തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ച്ഡിനെ അപ്പെക്സ് ഇൻസ്റ്റിറ്റ്യൂട്ട് ആക്കുന്നതിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസം നൽകുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ചഡ്.
എസ്.ഐ.എം.സി ബിൽഡിംഗ്-ന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനം താമസിയാതെ ആരംഭിക്കാനാകും. കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനവും അധികം വൈകാതെ തുടങ്ങും. കൂടുതൽ കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി പുതിയ ഒരു സ്കൂൾ ബസ് അനുവദിക്കുന്ന വിഷയം പ്രത്യേക പരിഗണനയിലാണ്.
സ്ഥാപനത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററും ഹോസ്റ്റലും നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ആയതിന് സർക്കാരിൽ നിന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിന് പുതിയ കോഴ്സുകളായ Diploma in Education- Special Education (Multiple Disabilities) (DEd.Spl.Ed(MD), Certificate Course in Care Giving എന്നിവ ആരംഭിക്കുന്നതിന് നടപടിയുണ്ടാവും. Special B.Ed (regular) ആരംഭിക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ട്.