സമഗ്ര ശിക്ഷാ കേരളം & സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങൾ ഏകീകൃതമായും സംയോജിതമായും നടപ്പിലാക്കാൻ കർമ്മപദ്ധതി തയ്യാറായി
പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം 2023 -24 അക്കാദമിക വർഷം സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ മറ്റു ഇതര വകുപ്പുകളുമായി ചേർന്ന് സംയോജിതവും ഏകീകൃതമായും നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകി സംസ്ഥാന ശില്പശാല പൂർത്തിയായി .
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പൂർത്തിയായ ശില്പശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജൻസികൾക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. കുട്ടികളിൽ തുല്യത, പ്രാപ്യത , പഠന തുടർച്ച എന്നീ അടിസ്ഥാന അക്കാദമിക ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള കർമ്മപരിപാടികൾക്കാണ് ശില്പശാല രൂപം നൽകിയത്.
കേന്ദ്ര സംസ്ഥാന പദ്ധതികളായതിനാൽ ധന വിനിയോഗത്തിലും പൂർത്തീകരണത്തിലും സമയക്രമവും സമഗ്രതയും കൊണ്ടുവരുന്നതിനുള്ള ഏകോപനവും വിലയിരുത്തലും സാധ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്.
പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലെ സംയോജിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ഭിന്നശേഷി മേഖല ,ന്യൂനപക്ഷ മേഖല,സാമൂഹ്യനീതി മേഖല , പാർശ്വവൽകൃത മേഖല , ലിംഗ സമത്വം തുടങ്ങിയ മേഖലകളിൽ പൊതുവിദ്യാഭ്യാസം കൂടുതൽ കരുത്താർജ്ജിപ്പിക്കും.
വ്യത്യസ്ത വകുപ്പുകൾ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളിൽ ആവർത്തനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. സംസ്ഥാന ആസൂത്രണ ബോർഡിൻെറ നിർദ്ദേശങ്ങൾക്കനുസൃതമായാണ് കർമ്മ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. പാർശ്വവൽകൃത മേഖലയിലെ കുട്ടികൾക്കും , സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥ മൂലം സ്കൂളിൽ ചേരാതെയും ചേർന്നിട്ടും പഠനം തുടരാൻ കഴിയാതെയുമുള്ള കുട്ടികളെ ഉൾപ്പടെ ചേർത്തുനിർത്തി സമഗ്ര ഏകോപനം സാധ്യമാക്കുന്ന പരിപാടികളും കർമ്മ പദ്ധതിയിലുണ്ട്.