ഭിന്നശേഷി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ ബീറ്റ്സ് പദ്ധതി
ഭിന്നശേഷി കുട്ടികൾക്ക് നീന്തൽ പരീശീലനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ബീറ്റ്സ് പദ്ധതി കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി വിദ്യാർഥികളുടെ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്താനും പദ്ധതി സഹായകരമാകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ നടക്കാവ് നീന്തൽക്കുളത്തിൽ രാവിലെ 8 മുതൽ 9 വരെയാണ് ദിവസവും പരിശീലനം നൽകുക. 10 കുട്ടികൾ വീതമുള്ള ബാച്ചുകളായി ഹൈസ്കൂൾ – ഹയർസെക്കന്ററി ക്ലാസുകളിലെ കാഴ്ചപരിമിതരായ കുട്ടികൾക്കാണ് 100 കുട്ടികൾക്കാണ് 15 ദിവസത്തെ പരീശീലനം. ₹ 4 ലക്ഷമാണ് ആദ്യഘട്ടത്തിനായി അനുവദിച്ചിരിക്കുന്നത്. ജില്ലയിൽ 500 കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
70 % കാഴ്ച്ച പരിമിതി അനുഭവിക്കുന്നവർ, ശ്രവണ പരിമിതിയുള്ളവർ, ശാരീരിക ചലന പരിമിതിയുള്ളവർ, ഓട്ടിസം ബാധിച്ചവർ ഉൾപ്പെടെയുള്ളവരെയും ബീറ്റ്സ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കൂടുതൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കും. ബഡ്സ് പുനരധിവാസ കേന്ദ്രങ്ങൾ (ബിആർസി) വഴി രക്ഷിതാക്കളുടെ അനുമതിയോടെയാണ് പരിശീലനത്തിനായി കുട്ടികളെ തെരെഞ്ഞെടുക്കുന്നത്.
ജില്ല സ്പോർട്സ് കൗൺസിൽ, കാഴ്ച പരിമിതർക്കായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇക്വിബിയിങ് എന്നിവയും ബീറ്റ്സ് പദ്ധതിയുമായി സഹകരിക്കുന്നു. ഭിന്നശേഷി കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഇക്വുബിയിങ്ങിന്റെ നേതൃത്വത്തിൽ സ്പോർട്ട്സ് കൗൺസിൽ ട്രെയിനർമാർക്ക് നൽകി. കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓരോ കുട്ടിക്കും പ്രത്യേകം ലൈഫ് ഗാർഡിന്റെ സേവനം ലഭിക്കും. കുട്ടികൾക്ക് ഭക്ഷണം, പരിശീലനകേന്ദ്രത്തിലേക്കും അവിടെനിന്ന് സ്കൂളിലേക്കും കുട്ടികളുടെ യാത്ര സുഖമമാക്കാൻ വാഹനസൗകര്യം തുടങ്ങിയ സേവനങ്ങളും പദ്ധതി ഉറപ്പാക്കുന്നു.