സംസ്ഥാനത്തെ അധ്യാപകർക്കുള്ള മൂന്നാം ക്ളസ്റ്റർ പരിശീലനം പൂർത്തിയായി
പരിശീലനത്തിൽ പങ്കെടുത്തത് 1,32,346 അധ്യാപകർ;മതിയായ കാരണങ്ങൾ ഇല്ലാതെ ആരെങ്കിലും അവധി എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും.
സംസ്ഥാനത്തെ അധ്യാപകർക്കുള്ള മൂന്നാം ക്ലസ്റ്റർ പരിശീലനം പൂർത്തിയായി.ആകെ 1,32,346 അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ 52,564 അധ്യാപകർ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരുടെ 90.25% ആണിത്. യു പി വിഭാഗത്തിൽ 39,568 അധ്യാപകർ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഇത് ആകെ പങ്കെടുക്കേണ്ട അധ്യാപകരിൽ 88.89% വരും. ഹൈസ്കൂൾ വിഭാഗത്തിൽ 40,214 അധ്യാപകർ ക്ളസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരിൽ 86.95% ആണിത്.
എൽ പി തലം ക്ലാസ് അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിലും യുപിതലം വിഷയാടിസ്ഥാനത്തിൽ ബി.ആർസി തലത്തിലും ഹൈസ്കൂൾ തലം വിഷയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നത്. 40-50 അധ്യാപകർക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റർ പരിശീലനങ്ങൾ ആസൂത്രണം ചെയ്തത്. ഒരു ബാച്ചിന് രണ്ട് റിസോഴ്സ് പേഴ്സണുകൾ എന്ന നിലയിലാണ് ക്രമീകരണം നടത്തിയത്.
കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിനുശേഷം ക്ലാസിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിർണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കൽ, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നൽകുക എന്നിവയാണ് ക്ലസ്റ്റർ പരിശീലനത്തിന്റെ ഭാഗമായി നടത്തിയത്. ഇതിനുമുമ്പ് 2023 ഒക്ടോബർ ഏഴിനും 2023 നവംബർ 23നുമാണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നത്.