കേരള പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്തു; 10 ദിവസം കൂടി അഭിപ്രായങ്ങൾ അറിയിക്കാം
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്‌കൂൾ വിദ്യാഭ്യാസം) പ്രകാശനം ചെയ്തു. ഇതിന്മേൽ പൊതുജനങ്ങൾക്ക് ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. അതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എസ്.സി.ഇ.ആർ.ടി.)യുടെ വെബ്സൈറ്റിൽ 10 ദിവസംകൂടി സൗകര്യം ഏർപ്പെടുത്തും.
പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും പ്രത്യേകം അഭിപ്രായങ്ങൾ ശേഖരിച്ചും വിപുലവും ഗൗരവമുള്ളതുമായ ചർച്ചകൾ നടത്തിയുമാണു കേരള പാഠ്യപദ്ധതി ചട്ടക്കൂട് – 2023 തയാറാക്കിയത്. പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ എല്ലാവർക്കും മാതൃകയാകാൻ കഴിയുന്ന വിധത്തിലാണു സംസ്ഥാനം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനുവേണ്ടി നടത്തിയ ജനകീയ ചർച്ച കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ഏറ്റവും വലിയ രേഖകളിലൊന്നായി മാറിക്കഴിഞ്ഞു. പാഠ്യ പദ്ധതി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കുട്ടികളുമായും ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു പ്രത്യേക രേഖയാക്കി. ഐക്യകേരളം രൂപീകരിച്ച ശേഷം കുട്ടികളുടെ കൂടി അഭിപ്രായം ശേഖരിച്ചു പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത് ഇതാദ്യമാണ്.
10 വർഷത്തിനു ശേഷമാണ് പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കപ്പെടുന്നത്. പ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം അധ്യാപക വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിലാണു പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിനു പുറമേയുള്ള മറ്റു മൂന്നു ചട്ടക്കൂടുകൾ ഒക്ടോബർ ആദ്യം പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. 1, 3, 5, 7, 9 ക്ലാസുകളിലെ കുട്ടികൾക്കായി 168 പാഠപുസ്തകങ്ങളാണ് പുതിയ പാഠ്യപദ്ധതിയനുസരിച്ചു 2024ൽ അച്ചടിച്ചിറക്കേണ്ടത്.
കഴിഞ്ഞ ഏഴു വർഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റമാണു സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലുണ്ടായിട്ടുള്ളത്. 3800 കോടി രൂപയാണു സ്‌കൂളുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി ചെലവാക്കിയത്. സംസ്ഥാനത്ത് ഇന്ന് 450000 സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്. ഇതെല്ലാം പൊതുവിദ്യാഭ്യാസ രംഗത്തെ അത്യുജ്വല മാറ്റവും മാതൃകയുമാണ്. ഏതു തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്‌കരണത്തേയും സ്വീകരിക്കാൻ സംസ്ഥാനത്തെ ക്ലാസ്മുറികൾ സജ്ജമാണ്.