ചെറുകിട തോട്ടം മേഖല മിനിമം വേതന നിയമത്തിന്റെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ മേഖലയാണ്‌. ടി മേഖലയുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ രണ്ടാമത്തെ ഉപസമിതിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടായിരുന്നു. മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള നടപടികളുമായി ഉപസമിതി മുന്നോട്ട്‌ പോകവേ 21.01.2023നു ബോര്‍ഡിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്‌ തെളിവെടുപ്പുകള്‍ നിര്‍ത്തിവച്ചു. മിനിമം വേതന ഉപദേശക സമിതി പുനഃസംഘടിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചു ഉപസമിതികള്‍ രൂപീകരിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്‌.

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 2019 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ലേബര്‍ കമ്മിഷണര്‍ ചെയര്‍മാന്‍ ആയ വിവിധ തൊഴിലാളി-തൊഴിലുടമ-സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങിയ ത്രികക്ഷി സമിതിയായ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത്‌ പൊതുവായ ഒരു ധാരണയില്‍ എത്തിച്ചേരുന്നതിന്റെ അടിസ്ഥാനത്തില്‍ 1948-ലെ മിനിമം വേതന നിയമം വകുപ്പ്‌ 5(1) അല്ലെങ്കില്‍ 5(2) പ്രകാരമാണ്‌ സര്‍ക്കാര്‍ തോട്ടം മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നത്‌. പ്രാഥമിക വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷമാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. എക്കണോമിക്സ്‌ & സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പ്‌ പുറത്തിറക്കുന്ന കണ്‍സ്യൂമര്‍ പ്രൈസ്‌ ഇന്‍ഡക്‌സ്‌ പ്രകാരമുള്ള പോയിന്റ്‌ അടിസ്ഥാനത്തിലാണ്‌ തൊഴിലാളികളുടെ ഡി.എ. കണക്കാക്കുന്നത്.

പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ചകള്‍ മുഖേന തോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ സ്വീകരിച്ചുവരുന്നുണ്ട്‌. പ്ലാന്റേഷന്‍ മേഖലയില്‍ മിനിമം വേതനം അവസാനമായി പുതുക്കി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച 16/2/2021-ലെ ഉത്തരവിന്റെ പ്രാബല്യം 01.01.2019 മുതലായിരുന്നു. പ്രസ്തുത വേതനം 3 വര്‍ഷം തികയുന്ന 1/1/2022 മുതല്‍ പരിഷ്ക്കരിച്ചു ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. പ്രസ്തുത വേതനം പുതുക്കി നിശ്ചയിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ലേബര്‍ കമ്മീഷണര്‍ക്കു 2022 ജൂണ്‍ മാസം സമര്‍പ്പിച്ച ഡിമാന്റ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ 19/08/2022-ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരുകയുണ്ടായി. തുടര്‍ന്ന് 27/10/22, 23/1/22, 21/1/23 എന്നീ തീയതികളില്‍ കമ്മിറ്റി കൂടുകയും വിഷയം വിശദമായി ചര്‍ച്ച നടത്തുകയുമുണ്ടായി. എന്നാല്‍ കൂലി വര്‍ദ്ധനവിലെ നിരക്കു സംബന്ധിച്ച് ഒരു സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വിഷയത്തില്‍ ഒരു പരിഹാരം കാണുന്നതിന്റെ ഭാഗമായി 4/3/23-ന് തൊഴില്‍ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.