Remembering is not erasing history; Ayyankali Panchami Memorial School

വിദ്യാഭ്യാസമെന്നത് ജാതി മത ചിന്തകൾക്കപ്പുറം ആയിരിക്കണമെന്ന് ഒരു ജനതയോട് ആഹ്വനം ചെയ്ത മഹാത്മ അയ്യങ്കാളിയ്ക്ക് കേരള സർക്കാരിന്റെ അംഗീകാരം. അയ്യങ്കാളി നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ വിദ്യാഭ്യാസത്തിൽ ഒരു ജനതയുടെ ദിശ തന്നെ മാറ്റി മറിച്ചതായിരുന്നു. അയ്യങ്കാളിയും പഞ്ചമിയുടെ സ്‌കൂൾ പ്രവേശനവും കേരള നവോത്ഥാനത്തിലെ സുപ്രധാന ഏടാകുന്നതും അതുകൊണ്ടാണ്. ചരിത്രത്തെ ഒരു പ്രത്യക വിഭാഗത്തിന്റെ കെട്ടുകഥകളാക്കി മാറ്റാൻ സത്യാനന്തരകാലത്ത് ശ്രമങ്ങൾ നടക്കുമ്പോഴാണ് അയ്യങ്കാളിയെന്ന ദീർഘ വീക്ഷണ വിപ്ലവകാരിയുടെ പേരിൽ സംസ്ഥാനത്ത് ഒരു സ്‌കൂൾ വരുന്നത്. ഊരൂട്ടമ്പലം സർക്കാർ യു.പി. സ്കൂൾ ഇനിമുതൽ അയ്യങ്കാളി പഞ്ചമി സ്‌കൂൾ എന്നറിയപ്പെടും. ചരിത്രത്തെ വരും തലമുറയിലേക്ക് പകർന്നു കൊടുക്കുന്ന വിപ്ലവകരമായ ഒരു തീരുമാനത്തിനാണ് ഇതിലൂടെ സർക്കാർ തുടക്കമിട്ടിരിക്കുന്നത്.

കുടിപ്പള്ളിക്കൂടമായിരുന്ന ഊരൂട്ടമ്പലം ഗവ. യുപിഎസിലായിരുന്നു ചരിത്രം മാറ്റി മറിച്ച സമരത്തിന് അയ്യങ്കാളി തുടക്കം കുറിച്ചത്. പഞ്ചമിയെന്ന ദളിത് ബാലികയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 1914-ൽ വില്ലുവണ്ടിയിൽ അയ്യൻകാളി കണ്ടല കുടിപള്ളിക്കൂടത്തിൽ എത്തുകയും പഞ്ചമിയെ സ്കൂളിൽ കയറ്റി ഇരുത്തുകയുമായിരുന്നു. ഇതിൽ കുപിതരായ സവർണ വിഭാഗങ്ങൾ അയ്യൻകാളിയുമായി സംഘർഷത്തിലാവുകയും സ്‌കൂളിന് തീയിടുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിക്കുകയും പിന്നീട് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭ്യമാവുകയുമായിരുന്നു.

2017-ലെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവ വേദിയായിരുന്നു ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂൾ. അന്ന് സ്കൂളിന്റെ നവീകരണം പ്രഖ്യാപിച്ചു. 2.48ലക്ഷം രൂപ മുടക്കി യുപി സ്കൂളിനും 1.86 ലക്ഷം രൂപ വിനിയോഗിച്ച് എൽപി സ്കൂളിനും നിർമിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സ്കൂളിനെ അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂളായി പുനർ നാമകരണം ചെയ്തത്.

വില്ലു വണ്ടിയിലെത്തിയ അയ്യങ്കാളി പഞ്ചമിയുടെ കൈ പിടിച്ച് സ്കൂളിലേക്ക് വന്നതിന്റെ ഓർമയ്ക്കായി സ്‌കൂളിൽ പഞ്ചമി സ്മാരക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. അന്ന് പഞ്ചമി കയറിയതിന്റെ ഭാഗമായി ജന്മിമാർ തീവച്ച സ്കൂളിൽ അവശേഷിച്ച പകുതി കത്തിയ ബെഞ്ച് ഉൾപ്പെടെയുള്ളവ മ്യൂസിയത്തിൽ കാണാം.