മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും
മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല നിർവഹണ സമിതി യോഗം ജില്ലാപഞ്ചായത്ത് ഓഫീസ് ഹാളിൽ നിർവഹിച്ചു.
മാലിന്യനിർമാർജനവും മാലിന്യ സംസ്കരണവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഇക്കാര്യം പഠിപ്പിക്കുന്നുണ്ട്. ഒമ്പതാം ക്ലാസിൽ പ്രത്യേക ടെക്സ്റ്റ് ബുക്ക് തന്നെ ഇക്കാര്യത്തിൽ ഉണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതി ക്യാമ്പസുകളിലെ മാലിന്യ സംസ്കരണ, നിർമാർജന പ്രവർത്തനങ്ങളുടെ സംസ്കാരം തന്നെ മാറ്റുന്ന പദ്ധതിയാണ്.
മാലിന്യമുക്ത കേരളം എന്ന കാഴ്ചപ്പാട് വെറും സ്വപ്നമല്ല; അത് ഒരു അനിവാര്യതയാണ്. നൂതനമായ മാലിന്യ സംസ്കരണ രീതികൾ, ബോധവൽക്കരണ കാമ്പെയ്നുകൾ, പ്രാദേശിക സമൂഹങ്ങളുടെ സജീവമായ ഇടപെടൽ എന്നിവയിലൂടെ നമ്മുടെ സംസ്ഥാനം ഈ ദിശയിൽ സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ വിജയിക്കണമെങ്കിൽ ഓരോ പൗരനും അവരവരുടെ പങ്ക് വഹിക്കേണ്ടതുണ്ട്.
മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ജൈവമാലിന്യങ്ങൾ വളമാക്കുക, പുനരുപയോഗ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന ചെറിയ പ്രവർത്തനങ്ങൾ. ശുദ്ധവും ആരോഗ്യകരവുമായ ഒരു കേരളം ഭാവി തലമുറയ്ക്ക് അവകാശികളായി നൽകേണ്ടത് നമ്മുടെ കടമയാണ്.