തൊഴിൽ വകുപ്പ്

തൊഴിലാളിയുടെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയമായതു കൊണ്ട് തന്നെ തൊഴിൽ, തൊഴിലാളിക്ഷേമ മേഖല വളരെ സുപ്രധാനവും നിർണായകവുമാണ്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ അഞ്ച് വിഭാഗങ്ങളാണുള്ളത്. ലേബർ കമ്മീഷണറേറ്റ്, വ്യാവസായിക പരിശീലന വകുപ്പ്, നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പ്, ഫാക്ടീസ് & ബോയിലേഴ്‌സ് വകുപ്പ്, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ് വകുപ്പ്, ഇതിനു പുറമെ കെയ്‌സ്, ഒഡെപെക്ക്, കിലെ, ഭവനം ഫൗണ്ടേഷൻ, ചിയാക്, ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ, ലേബർ കോടതികൾ, എന്നിവയും തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ തൊഴിൽ മേഖല മാറ്റത്തിന്റെ പാതയിലാണ്. ലോകവ്യാപകമായി തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഒരു തൊഴിൽ നയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഈ കാലയളവിൽ മികച്ച തൊഴിലാളി, തൊഴിലുടമാ ബന്ധങ്ങൾ നിലനിർത്തുന്നതിനും സംസ്ഥാനത്തെ തൊഴിൽ തർക്കങ്ങളും കേസുകളും ഇല്ലാതാക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന തൊഴിലാളി സമൂഹമാണ് ഗിഗ് ആന്റ് പ്ലാറ്റ് ഫോം തൊഴിലാളികൾ. ഇവരിൽ ഏറിയ പങ്കും യുവജനങ്ങളാണ്. നിയതമായ തൊഴിൽ നിയമങ്ങളോ തൊഴിലാളി തൊഴിലുടമാ ബന്ധമോ നിലവിൽ ഈ മേഖലയിൽ ഇല്ല. ഈ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമനിർമ്മാണവും ക്ഷേമപദ്ധതിയും നടപ്പിലാക്കുന്നതിനുമുള്ള പദ്ധതിയുടെ അന്തിമഘട്ടത്തിലാണ് തൊഴിൽ വകുപ്പ്.

ഇന്നത്തെ തൊഴിൽ മേഖലയിൽ ഏറെ അസംഘടിതരും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നതുമായ മേഖലയാണ് ഗാർഹിക മേഖല. ഗാർഹിക തൊഴിലാളികളുടെ ജോലി സുരക്ഷയും വിവിധ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള നിയമ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ചുമട്ടു തൊഴിലാളി മേഖല ഇന്ന് ഏറെ വെല്ലുവിളി നേരിടുന്ന ഒരു മേഖലയായി മാറിയിരിക്കുകയാണ്. ഈ മേഖല യന്ത്രവത്കൃതമാകുന്ന സാഹചര്യത്തിൽ നിലവിൽ ചുമട്ടു തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുന്നത് വലിയ ഒരു പ്രശ്‌നമാണ്. ഇതിനായി ചുമട്ടു തൊഴിലാളികൾക്ക് ചുമട്ടു തൊഴിലാളി ക്ഷേമനിധി മുഖേന നവശക്തി എന്ന പേരിൽ ഒരു പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

തൊഴിൽ വകുപ്പിന് കീഴിൽ പതിനാറ് ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. എഴുപത് ലക്ഷത്തോളം തൊഴിലാളികൾ ഈ ബോർഡുകളിൽ അംഗങ്ങളാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ ക്ഷേമനിധി ബോർഡുകൾ വഴി തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇതുവരെ രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തി നാല് കോടി മുപ്പത്തിയേഴ് ലക്ഷം രൂപയുടെ ആനുകൂല്യം വിതരണം നടത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മികച്ച തൊഴിലാളികൾക്കും മികച്ച തൊഴിലിടങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തുന്നത്. തൊഴിൽ മേഖലകളിലെ മികവിന് തൊഴിൽ വകുപ്പ് നൽകി വരുന്ന അംഗീകാരമാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. വേതന കാര്യത്തിൽ കേരളം ഒന്നാമതാണ്. കാർഷിക-കാർഷികേതര, നിർമ്മാണ മേഖലകളിൽ ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ് കൂലി. രാജ്യത്ത് ഏറ്റവും കൂടുതൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. എൺപത്തി നാല് തൊഴിൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ചു. പരമ്പരാഗത തൊഴിൽ മേഖകളിലെ മിനിമം വേതനം ഉറപ്പാക്കാൻ ഇൻകം സപ്പോർട്ട് സ്‌കീമിൽ ഇതുവരെ നൂറ്റി ആറ് കോടി നാൽപത് ലക്ഷം രൂപ വിതരണം ചെയ്തു. ഇത്തവണത്തെ ബഡ്ജറ്റിൽ തൊണ്ണൂറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്കുവേണ്ടി ഒട്ടേറെ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. അതിഥി തൊഴിലാളികൾക്കായി പ്രത്യേക ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനം കവച് എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്.

സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ ഒരൊറ്റ ഫോൺ സന്ദേശത്തിലൂടെ അധികൃതരുടെ മുന്നിലെത്തിക്കാനായി സഹജാ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. എല്ലാ എംപ്ലോയ്മന്റ് എക്‌സ്‌ചേഞ്ചുകളെയും മോഡൽ എംപ്ലോയ്മന്റ് എക്‌സ്‌ചേഞ്ചുകളായി മാറ്റുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. തിരുവനന്തപുരം ജില്ലാ എംപ്ലേയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മോഡൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചായി മാറ്റി. ഉദ്യോഗാർത്ഥികൾക്ക് പരമ്പരാഗത ഐഡൻറ്റി കാർഡിന് പകരം സ്മാർട്ട് കാർഡ് ആക്കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുപ്പത്തിയേഴായിരത്തി മുന്നൂറ്റി തൊണ്ണുറ് (37,390) പേർക്ക് തൊഴിൽ നൽകി.

സംസ്ഥാനത്ത് നിലവിൽ ഏഴ് കരിയർ ഡെവലപ്‌മെന്റ് സെന്ററുകൾ പ്രവർത്തിച്ചു വരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എംപ്ലോയബിലിറ്റി സെന്റർ, കരിയർ ഡെവലപ്‌മെന്റ് സെന്റർ, ജോബ് ഫെയർ, സ്വയംതൊഴിൽ മുഖേന ആകെ അമ്പത്തി ഏഴായിരത്തി എണ്ണൂറ്റി അമ്പത്തിയൊന്ന് (57,851) പേർക്ക് തൊഴിൽ ലഭിച്ചു. സംസ്ഥാനത്ത് ഇരുപത്തിയൊന്ന് ഐ.ടി.ഐ. കൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു. തൊണ്ണൂറ്റിയൊന്ന് ഐ.ടി.ഐ. കളിൽ നൈപുണ്യ കർമ്മ സേന രൂപീകരിച്ചു. പതിനാറ് ഐ.ടി.ഐ.കളിൽ പ്രൊഡക്ഷൻ സെന്റർ ആരംഭിച്ചു. ഇന്ത്യാ സ്‌കിൽ ദേശീയ മത്സരത്തിൽ കേരളത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. നൂറ്റി നാല് ഐ.ടി.ഐ.കളിലും ന്യൂട്രീഷ്യൻ/ നൂൺ മീൽ പദ്ധതി നടപ്പിലാക്കി. കെയ്‌സ് മുഖേന നൈപുണ്യ കേരളം എന്ന പദ്ധതി നടപ്പാക്കും. നൈപുണ്യ പരിശീലന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കും. മിഡിൽ ഈസ്റ്റിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വിദേശ തൊഴിൽ ഉടമകൾക്കായി ഒഡെപെക് പ്രദർശനങ്ങൾ സംഘടിപ്പിക്കും. വിദേശ തൊഴിൽ അന്വേഷകർക്ക് നൈപുണ്യ വർദ്ധന പരിശീലനങ്ങൾ നടത്തുന്നതിനുള്ള പുതിയ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. വിദേശ പഠനത്തിനായി എക്‌സ്‌പോകൾ സംഘടിപ്പിക്കും.