ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് ക്ലബുകളുടെ പ്രവർത്തനം ഫിൻലന്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യം നമുക്കറിയാമല്ലോ? പൊതു വിദ്യാഭ്യാസ വകുപ്പിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രവർത്തനം കഴിഞ്ഞ ആഗസ്റ്റ് മാസം നടന്ന യൂണിസെഫിന്റെ ദേശീയ റിവ്യൂ മീറ്റിംഗിൽ പ്രത്യേകം പരാമർശമായിരുന്നു. വളരെ ചെലവേറിയ (10 ഉം 20 ഉം ലക്ഷം വരെ) ടിങ്കറിംഗ് ലാബുകൾക്ക് പകരം പൂർണമായും സ്വതന്ത്യ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും പ്രയോജനപ്പെടുത്തുന്ന നമ്മുടെ രണ്ടായിരം സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി വിന്യസിച്ചിട്ടുള്ള ഒമ്പതിനായിരം റോബോട്ടിക് കിറ്റുകൾ ഏറെ ശ്രദ്ധേയമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ച് യൂണിസെഫ് പ്രത്യേക പഠനം നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് കേരളത്തിൽ വച്ച് പ്രകാശനം ചെയ്യാനും അവർ സമ്മതിച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ജില്ലാതല ക്യാമ്പുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ഉൾപ്പെടെ 6 ജില്ലകളിൽ ഫെബ്രുവരി 17, 18 തീയതികളിലും മറ്റു ജില്ലകളിൽ ഫെബ്രുവരി 24, 25 തീയതികളിലുമായി നടക്കുകയാണ്.
ഫെബ്രുവരി 18 ന് വൈകുന്നേരം 3.30-ന് ശംഖുമുഖത്തിനടുത്തുള്ള സെന്റ് റോക്‌സ് സ്‌കൂളിൽ എ.ഐ/റോബോട്ടിക്‌സ് ആക്ടിവിറ്റി ബുക്ക് പ്രകാശനം നടക്കും

ഇതേ സമയം രണ്ട് ദിവസത്തെ ക്യാമ്പിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ തയ്യാറാക്കിയ വിവിധ റോബോട്ടിക്‌സ് – ഐ.ഒ.ടി – അനിമേഷൻ ഉല്പന്നങ്ങൾ കാണാൻ മാധ്യമ പ്രവർത്തകർക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച 3.30-ന് നിങ്ങളെല്ലാവരേയും സെന്റ് റോക്‌സ് സ്‌കൂളിലേക്ക് ക്ഷണിക്കുന്നു.