കേരളീയം പിറന്നു; കേരളീയർക്ക് ഒന്നിച്ചാഘോഷിക്കാൻ കേരളീയം എനി എല്ലാവർഷവും
** ‘കേരളീയത്തിനു മുൻപും ശേഷവുമെന്നു കേരള ചരിത്രം എഴുതപ്പെടും’
** അടുത്ത വർഷത്തെ കേരളീയത്തിനു പ്രചാരണവുമായി വേദിയിൽ മോഹൻലാലിന്റെ സെൽഫി
കേരളത്തിന്റെ ലോകോത്തര സവിശേഷതകൾ ലോകത്തിനു മുന്നിൽ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയമുണ്ടാകുമെന്നു മലയാളത്തിന്റെ മഹോത്സവത്തെ ലോകത്തിനു സമ്മാനിച്ചു. കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോടു വിളിച്ചുപറയാനുമുള്ള അവസരമാണു കേരളീയം. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കേരളത്തിന്റേതുമാത്രമായ വ്യക്തിത്വസത്തയുമുണ്ട്. ഇത് തിരിച്ചറിയപ്പെടാത്ത സാഹചര്യത്തിൽ ഇതിനെ രാജ്യത്തിനും ലോകത്തിനും മുന്നിൽ അവതരിപ്പിക്കാൻ ശരിയായ രീതിയിൽ കഴിയുന്നില്ല. എല്ലാ മേഖലകളിലും വേറിട്ടുനിൽക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം ഉൾച്ചേർത്ത് ആർക്കും പിന്നിലല്ല കേരളീയരെന്നും, പലകാര്യങ്ങളിലും എല്ലാവർക്കും മുന്നിലാണു കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയർത്താൻ കേരളീയം സഹായകമാവും.
അസാധാരണമായ നേട്ടങ്ങൾ കരസ്ഥമാക്കിയ നാടാണു കേരളം. പലർക്കും അപ്രാപ്യമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അപാരമായ സിദ്ധികളും സാധ്യതകളും കേരളത്തിനുണ്ട്. തനതു കലാരംഗങ്ങൾ മുതൽ ഐടി മേഖലവരെയും മത്സ്യോത്പാദനം മുതൽ ടൂറിസം വരെ തുടങ്ങി ഏതു മേഖല നോക്കിയാലും വലിയ സാധ്യതകളാണുള്ളതെന്നു കാണാം. ഭൂപരിഷ്കരണം മുതൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ ജനകീയവത്കരണം വരെ ഏതെല്ലാം രംഗങ്ങളിൽ എന്തെല്ലാം മാതൃകകളാണുള്ളത്. എന്നാൽ അതിവിപുലമായ ഈ നേട്ടങ്ങളോ സാധ്യതകളോ അവ അർഹിക്കുന്ന വിധത്തിൽ ലോകം തിരിച്ചറിഞ്ഞിട്ടില്ല. ഈ രണ്ടു വശങ്ങളും മുൻനിർത്തി പുതിയ കേരളത്തെ, വിജ്ഞാന സമൂഹത്തിലേക്കു കുതിക്കുന്ന, മാറിയ കേരളത്തെ ലോക ക്രമത്തിനൊത്തു ചുവടുവയ്ക്കുന്ന കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയെന്നതാണു കേരളീയമെന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തെക്കുറിച്ച് അഭിമാനിക്കുക, കേരളീയതയെ ലോകസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് കേരളീയത്തിന്റെ ഉദ്ദേശ്യം. ഇതിലൂടെ എല്ലാ രംഗത്തും കേരളം ലോകമാകെ ശ്രദ്ധിക്കപ്പെടും. ലോകശ്രദ്ധ സംസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുന്ന മുറയ്ക്കു കേരളത്തിന്റെ സമസ്ത രംഗങ്ങളിലേയും കുതിച്ചുചാട്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുകയും ചെയ്യും.
ഒരു നാട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ സാമൂഹ്യമായും സാംസ്കാരികമായും സാമ്പത്തികമായും ആ നഗരം ഉയരുകയാണു ചെയ്യുന്നത്. ലോകത്തെ മഹത്തായ കലാസാംസ്കാരിക പരിപാടികൾക്കു വേദിയാകുന്ന നഗരങ്ങളുടെ അനുഭവമിതാണ്. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന നഗരങ്ങളുണ്ട്. ഇത്തരം മേളകളിലെ മികച്ച കാര്യങ്ങൾ സ്വാംശീകരിച്ച് കേരളീയത്തെ ഒരു ലോകോത്തര ബ്രാൻഡാക്കി വളർത്തിയെടുക്കണം. ലോകജനത ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാത്ത, ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ട ഒട്ടേറെ സവിശേഷതകൾ കേരളത്തിലുണ്ട്. ഇന്ത്യൻ ചികിത്സാ സമ്പ്രദായമായിരിക്കെത്തന്നെ തനിമയോടെ കേരളം വളർത്തിയെടുത്ത ആയുർവേദം തുടങ്ങി ഭൂപ്രകൃതിയും ജലസമൃദ്ധിയും ധാന്യസമൃദ്ധിയും ഹരിതാഭയും മിത ശീതോഷ്ണാവസ്ഥയും സുഖകരമായ ആവാസവ്യവസ്ഥയും വൈവിധ്യമാർന്ന നാട്ടുഭക്ഷണ രീതികളും നാട്ടു ഭാഷണ രീതികളും ചേർന്ന് വൈവിധ്യമാർന്ന സവിശേഷതകളാണ് കേരളത്തിനുള്ളത്. വിവിധങ്ങളായ സംസ്കാരങ്ങളുടെ സംഗമം, ജനജീവിതാനുതകുന്ന സാംസ്കാരിക, രാഷ്ട്രീയ, ഭൗതിക പരിസരങ്ങൾ തുടങ്ങിയവയെല്ലാം ലോകശ്രദ്ധയിലെത്തിക്കുവാൻ കേരളീയത്തിനു കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാളും തീയുമായി വിവിധ വിശ്വാസ വിഭാഗങ്ങൾ പരസ്പരം ആക്രമിച്ചു നശിക്കുമ്പോൾ ഇവിടെ നാം രൂപപ്പെടുത്തിയ സാംസ്കാരിക സമന്വയത്തിന്റെയും മതനിരപേക്ഷ ഐക്യത്തിന്റെയും അന്തരീക്ഷം അവർക്കൊക്കെ മാതൃകയാക്കാവുന്നതാണ്. ലോകത്തിന്റെ പലഭാഗങ്ങളിലെയും വംശീയ സംഘർഷങ്ങൾക്കുള്ള ഒറ്റമൂലിയാകുന്ന ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന കേരളത്തിന്റെ പ്രത്യേകതയും ആ ബോധം വളർത്തിയെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ പൈതൃകവും ലോകമാകെ ശ്രദ്ധിക്കേണ്ടതാണ്. വിശ്വ സംസ്കാരത്തിന്റെ മിനിയേച്ചർ മാതൃക കേരളത്തിലുണ്ടെന്നു ലോകത്തോടു വിളിച്ചു പറയാൻ കഴിയണം. ലോകത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് ആ പ്രദേശങ്ങളുടെയെല്ലാം വികസനത്തിൽ വലിയ പങ്കുവഹിച്ചിട്ടുള്ള പ്രവാസി സമൂഹത്തെയും അവരുടെ സാംസ്കാരികതയേയും ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം.
വിവിധ തലങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കേരളത്തെ ഉയർത്തിക്കൊണ്ടുവരണം. അതിന്റെ ഭാഗമായാണു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കുന്നത്. നവകേരള നിർമിതിയുടെ ഭാഗമായി ലോകത്തിന്റെ ഏതു ഭാഗത്തെ ജനതയോടും മത്സരിച്ചു നിൽക്കാനും വിജയിക്കാനും വൈജ്ഞാനികമായി പ്രാപ്തമായ തലമുറയെ വാർത്തെടുക്കണം. അതിന് ഉതകും വിധം ലോകത്തിന്റെയാകെ അറിവുകളും അനുഭവങ്ങളും സ്വാംശീകരിക്കണം. അതിനായി ലോകത്തെയാകെ കേരളത്തിലേക്ക് ആകർഷിക്കണം. ഇതിനുള്ളതാണു കേരളീയം. നഷ്ടപ്പെടാൻ ഒന്നുമില്ലെന്നു കരുതുന്ന ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴ്പ്പെടുത്താം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലത് തങ്ങൾക്കുണ്ടെന്ന ബോധമാണു ചെറുത്തുനിൽക്കാൻ കരുത്തു നൽകുന്നത്. അതാണു കേരളീയത. കേരളീയത എന്ന നമ്മുടെ ആത്മാഭിമാനത്തെ ഉദ്ദീപിപ്പിക്കുന്നതാകും കേരളീയം. കേരളീയത്തിനു മുൻപും ശേഷവും എന്ന രീതിയിൽ കേരള ചരിത്രം രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളീയത്തിൽ പങ്കുചേരാനും ഭാവി കേരളത്തിന് ഉതകുന്ന ആശയങ്ങളും അറിവുകളും പകർന്നുനൽകാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിദഗ്ധർ, പണ്ഡിതർ, പ്രതിഭകൾ തുടങ്ങിയവർ കേരളീയത്തിന്റെ ഭാഗമാവുകയാണ്. കേരളത്തനിമയുടെ ആവിഷ്കാരമായ 42 പ്രദർശന നഗരികൾ, നവകേരളത്തിന്റെ രൂപരേഖയൊരുക്കുന്ന സെമിനാറുകൾ, ചലച്ചിത്രോത്സവം, പുഷ്പോത്സവം, ട്രേഡ് ഫെയറുകൾ, കലാപരിപാടികൾ തുടങ്ങി നാട് ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷമാണ് ഏഴു സുന്ദര രാപ്പകലുകളിലായി കേരളീയത്തിൽ ഒരുക്കിയിരിക്കുന്നത്.