ് /എയ്ഡഡ് സ്കൂളുകള്‍ക്കു പുറമെ കേരള സിലബസിലുള്ള അണ്‍ എയ്ഡഡ് സ്കൂളുകള്‍ ,CBSE, ICSE സ്കൂളുകള്‍ എന്നിവയും ധാരാളമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികൾക്ക് അവർക്കിഷ്ടമുള്ള സ്കൂളുകളില്‍ ചേർന്ന് പഠിക്കാവുന്ന തരത്തിലുളള യാത്രാസൗകര്യങ്ങളും ലഭ്യമാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചു മാത്രമേ അപ്ഗ്രഡേഷന്‍ സംബന്ധിച്ച നയപരമായ തീരുമാനം കൈക്കൊള്ളാനാകൂ. എങ്കിലും ഇത്തരത്തിൽ എൽ.പി. വിഭാഗവും ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുകയും എന്നാൽ യു. പി. വിഭാഗം ഇല്ലാത്തതുമായ സ്കൂളുകളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രസ്തുത വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്കും ഇതു സംബന്ധിച്ച് ഒരു പൊതുതീരുമാനം കൈക്കൊള്ളുന്ന മുറയ്ക്കും സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽപ്പെട്ട അതിരാറ്റുകുന്ന് ,വാളവയല്‍ എന്നീ ഹൈസ്കൂളുകളില്‍ യു.പി.വിഭാഗം കൂടി തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതാണ്.