Performance Grading Index

$ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ചാവും പുതിയ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കുക.

$ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാട് രേഖകൾ (പൊസിഷൻ പേപ്പറുകൾ) തയാറാക്കുന്നതാണ് ആദ്യഘട്ടം.

$ പൊസിഷൻ പേപ്പറുകൾ തയാറാക്കുന്നതിന് നേതൃത്വം നൽകുന്നതിന് 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് അവയുടെ പ്രവർത്തനം നടന്നുവരുകയാണ്.

$ ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന് മുമ്പ് വിപുലമായ ജനകീയ ചർച്ചകൾ നടത്തുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

$ ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ഒരു കൈപ്പുസ്തകം (സമൂഹചർച്ചാ കുറിപ്പ്) തയാറാക്കുകയും ഇതിന് പാഠ്യപദ്ധതി കോർ കമ്മിറ്റി അംഗീകാരം നൽകി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

$ സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള സമഗ്രമായ ജനകീയ ചർച്ചകളാണ് നടത്തുന്നത്.

$ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.

$ എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

$ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും സംഘാടകസമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

$ എല്ലാ സ്കൂളുകളിലും സ്കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ സ്കൂൾതല സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

$ ഓരോതലത്തിലും നടക്കുന്ന ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിന് റിസോഴ്സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു.

സ്കൂൾതല ജനകീയ ചർച്ച

$ എല്ലാ സ്കൂളുകളിലും സ്കൂൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ സംഘടിപ്പിച്ച് വരികയാണ്.

പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിലുള്ള ചർച്ച

$ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, പ്രാതിനിധ്യ സ്വഭാവത്തോടെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെട്ട എല്ലാപേരെയും ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് തലത്തിലും ജനകീയ ചർച്ച സംഘടിപ്പിക്കുകയാണ്.

$ മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ പ്രാദേശികതല ചർച്ച ഒന്നിലധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നതാണ്.

ബ്ലോക്ക്തല ചർച്ചയും ക്രോഡീകരണവും

$ ഗ്രാമപഞ്ചായത്ത് റിപ്പോർട്ടുകളെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ ചർച്ചകളിലൂടെ ക്രോഡീകരിക്കണം.

$ പ്രാദേശിക വിദ്യാഭ്യാസ വിദഗ്ധർ, രാഷ്ട്രീയ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിൻറെ വൈവിധ്യം ഉൾക്കൊള്ളുന്ന പ്രാതിനിധ്യം ഈ ചർച്ചയിലും ഉറപ്പുവരുത്തണം.

കുട്ടികളുടെ ചർച്ചകൾ

$ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വിദ്യാലയങ്ങളിലും നിശ്ചയിക്കുന്ന പ്രത്യേക ദിവസം ഒരു പീരിയഡ് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചർച്ചകൾക്കായി മാറ്റിവയ്ക്കുന്നതാണ്. നവംബർ 17ന് കേരളത്തിലെ എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ ചർച്ചകൾ നടത്തുന്നതാണ്. ഇതിലേക്കായി പ്രത്യേക കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിർദ്ദേശങ്ങൾ ഒരു സുപ്രധാന ഡോക്യുമെൻറായി തയാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്.

ടെക് പ്ലാറ്റ് ഫോം

പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ഒരു ടെക്പ്ലാറ്റ്ഫോം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്രസ്തുത ടെക് പ്ലാറ്റ്ഫോം ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കേരളത്തിലുള്ളവർക്കും രാജ്യത്തിലാകെയും ഇന്ത്യയ്ക്ക് പുറത്തുള്ളവർക്കും പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.

ടെക് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) എസ്.സി.ഇ.ആർ.ടി-ക്ക് വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ് www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം.

ടെക് പ്ലാറ്റ്ഫോമിൽ വിദ്യാർത്ഥികൾ, അധ്യാപകർ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൊതുജനങ്ങൾ തുടങ്ങിയവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സൗകര്യമുണ്ട്. വെബ്സൈറ്റിൽ മൊബൈൽ ഫോൺ നമ്പരോ ഇ-മെയിൽ വിലാസമോ ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. 26 ഫോക്കസ് ഏരിയയിൽ ഓരോരുത്തർക്കും താല്പര്യമുള്ളവ തെരഞ്ഞെടുത്ത് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാവുന്നതാണ്. ഓരോ മേഖലയിലുമുള്ള ചോദ്യം തെരഞ്ഞെടുത്ത് നൽകിയിരിക്കുന്ന കമന്റ് ബോക്സിൽ നിർദേശങ്ങൾ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്താം. എഴുതി തയ്യാറാക്കിയ നിർദേശങ്ങൾ ഇമേജ്, പി.ഡി.എഫ്. ഫോർമാറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങൾ ഉൾപ്പെടുത്തിയശേഷം സബ്‍മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതും കൂടുതൽ മേഖലകളിലെ‍ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ഇതേ രീതി ആവർത്തിക്കേണ്ടതുമാണ്.

പൊതുജനങ്ങൾക്കുള്ള ലോഗിൻ കൂടാതെ ബ്ലോക്ക്, ജില്ലാതലങ്ങളിൽ നടത്തുന്ന ജനകീയ ചർച്ചകളിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തുന്നതിന് പ്രത്യേക ലോഗിനും ഈ ടെക് പ്ലാറ്റ്ഫോമിൽ ഉണ്ട്. വ്യക്തികൾ, ബ്ലോക്ക്, ജില്ലാതലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നൽകുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും സംസ്ഥാനതലത്തിൽ വീക്ഷിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ഔദ്യോഗിക ലോഗിൻ സൗകര്യവുമുണ്ട്. കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വിശദാംശങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തുന്നതിനുള്ള രീതി, ഓരോ മേഖലയുടേയും പേര്, വിദ്യാഭ്യാസത്തിന്റെ ദർശനം തുടങ്ങിയവ രജിസ്റ്റർ ചെയ്യാതെ തന്നെ ഏതൊരാൾക്കും പോർട്ടലിലൂടെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുന്നതിന് രജിസ്ട്രേഷൻ ആവശ്യമാണ്. ടെക് പ്ലാറ്റ്ഫോം സംബന്ധിച്ച യൂസർ ഗൈഡും പോർട്ടലിലുണ്ട്.

ഭാവിപ്രവർത്തനങ്ങൾ

$ 2022 നവംബർ 30 നകം 26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും

$ 2022 ഡിസംബർ 31 നകം കരട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കും.

$ 2023 ജനുവരി മാസം കരട് പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മേഖലാതല സെമിനാറുകൾ, ചർച്ചകൾ സംഘടിപ്പിക്കും.

$ 2023 ഫെബ്രുവരിയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തിയാക്കും.

$ 2023 മാർച്ച് മുതൽ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.

$ 2023 ഒക്ടോബറിൽ പാഠപുസ്തക രചന ഒന്നാം ഘട്ടം പൂർത്തിയാക്കും. 2024-25 അധ്യയനവർഷത്തിൽ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച പാഠപുസ്തകങ്ങൾ നിലവിൽ വരും.

$ 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരും

പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് :-

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2020 – 21 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാമതെത്തിയത് നമ്മുടെ കോവിഡ്കാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. വിജ്ഞാന സമ്പാദനം, വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം, അടിസ്ഥാന സൗകര്യങ്ങൾ,പങ്കാളിത്തം, ഭരണ പ്രക്രിയ എന്നിങ്ങനെയുള്ള അഞ്ചു മാനദണ്ഡങ്ങളാണ് ഇൻഡക്സ് തയ്യാറാക്കാൻ പരിഗണിച്ചത്.

പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ആരംഭിച്ച 2017 – 18 മുതൽ കേരളം പ്രഥമ ശ്രേണിയിലുണ്ട് എന്നത് കേരള വിദ്യാഭ്യാസരംഗത്തിന്റെ ഗുണമേന്മയുടെ ആഴം വ്യക്തമാക്കുന്നു. 2017 – 18 കാലം മുതലുള്ള കേരളത്തിന്റെ സ്കോർ നോക്കുക.

2017 – 18 – 826
2018 – 19 – 862
2019 – 20 – 901
2020 – 21 – 928

അതായത് മഹാമാരിയുടെ അതിതീവ്ര ഘട്ടത്തിൽ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ സജീവമായി എന്നർത്ഥം. ഡിജിറ്റൽ ക്ലാസുകൾ മികച്ച രീതിയിൽ നടത്താൻ നമുക്കായി എന്നതാണ് ഇത് കാണിക്കുന്നത്. കൈറ്റ് – വിക്ടഴ്സ് ചാനൽ വഴി “ഫസ്റ്റ് ബെൽ ക്ളാസുകൾ” നമ്മൾ ആരംഭിക്കുന്നത് 2020 ജൂൺ മാസത്തിലാണ്.

ഉൾച്ചേർന്ന വിദ്യാഭ്യാസമാണ് കേരള മാതൃകയുടെ പ്രത്യേകത. വിദ്യ ആർജ്ജിക്കാൻ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകുക എന്നത് ഓരോ കുട്ടിയുടെയും അവകാശമായി നമ്മൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കുട്ടികൾക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കാൻ നമുക്കാവുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ സർക്കാരിന്റെ ഇടപെടൽ പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും വിപ്ലവകരമായ മാറ്റങ്ങളാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയത്.