“ശാസ്ത്രത്തിന്റെ നവനിർമാണത്തിന് പുതിയ തലമുറയെ ശാക്തീകരിക്കാനുതകുന്ന രാജ്യത്തെ ആദ്യ പദ്ധതിയായി സ്ട്രീം ഇക്കോസിസ്റ്റം മാറും”
സംസ്ഥാന സർക്കാർ- പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് അടിത്തറ പാകുന്ന പദ്ധതിയാണ് സ്ട്രീം ഇക്കോസിസ്റ്റം. ആലപ്പുഴ പൊള്ളേത്തൈ, ഗവ.ഹൈസ്കൂളിൽ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനം ആരംഭിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതിയായ സമഗ്രശിക്ഷ കേരളമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇൻറർ ഡിസിപ്ലിനറി സമീപനത്തിലൂന്നി ക്ലാസ്റൂം പഠന പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധപ്പെടുത്തി അക്കാദമിക രംഗം കൂടുതൽ താൽപര്യജനകവും, ആഴമേറിയതുമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിവിധ ക്ലാസുകളിലെ ശാസ്ത്ര- സാങ്കേതിക അറിവുകളെ കോർത്തിണക്കി ഒരു ധാരയിലെത്തിക്കുകയും അത് കുട്ടികളിൽ പ്രാവർത്തികമാക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാങ്കേതിക സഹായവും മേൽനോട്ടവും ഉപകരണങ്ങളും പരിശീലനവും പിന്തുണയും പദ്ധതിയിൽ ഉറപ്പുവരുത്തും.
ആലപ്പുഴ ജില്ലയിലെ 11 ബി.ആർ.സി.കളിലും പരീക്ഷണ ഗവേഷണ സംവിധാനമൊരുക്കി ‘ സ്ട്രീം ഇക്കോസിസ്റ്റം ‘ ഹബ്ബുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവർത്തിക്കുക.
ബി.ആർ.സി പരിധിയിൽ വരുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ സ്ട്രീം ഹബ്ബുകൾ സ്ഥാപിക്കുന്നതിലൂടെ മറ്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്കും പരിശീലനം ലഭ്യമാകും.
സ്ട്രീം ഇക്കോസിസ്റ്റം പദ്ധതിയ്ക്കായി ആലപ്പുഴ ജില്ലയിൽ സമഗ്ര ശിക്ഷ കേരളം വഴി 2.20 കോടി രൂപ ചെലവഴിച്ചാണ് ലാബുകൾ സജ്ജമാക്കിയിരിക്കുന്നത്. ശാസ്ത്ര- സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പരീക്ഷണങ്ങൾക്കൊപ്പം റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇൻറലിജൻസും സംയോജിപ്പിച്ചുള്ള നവ സാങ്കേതിക വിഷയങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് സ്ട്രീം ഇക്കോസിസ്റ്റം വഴികാട്ടിയായി പ്രവർത്തിക്കും.
ദൈനം ദിന ജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും സന്ദർഭത്തിനനുസരിച്ച് വിജ്ഞാന മേഖലകളിൽ ബന്ധപ്പെടുത്തി പരിഹാരം കണ്ടെത്തുകയാണ് മുഖ്യമായും ‘സ്ട്രീം ഇക്കോ സിസ്റ്റം ‘പദ്ധതിയുടെ ലക്ഷ്യം.