കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ നിന്നുള്ള മുതുവാൻ വിഭാഗത്തിലെ കുട്ടികളുടെ മലയാള ഭാഷ ശേഷിയും പഠന മികവുകളും പൊതുസമൂഹത്തെ അറിയിക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ പഠിപ്പുറസി പദ്ധതിയുടെ വിജയപ്രഖ്യാപനത്തിനുമായി ഇടമലക്കുടി ട്രൈബൽ എൽ പി സ്കൂളിലെ 29 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സംഘം നാളെ രാവിലെ തലസ്ഥാനത്ത് എത്തിച്ചേരും. ആദ്യദിനം നഗര പെരുമകളും കടലും കായലും വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും മ്യൂസിയവും കണ്ട് കോവളത്ത് സ്റ്റേ ചെയ്യുന്ന സംഘം മാർച്ച് രണ്ടാം തീയതി നിയമസഭാ ചേംബർ ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന ‘പഠിപ്പുറസി’ വിജയ പ്രഖ്യാപന പ്രത്യേക പരിപാടിയിൽ പങ്കെടുക്കും. വിജയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രശംസാപത്രം സ്കൂളിന് സമ്മാനിക്കും. കുട്ടികൾ മുഖ്യമന്ത്രിയുമായി സംവദിക്കും. ശേഷം നിയമസഭയിലെ ഗ്യാലറി, ലൈബ്രറി, മ്യൂസിയം, തുടങ്ങിയവ സന്ദർശിക്കും. തുടർന്ന് പ്രിയദർശനി പ്ലനറ്റേറിയം ശാസ്ത്ര മ്യൂസിയം തുടങ്ങിയവ സന്ദർശിച്ച് വൈകുന്നേരത്തോടെ മടങ്ങും.
ഇടുക്കി ജില്ലയിലെ മൂന്നാർ ബി ആർ സിയിൽ ഉൾപ്പെട്ട മുതുവാൻ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പ്രത്യേകഭാഷ പാക്കേജാണ് പഠിപ്പുറസി. ഗവ. ട്രൈബൽ എൽ പി സ്കൂൾ ഇടമലക്കുടി ,ഗവ. എൽ പി എസ് മറയൂർ , എസ് എം എൽ പി എസ് പള്ളനാട് , ഗവ. ട്രൈബൽ എൽ പി എസ് ചെമ്പകത്തൊഴു , ഗവ. ട്രൈബൽ എൽ പി എസ് ബൈസൺവാലി ,കുറുത്തിക്കുടി എന്നീ വിദ്യാലയങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കിയത് . മുതുവാൻ ഭാഷയിൽ ആശയ വിനിമയം നടത്തുന്ന കുട്ടികൾക്ക് ആശയ ഗ്രഹണത്തോടെ വായിക്കുവാനും എഴുതുവാനും ശേഷി ഉണ്ടാക്കുക എന്നതാണ് പഠിപ്പുറസി പദ്ധതിയുടെ ലക്ഷ്യം.
ലിപിയില്ലാത്ത മുതുവാൻ വിഭാഗക്കാർക്ക് പൊതു സമൂഹവുമായി സമ്പർക്കം കുറവാണ് . കുട്ടികളുടെ ദൈനംദിന ഭാഷ മുതുവാനും പുസ്തകഭാഷ മലയാളവുമാണ്. ഈ സാഹചര്യത്തിൽ മുതുവാൻ ഭാഷയിൽ പഠന സാമഗ്രികൾ തയ്യാറാക്കി പ്രയോഗ സാധ്യതകൾ കണ്ടെത്തി കുട്ടികൾക്ക് നൽകി അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പഠിപ്പുറസി പദ്ധതി നടപ്പിലാക്കുന്നത്. മുതുവാൻ ഭാഷയിൽ പ്രാവീണ്യമുള്ള പ്രത്യേക പരിശീലനം ലഭിച്ച സമഗ്ര ശിക്ഷ കേരളത്തിന്റെ ട്രെയിനർമാരുടെ നേതൃത്വത്തിൽ പഠിപ്പുറസി ഭാഷാ പാക്കേജ് ഇടമലക്കുടി ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ നടപ്പിലാക്കി. സ്കൂളിൽ മുടങ്ങാതെ എത്തുന്ന കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കുവാനും എഴുതാനും നിലവിൽ സാധിക്കുന്നുണ്ട്. ഇടമലക്കുടിയിലെ ജനങ്ങളുടെ ജീവിതം , സംസ്കാരം ,ഭാഷ എന്നിവ പരിഗണിച്ചാണ് പ്രത്യേക വായന കാർഡുകൾ തയ്യാറാക്കിയത്. മുതുവാൻ ഭാഷയിൽ തന്നെ ആദ്യ പാഠങ്ങൾ തയ്യാറാക്കുകയും തുടർ പാഠങ്ങളിലൂടെ പരിശീലിപ്പിച്ച് കുട്ടികളെ മലയാള ഭാഷ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നു . മുതുവാൻ ഭാഷയിലെ വിജയപ്രഖ്യാപനത്തിനുശേഷം മറ്റ് പത്തോളം ഗോത്ര ഭാഷകളിലും ഈ പദ്ധതി നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക താൽപര്യവും നേതൃത്വവും സമഗ്ര ശിക്ഷാ കേരളം വഴി പഠിപ്പുറസി പദ്ധതിക്ക് ലഭ്യമാക്കുന്നുണ്ട്