ഒരു നൂറ്റാണ്ടിലേറെ പഴമയും പാരമ്പര്യവുമുള്ള തൃക്കൂർ ഗവ. എൽ പി സ്കൂളിൻ്റെ ചരിത്രത്തിൽ നാഴികക്കല്ലായി പുതിയ സ്കൂൾ കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരുകോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
സംസ്ഥാനം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് 3800 കോടി രൂപ ചെലവഴിച്ചു. 2020-21 വാർഷിക പദ്ധതിയിൽ വകയിരുത്തിയ തുക ഉപയോഗിച്ചാണ് തൃക്കൂർ ഗവ. എൽ പി സ്കൂളിൽ നിർമ്മാണം നടത്തിയത്. ഓടിട്ടതും ഇടുങ്ങിയതുമായ 9 ക്ലാസ് മുറികൾ പൊളിച്ചു മാറ്റിയാണ് മികച്ച സൗകര്യത്തോടുകൂടിയുള്ള അഞ്ച് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചത്. പഴയ കെട്ടിടത്തിന്റെ ഭാഗമായ രണ്ട് ക്ലാസ്സ് മുറികളും ഒരു ഹാളും നിലനിൽക്കുന്നുണ്ട്.
1917ൽ ആരംഭിച്ച തൃക്കൂർ ഗവ. എൽ പി സ്കൂൾ തൃക്കൂരിന്റെ മണ്ണിൽ ഒരു കാലഘട്ടത്തിൻ്റെ വിദ്യാഭ്യാസ അടിത്തറ ആയിരുന്നു. ഭൗതിക സാഹചര്യത്തിൻ്റെ അഭാവം മൂലം കാലക്രമേണ ഈ പ്രാധാന്യത്തിന് കോട്ടം തട്ടി. എന്നാൽ മികച്ച സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് ഒരു ഡിവിഷൻ കൂടി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷകളോടെയാണ് തൃക്കൂർ ജി എൽ പി എസ് കടക്കുന്നത്.