വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് ചുവടു വെയ്ക്കാൻ ‘പടവുകൾ’: നൈപുണ്യ വികസന തൊഴിൽ പദ്ധതി
സ്‌കോൾ കേരളയുടെ പഠിതാക്കൾക്ക് വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ പ്രത്യേക തൊഴിൽ പദ്ധതി ‘പടവുകൾ’ ആരംഭിച്ചു. സ്‌കോൾ കേരളയുടെ കോഴ്സുകൾ പൂർത്തിയാക്കിയ പഠിതാക്കൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ സ്റ്റെപ്പ് അപ് ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക നൈപുണ്യ പരിശീലനവും വിജ്ഞാന തൊഴിൽ പരിചയവും നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കോൾ കേരളയിലെ വിദ്യാർത്ഥികൾക്ക് പഠന സാധ്യതകളും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് കേരള നോളജ് ഇക്കണോമി മിഷനുമായി (കെകെഇഎം) സഹകരിച്ച് ആരംഭിച്ച തൊഴിൽ പദ്ധതി നൈപുണ്യ വികസനത്തിലൂടെ വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും തമ്മിലുള്ള വിടവ് നികത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തുന്നതിനും അനുയോജ്യമായ പരിശീലനം, വ്യവസായ ബന്ധങ്ങൾ, നൂതന സംരഭങ്ങൾ എന്നിവയിലൂടെ പഠിതാക്കളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
കേരള നോളജ് ഇക്കോണമി മിഷന്റെ knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന DWMS connect APP വഴിയും പ്രത്യേക തൊഴിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്‌സ് യോഗ, ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ എന്നീ കോഴ്‌സുകളാണ് സ്‌കോൾ കേരള സംഘടിപ്പിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ വിപണിയിൽ അനുയോജ്യമായ അവസരങ്ങൾ നേടുന്നതിനും നൈപുണ്യ വികസനത്തിലൂന്നിയ പഠനം കൂടുതൽ പ്രായോഗികമാക്കുന്നതിനും പദ്ധതി ഉപകരിക്കും.
വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ വികസിപ്പിക്കുകയെന്ന കേരളത്തിന്റെ വിശാലമായ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ആധുനിക കാലത്തിന്റെ അനിവാര്യതക്കനുസരിച്ചുള്ള തൊഴിൽ ശക്തിയായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിലും പടവുകൾ തൊഴിൽ പദ്ധതി നിർണായക പങ്ക് വഹിക്കും.