കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര നിയമമായ 1996 ലെ ദി ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ്സ് ആക്ട് പ്രകാരവും , 1998 ലെ ദി ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ്സ് റൂൾസ് പ്രകാരവും സ്വകാര്യ വ്യക്തികൾ 10 ലക്ഷം രൂപയിൽ അധികരിച്ച് ചെലവ് ചെയ്ത് പാർപ്പിടാവശ്യത്തിനായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെയും മറ്റ് നിർമ്മാണങ്ങളുടെയും ആകെ ചെലവിന്റെ 1% വരുന്ന തുക സെസ്സിനത്തിൽ ബോർഡിലേയ്ക്ക് അടവാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും പെൻഷൻമാർക്കുള്ള ആനുകൂല്യങ്ങൾ നൽകി വരുന്നത് . കഴിഞ്ഞ കുറച്ചു കാലങ്ങളായി പെൻഷനും ആനുകൂല്യങ്ങളും സമയ ബന്ധിതമായി വിതരണം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയാണുള്ളത് . തൊഴിൽ വകുപ്പാണ് സെസ് പിരിക്കുന്ന ചുമതല നിർവഹിച്ചു വരുന്നത് . സെസ്സിനത്തിൽ ലഭിക്കുന്ന തുക ഉപയോഗിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് പര്യാപ്തമല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ബിൽഡിംഗ് സെസ്സ് പിരിച്ചെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2024 ജനുവരി 16 മുതലുള്ള കെട്ടിട സെസ്സ് പിരിച്ചെടുക്കുന്നതിനാണ് എൽഎസ്.ജി.ഡിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ കാലാവധിക്കു മുമ്പുള്ള സെസ്സ് കളക്ഷൻ നിർവഹിക്കേണ്ടത് തൊഴിൽ വകുപ്പാണ്. എൽഎസ്ജിഡി മുഖേന നടപ്പിലാക്കുന്നതിലൂടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും പെൻഷനും കൊടുത്തു തീർക്കുന്നതിന് സാധിക്കും.