ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പയിന്-സത്യമേവ ജയതേ
ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള സത്യമേവ ജയതേ എന്ന ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പയിന് എല്ലാ പഠിതാക്കളിലേക്കും എത്തിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കണ്ടറി – വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി റഗുലര്‍ വിദ്യാര്‍ഥികളിലേക്കും, സ്കോള്‍-കേരള മുഖേന പഠനം നടത്തുന്ന പ്ലസ്ടു വിദ്യാര്‍ഥികളിലേക്കും ഈ സംരംഭം എത്തിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റില്‍ നിന്നും യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായി വിവരസാങ്കേതിക വിദ്യയെ വിനിയോഗിക്കാനും കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ് സത്യമേവ ജയതേ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
ലോകം അതിവേഗം മുന്നേറുകയാണ്. വിജ്ഞാനം വിരല്‍ തുമ്പില്‍ എത്തി നില്ക്കുന്ന ആധുനിക ലോകത്ത് അറിവ് സമ്പാദനം എളുപ്പത്തില്‍ സാധ്യമാണ്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും വ്യാവസായികം – വാണിജ്യം -പ്രതിരോധം തുടങ്ങി സമസ്ത മേഖലയിലും വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ നാം കൈവരിച്ചിട്ടുള്ളത്. വിവരസാങ്കേതിക രംഗത്തും വിജ്ഞാനം ആര്‍ജിക്കുന്ന രംഗത്തും ഗുണപരമായി ഇന്റര്‍നെറ്റ് സൃഷ്ടിച്ച സാധ്യതകള്‍ ദോഷവും സൃഷ്ടിക്കുന്നുണ്ട്. മനുഷ്യന്റെ ജീവിത ശൈലിയെത്തന്നെ മാറ്റി മിറക്കുന്ന സ്വഭാവ വ്യതിയാനംവരെ സാധ്യമാക്കുന്നവിധം ഹാനികരമായ പലതും ഇന്റര്‍നെറ്റിലൂടെ ലഭ്യമാണ്. വ്യാജവാര്‍ത്തകളും വ്യക്തിത്വത്തിന് ഹാനികരമായ ചിത്രങ്ങളും വീഡിയോകളും ഇത് വഴി ലഭ്യമാണ്. ഇവ പ്രധാനമായും കുട്ടികളെയും യുവജനങ്ങളേയും തെറ്റായ വഴികളിലേക്ക് നയിക്കുന്നു. ഗുണവും ദോഷവും മിശ്രമാവാത്ത സാങ്കേതികവിദ്യ ഒന്നുമുണ്ടാകില്ല. എന്നാലും ഗുണകരമായ വസ്തുതകള്‍ സ്വീകരിച്ച് ശരിയായ രൂപത്തില്‍ ജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം പുതിയ തലമുറയെ ബോധവല്‍ക്കരിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ ആജീവനാന്ത വിദ്യാഭ്യാസ സ്ഥാപനമായ സ്കോള്‍-കേരളയില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് പഠിച്ച് 2022 മാര്‍ച്ചിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സംസ്ഥാനത്തെ 574 വിദ്യാര്‍ഥികളെയും ഡി.സി.എ. പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയവരേയും സ്കോള്‍-കേരള അനുമോദിക്കുന്ന ചടങ്ങുകൂടി ഇതോടൊപ്പം നടക്കുകയാണ്. എസ്.എസ്.എല്‍.സി. യോ തത്തുല്യ യോഗ്യതയോ നേടിയതിനു ശേഷം വിവിധ സാഹചര്യങ്ങളാല്‍ തുടര്‍പഠനം നിലച്ചുപോയ ഒട്ടനവധി വിദ്യാര്‍ഥികളുണ്ട്. ഇത്തരക്കാര്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്കി മെച്ചപ്പെട്ട കരിയറിലേക്ക് ഉയര്‍ത്താനുള്ള കൈത്താങ്ങാണ് സ്കോള്‍-കേരള ഒരുക്കുന്നത്. പ്രതിവര്‍ഷം ശരാശരി നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ സ്കോള്‍-കേരളയില്‍ ഹയര്‍ സെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷന് വഴി പ്രവേശനം നേടുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ രംഗം അഭിമുഖീകരിച്ച പ്രതികൂല സാഹചര്യത്തെ തരണം ചെയ്യുന്നതിന് സ്കോള്‍-കേരളയും കാലോചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക ക്ലാസ്സുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ സമയബന്ധിതമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. അധിക പിന്തുണയെന്നോണം സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേകമായ വീഡിയോ ക്ലാസ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയത് കുട്ടികള്‍ക്ക് പ്രയോജന പ്രദമായി എന്നതിന്റെ തെളിവാണ് ഈ വിജയം. പ്രതികൂല സാഹചര്യങ്ങളിലും സ്കോള്‍-കേരളയില്‍ നിന്നും ലഭിച്ച ഓറിയന്റേഷന്‍ സമ്പര്‍ക്ക ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്തി 2022 അധ്യയന വര്‍ഷത്തില്‍ ഉപരിപഠനത്തിന് ലഭിച്ച ഓരോ വിദ്യാര്‍ഥിയും അനുമോദനത്തിന് അര്‍ഹരാണ്. വിദ്യാര്‍ഥികളുടെ ഇത്തരത്തിലുള്ള വിജയത്തിനുള്ള എല്ലാ അക്കാദമിക പിന്തുണയും ഉറപ്പാക്കിയ സ്കോള്‍-കേരളയുടെ പഠന/പരീക്ഷ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍, കോഡിനേറ്റിംഗ് അധ്യാപകര്‍, മറ്റ് അധ്യാപകര്‍ എന്നവരും ഈ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.
സ്കോള്‍-കേരളയെ ആജീവനാന്ത വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ തൊഴിലധിഷ്ഠിത ലൈഫ് എന്ററിച്ച്മെന്റ് കോഴ്സുകളും വിവിധങ്ങളായ ഡിപ്ലോമ-സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിച്ച് ഈ മേഖലയില്‍ മികച്ച ഇടപെടലുകള്‍ നടത്താന്‍ ഈ സ്ഥാപനത്തിന് കഴിയേണ്ടതുണ്ട്. സ്വന്തമായി ഒരു ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുന്നതിനും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ വര്ധിപ്പിച്ചുനല്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. പുത്തന്‍ ഉണര്‍വോടെ ഈ സ്ഥാപനത്തെ നവീകരിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാവിധ സഹായവും ഉണ്ടാകും.