റിട്ടയർഡ് അധ്യാപകരുടെ റിസോർസ് ബാങ്ക് ;പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് റിട്ടയർ ആയിട്ടുള്ള പ്രഗത്ഭ റിസോർസ് അധ്യാപകരെ റിസോർസ് ബാങ്ക് രൂപീകരിച്ച് അതിൽ ഉൾപ്പെടുത്തുകയും അവരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. റിട്ടയർമെന്റ് പ്രായപരിധിയായ 56 വയസ് മനുഷ്യായുസിൽ താരതമ്യേന ചെറുപ്പമാണ്. സർവീസിൽ നിന്ന് പുറത്തുപോയാലും സേവന സന്നദ്ധരായ അധ്യാപകരിൽ പലരും സൗജന്യമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പരിഗണിക്കും.
സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി. പുരസ്കാര ജേതാക്കളായ അധ്യാപകരുടെ നിർദേശങ്ങൾ കൂടി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കേൾക്കുന്നതിന് ഈ അധ്യാപകരെ ഉൾക്കൊള്ളിച്ച് ശില്പശാല സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി പരിശോധിച്ച് ജില്ലാതല സെലക്ഷന് കമ്മിറ്റിയുടെ ശുപാര്‍ശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രൈമറി തലത്തില്‍ 14 അദ്ധ്യാപകരേയും സെക്കന്ററിതലത്തില് 13 അദ്ധ്യാപകരേയും (തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് എന്‍ട്രി ലഭിച്ചിട്ടില്ല), ഹയര്‍സെക്കന്ററി തലത്തില്‍ 9 അദ്ധ്യാപകരേയും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 5 അദ്ധ്യാപകരേയും 2021 വര്‍ഷത്തെ സംസ്ഥാന തല അദ്ധ്യാപക പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അവാര്‍ഡ് ജേതാക്കള്‍ക്ക് 10,000/- രൂപയും പ്രശസ്തി പത്രവും, ശില്പവും മന്ത്രി വി ശിവൻകുട്ടി പുരസ്കാരമായി നല്കി.
അദ്ധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2020 വര്‍ഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിൽ സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ ഡി. ഷാജിയും വൈജ്ഞാനിക സാഹിത്യത്തില്‍ ഡോ.പി.സുരേഷും ബാലസാഹിത്യത്തില്‍ എം.കൃഷ്ണദാസും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സര്‍ഗാത്മകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാരംഗം അവാര്‍ഡും വിതരണം ചെയ്തു.
മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ്, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.