ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 367 ബോണസ് തർക്കങ്ങൾ. ഇതിലൂടെ ഓണത്തിന് തൊഴിലാളികൾക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാനായി.
സംസ്ഥാനത്തെ സ്വാകാര്യ,പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കങ്ങൾ ഓണത്തിന് മുൻപായി തീർപ്പാക്കുന്നതിനുവേണ്ട നടപടിയുടെ ഭാഗമായി ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുകയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബോണസ് തർക്കങ്ങളിൽ സമയബന്ധിതമായ ഇടപെടൽ നടത്തി നടപടി പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ലേബർ കമ്മിഷണർ സർക്കുലർ ആയി പുറപ്പെടുവിക്കുകയും ചെയ്തു.
അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) ഇക്കാര്യങ്ങൾ ദൈനംദിനം പരിശോധിക്കുകയും അവലോകന യോഗത്തിലൂടെ സംസ്ഥാന ഓഫീസർമാർക്ക് വേണ്ട നിർദ്ദേശം നൽകുകയും ചെയ്തു. പരമ്പരാഗത തൊഴിൽ മേഖലയായ കയർ വ്യവസായ മേഖലയിൽ 20% ബോണസും 9.9% ഇൻസെന്റീവും കശുവണ്ടി മേഖലയിൽ 20% ബോണസുമാണ് നിശ്ചയിച്ചത്. ടെക്സ്റ്റൈൽ മേഖലയിലെ പൊതു മേഖല, സഹകരണ ടെക്സ്ടൈൽ സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികൾക്കുള്ള ഇൻസെന്റീവ് വർധിപ്പിച്ചു നൽകുവാനും തീരുമാനിച്ചു. മറ്റൊരു പരമ്പരാഗത തൊഴിൽ മേഖലയായ തോട്ടം മേഖലയിൽ നിന്നും ബോണസ് തർക്കം ഉണ്ടായ ഹാരിസൺ മലയാളം പ്ലന്റഷൻസിലെ തൊഴിലാളികൾക്ക് 8.33.% ബോണസും 0.77% എക്സ്ഗ്രേഷ്യയും ഉറപ്പാക്കിക്കൊണ്ട് പ്രശ്ന പരിഹാരം കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഔഷധിയിലെ ബോണസിന് അർഹതയുള്ള തൊഴിലാളികൾക്ക് 20 % ബോണസിനോടൊപ്പം 7000/- രൂപ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് എന്ന നിരക്കിലും ബോണസ് പരിധിക്ക് മുകളിലുള്ള ജീവനക്കാർക്ക് 22000 /- രൂപ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് എന്ന നിരക്കിലും തീരുമാനിച്ചിട്ടുണ്ട്
മറ്റൊരു പ്രധാന തൊഴിൽ മേഖലയായ ഗ്യാസ് വിതരണ മേഖലയിലെ ട്രക്ക് തൊഴിലാളികൾക്കു 11500/- രൂപയും , ഗ്യാസ് വിതരണ തൊഴിലാളികൾക്കു 16000/- രൂപയും ബോണസ് ആയി നിശ്ചയിച്ചു തീരുമാനം ആയിട്ടുണ്ട്.
വകുപ്പിന്റെ പരിഗണനയിൽ വന്ന 367 ബോണസ് തർക്കങ്ങളിൽ 351 എണ്ണവും തൊഴിൽ വകുപ്പിന്റെ സമയബന്ധിതവും ഫലപ്രദവുമായ ഇടപെടലിലൂടെ പരിഹാരം കണ്ടെത്തി തൊഴിലാളികൾക്ക് ബോണസ് ലഭ്യമാക്കുന്നതിനുള്ള നടപടി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്. ഈ 367 തർക്കങ്ങളിൽ ഉല്പാദന മേഖലയിൽ നിന്നുള്ള 78 തർക്കങ്ങളിൽ 75 ഉം സേവന മേഖലയിലെ 146 തർക്കങ്ങളിൽ 136 ഉം കൊമേഴ്സ്യൽ മേഖലയിൽ നിന്നുള്ള 66 തർക്കങ്ങളിൽ 66 ഉം പൊതുമേഖലയിൽ നിന്നുള്ള 22 തർക്കങ്ങളിൽ 22 ഉം മറ്റു വിഭാഗങ്ങളിൽ നിന്നുള്ള 55 തർക്കങ്ങളിൽ 52 ഉം എന്ന നിലയിലാണ് 351 തർക്കങ്ങൾ പരിഹരിച്ചു തീർപ്പാക്കിയിട്ടുള്ളത്. തീർപ്പാക്കാനുള്ള 16 തർക്കങ്ങൾ വ്യവസായ തർക്ക നിയമ പ്രകാരം അഡ്ജുഡിക്കേഷന് വിടാനും തീരുമാനിച്ചു.
പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യ, ഈറ്റ, പനമ്പ് മേഖലകളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 45 കോടി രൂപ സാമ്പത്തിക ധനസഹായം അനുവദിച്ചു. പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ കയർ സ്ഥാപനങ്ങൾ തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 2000 /- രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ ആനുകൂല്യത്തിനായി സർക്കാർ ഉത്തരവായിട്ടുണ്ട് ഈ എക്സ്ഗ്രേഷ്യ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളായ 10732 തൊഴിലാളികൾക്ക് തുക വിതരണം നടത്തുന്നതിനായി 21464000/- രൂപയും അനുവദിച്ചിട്ടുള്ളതാണ് .
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ 14647 തൊഴിലാളികൾക്ക് 2250/- രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ ആനുകൂല്യം വിതരണം നടത്തുന്നതിന് 32073750/- രൂപയും അനുവദിച്ചിട്ടുള്ളതാണ്.
അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കുള്ള ആശ്വാസ ധന സഹായമായി ഒരു തൊഴിലാളിക്ക് 2,000 രൂപ നിരക്കിൽ 10,00,000 രൂപ അനുവദിച്ചു.
മരം കയറ്റ തൊഴിലാളികൾക്കുള്ള അവശതാ പെൻഷൻ കുടിശിക ഉൾപ്പെടെ 1181 പേർക്ക് 1,75,00,000 രൂപയും ജോലിക്കിടെ അപകടം സംഭവിച്ച മരംകയറ്റ തൊഴിലാളികൾക്ക് ഒറ്റത്തവണ ധനസഹായമായി 74 തൊഴിലാളികൾക്ക് 50,00,000 രൂപയും അനുവദിച്ചു.
സംസഥാനത്തു പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 1833 തൊഴിലാളികൾക്ക് 20 കിലോ അരി, 1 കിലോ വെളിച്ചെണ്ണ, 1 കിലോ പഞ്ചസാര ഉൾപ്പെടുന്ന ഓണകിറ്റ് വിതരണത്തിനായി 19,23,953/- രൂപ അനുവദിച്ചു.
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കു പ്രസവ ധനസഹായമായി 2,15,00,000 രൂപ അനുവദിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ അധിവർഷ ആനുകൂല്യ കുടിശ്ശിക വിതരണത്തിനായി 10,00,00,000 രൂപ അനുവദിച്ചു. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിലെ അവശതാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണത്തിനായി 2,00,00,000 കോടി രൂപ അനുവദിച്ചു.
ഇതിനുപുറമെ റീഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ തൊഴിലാളികൾക്ക് ബോണസ് നൽകുന്നതിന് വേണ്ടി 1,00,00,000 രൂപ ധനസഹായം അനുവദിച്ചു.