പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബർ 16-ന് കൈറ്റ് വിക്ടേഴ്സിൽ ആരംഭിക്കുന്നു. 110 സ്കൂളുകളിൽ ഇപ്പോൾ വീഡിയോ ഡോക്യുമെന്റേഷൻ നടക്കുകയാണ്. ഒന്നരലക്ഷത്തിലധികം കുട്ടികൾ ഷൂട്ടിംഗിന്റെ ഭാഗമാകും. ഇത്രയും വിപുലമായ പങ്കാളിത്തമുള്ള റിയാലിറ്റിഷോകൾ അപൂർവമാണ്. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ ഹരിതവിദ്യാലയത്തിന്റെ മൂന്നാം സീസണാണിത് . 2010-11, 2017-18 വർഷങ്ങളിലെ‍ ഒന്നും രണ്ടും സീസണുകൾ അന്താരാഷ്ട്ര തലത്തിൽ (യുനെസ്കോ, വേൾഡ് ബാങ്ക് ഉൾപ്പെടെ) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓൺലൈനിൽ അപേക്ഷിച്ച 753 സ്കൂളുകളിൽ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത 110 സ്കൂളുകളാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക, സാങ്കേതിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ നമ്മുടെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ അന്താരാഷ്ട്ര തലത്തിൽ പങ്കുവെയ്ക്കാൻ കഴിയുന്ന തരത്തിലാണ് റിയാലിറ്റി ഷോയുടെ ക്രമീകരണം. പഠന പഠനേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം, സാമൂഹിക പങ്കാളിത്തം, ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഹരിതവിദ്യാലയം സീസൺ 3-ൽ പ്രധാനമായി ചർച്ച ചെയ്യുന്നത്. ഹരിതവിദ്യാലയം ഒന്നാം സീസണിനു വേണ്ടി 2011-ൽ കേരളത്തിന്റെ പ്രിയകവി ഒ.എൻ.വി. കുറുപ്പാണ് മുദ്രാഗാനത്തിന്റെ വരികൾ രചിച്ചത്.

കോവിഡ് കാലത്ത് നമ്മെ വിട്ടുപോയ മലയാളത്തിന്റെ പ്രസിദ്ധനായ സംഗീത സംവിധായകൻ ശ്രീ. ഐസക് തോമസ് കൊട്ടുകാപ്പിള്ളിയാണ് സംഗീതം നൽകിയത്. ‘മൺതരിതൊട്ട് മഹാകാശം വരെ’ എന്നു തുടങ്ങുന്ന മുദ്രാഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്കാരമാണ് ഇവിടെ പ്രകാശനം ചെയ്യുന്നത്. ശ്വേതാ മോഹനും വിജയ് യേശുദാസുമാണ് ഗായകർ. മൂന്നു മിനിറ്റിലധികം ദൈർഘ്യമുള്ള മുദ്രാഗാനം നമ്മുടെ പൊതുവിദ്യാലയങ്ങിലെ പുതിയ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരം കൂടിയാണ്. കൈറ്റിന് വേണ്ടി സി-ഡിറ്റാണ് മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കരണം നടത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ ഏജൻസികൾക്കും പുറമെ വിവിധ വകുപ്പുകളും ഈ വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ പങ്കാളികളാവുന്നുണ്ട് എന്ന് കൂടെ സൂചിപ്പിക്കട്ടെ.

ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ സ്പോൺസർ ചെയ്തിരിക്കുന്നത് എസ്.സി.ഇ.ആർ.ടി.യും ആരോഗ്യ വകുപ്പിലെ നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായാണ്. രണ്ടാം സമ്മാനമായ 15 ലക്ഷം രൂപയുടെ സ്പോൺസർ പ്ലാനിംഗ് വകുപ്പിനു കീഴിലുള്ള K-DISC ആണ്. മൂന്നാം സമ്മാനമായ 10 ലക്ഷം എസ്.എസ്.കെ.യുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഇതിനു പുറമെ അവസാന റൗണ്ടിലെത്തുന്ന മറ്റ് 7 സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതം കൈറ്റ് നൽകും. ഒന്നാം റൗണ്ടിലെത്തിയ 110 സ്കൂളുകൾക്കും 15,000/- രൂപ വീതം കൈറ്റ് നൽകും.
സ്കൂൾതല ഷൂട്ടിനു ശേഷം റിയാലിറ്റിഷോയുടെ ഫ്ലോർ ഷൂട്ട് നവംബർ 29 മുതൽ ഡിസംബർ 10 വരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടക്കും.
ഡിസംബർ 16 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ആരംഭിക്കും. ഫസ്റ്റ്ബെൽ ക്ലാസുകളെപ്പോലെ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഷോ ലഭ്യമായിരിക്കും. ഫെബ്രുവരി മാസത്തോടെ ഗ്രാന്റ്ഫിനാലെ നടത്താനാണ് പദ്ധതി ഇട്ടിട്ടുള്ളത്.