ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ.ധർമ്മേന്ദ്ര പ്രധാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും അദ്ദേഹവുമായി പങ്കുവെച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിൽ കുറച്ചുകാലമായി വലിയ പ്രതിസന്ധിയുണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നിവേദനം നൽകി.

കേന്ദ്രം കേരളത്തിന് നൽകാൻ കുടിശ്ശികയുള്ള കേന്ദ്ര പദ്ധതി വിഹിതം ഈ നിവേദനത്തിൽ വ്യക്തമായി ചൂണ്ടിക്കാട്ടി.

പി എം ശ്രീ. –  2025-27 ൽ 318 കോടി രൂപ കേന്ദ്രവിഹിതം

2024-25  ലെ കുടിശികയായ 513.54 കോടി രൂപ

2023-24 ലെ കുടിശികയായ  276 കോടി രൂപ

2025-26 ൽ ലഭിക്കേണ്ട തുക 392.73 കോടി രൂപ

അങ്ങനെ ആകെ മൊത്തം 1,500.27 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിക്കണം എന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രവിഹിതം ലഭ്യമായില്ലെങ്കിൽ പൊതു വിദ്യാഭ്യാസ മേഖലയിലെ ഇനി പറയുന്ന കാര്യങ്ങളെ അത് പ്രതികൂലമായി ബാധിക്കും.

·സൗജന്യ യൂണിഫോം

·സൗജന്യ പാഠപുസ്തകം

·കോംപോസിറ്റ് സ്കൂൾ ഗ്രാന്റ്

.സ്കൂൾ ലൈബ്രറി ഗ്രാന്റ്

·സ്പോർട്സ് ഗ്രാന്റ്

·ഭിന്നശേഷി വിഭാഗം കുട്ടികൾക്കുള്ള ഗ്രാന്റുകളും പെൺകുട്ടികൾക്കുള്ള സ്റ്റൈപെന്റും

·ഭിന്നശേഷി വിഭാഗം കുട്ടികൾക്കുള്ള മെഡിക്കൽ സഹായ ഉപകരണങ്ങൾ, തെറാപ്പി സേവനങ്ങൾ

·സോഷ്യൽ ഇൻക്ലൂഷൻ പ്രോഗ്രാം

·ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം

· സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി

·പെൺകുട്ടികളുടെ ശാക്തീകരണം

·റസിഡൻഷ്യൽ ഹോസ്റ്റൽ പ്രവർത്തനങ്ങൾ

·പ്രീ-സ്കൂൾ കുട്ടികൾക്കുള്ള പുസ്തകങ്ങളും വർക്ക്ബുക്കുകളും പ്രവർത്തന ഇടങ്ങളും

·വൊക്കേഷണലൈസേഷൻ പ്രവർത്തനങ്ങൾ

·ഔട്ട് ഓഫ് സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസം

·ടീച്ചർ എജ്യൂക്കേഷൻ

·സ്പെഷ്യലിസ്റ്റ് അധ്യാപകരുടേയും സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടേയും വിദ്യാ വോളന്റിയർമാരുടേയും ശമ്പളം

·രക്ഷാകർതൃ വിദ്യാഭ്യാസം

·അധ്യാപക പരിശീലനം

·ജീവനക്കാരുടെ ശമ്പളം

·മറ്റ് ആനുകൂല്യങ്ങൾ 

2023-2024 ന്റെ രണ്ടാം പകുതി മുതൽ സമഗ്ര ശിക്ഷയ്ക്കുള്ള ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തതിനാൽ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്ന് മനസ്സിലാക്കാം. NEP, 2020 നടപ്പിലാക്കുന്നതിനുള്ള രീതികളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകളുടെ ആവശ്യകതയും കേരളത്തിന്റെ ഭരണഘടനാപരവും ഭാഷാപരവും സാമൂഹിക-സാംസ്കാരികവുമായ പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന് അനുവദിക്കപ്പെട്ട കേന്ദ്രവിഹിതം ഇതിന്റെ പേരിൽ തടയരുതെന്ന് ആവശ്യപ്പെട്ടു.ഇത് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ, പ്രത്യേകിച്ച് സെക്ഷൻ 7 ന്റെ ലംഘനമാണ്. കേരളത്തിലായാലും ഇന്ത്യയിലെ മറ്റെവിടെയായാലും എല്ലാ കുട്ടികൾക്കും തുല്യ പിന്തുണ അർഹിക്കുന്നു. ഫണ്ട് തടഞ്ഞുവയ്ക്കുന്നത് നീതിയുക്തമോ ജനാധിപത്യപരമോ അല്ല.

ലംഘിക്കപ്പെടുന്ന പ്രധാന വ്യവസ്ഥകൾ ഇവയാണ്:

1) ഈ നിയമം നടപ്പിലാക്കുന്നതിനുള്ള ഫണ്ട് നൽകുന്നതിന് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഒരേസമയം ഉത്തരവാദിത്തമുണ്ടായിരിക്കും.

2) നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള മൂലധനത്തിന്റെയും ആവർത്തന ചെലവിന്റെയും എസ്റ്റിമേറ്റ് കേന്ദ്ര സർക്കാർ തയ്യാറാക്കും..

3) ഉപവകുപ്പ് (2) ൽ പരാമർശിച്ചിരിക്കുന്ന സഹായം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് കാലാകാലങ്ങളിൽ നിർണ്ണയിക്കുന്നതുപോലെ സംസ്ഥാന സർക്കാരുകൾക്ക് നൽകും.

പി എം പോഷൺ പദ്ധതി നടത്തിപ്പിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം.
ഉച്ചഭക്ഷണ പദ്ധതിയിൽ കുക്ക്-കം-ഹെൽപ്പറുടെ ഓണറേറിയം 5000/- രൂപയായി വർധിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യമുന്നയിച്ചു. കേന്ദ്രം 60% സംസ്ഥാനം 40% എന്ന നിലയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. പാചക തൊഴിലാളികൾക്ക് കേന്ദ്രം നിശ്ചയിച്ചട്ടുള്ള പ്രതിമാസ നിർബന്ധിത ഓണറേറിയം 1,000 രൂപയാണ്. ഇതിൽ കേന്ദ്രം നൽകുന്നത് 600 രൂപ മാത്രമാണ്. നിലവിൽ സംസ്ഥാനം പാചക തൊഴിലാളികൾക്ക് 12000/- രൂപ മുതൽ 13,500 രൂപ വരെ ഓണറേറിയം നൽകുന്നുണ്ട്.

ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകിയ എൻ‌സി‌ഇ‌ആർ‌ടി സമീപകാല തീരുമാനങ്ങൾക്കെതിരെ നേരത്തെ തന്നെ കേരളം രംഗത്ത് വന്നിരുന്നു. പൂർവി , മൃദംഗ് , സന്തൂർ, ഗണിത പ്രകാശ് എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻ സി ഇ ആർ ടി നൽകിയിരിക്കുന്നത്.

ഭാഷാ വൈവിധ്യത്തെ ദുർബലപ്പെടുത്തുന്നതാണ് എൻ‌സി‌ആർ‌ടിയുടെ ഈ നീക്കം. സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായും കേരളം ഇതിനെ കാണുന്നു,

പാഠപുസ്തകങ്ങൾക്ക് പേരിടൽ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല, മറിച്ച് പഠിതാക്കളുടെ ഭാഷാ പശ്ചാത്തലത്തെ മാനിക്കേണ്ട ഒരു അക്കാദമിക തീരുമാനമാണ. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ നിന്നുള്ള പദങ്ങളുടെ ഉപയോഗം സാംസ്കാരികമായി ഏകീകരിക്കുന്നതായി ന്യായീകരിക്കപ്പെടുമ്പോൾ, ഒരു ഭാഷാ പാരമ്പര്യത്തിൽ നിന്നുള്ള പേരുകൾ അടിച്ചേൽപ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ല.

ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളം, എൻ‌സി‌ഇആർ‌ടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നത്.

ഇക്കാര്യത്തിൽ കേരളം നേരത്തെ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. പാഠപുസ്തകങ്ങൾ ഭാഷാപരമായ ആധിപത്യത്തിന്റെയല്ല, പഠനത്തിന്റെയും ഉൾക്കൊള്ളലിന്റെയും ഉപകരണങ്ങളായി വർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ബഹുമാനപ്പെട്ട കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ Smt. Rani George IAS (Secretary to Govt, General Education), Sri. Shanavas S IAS (Director, General Education), Dr. Supriya A R (State Project Director, Samagra Shiksha Kerala), Dr.Jayaprakash R K (Director, SCERT) എന്നിവരും എന്നോടൊപ്പം ഉണ്ടായിരുന്നു.

എൻസിഇആർടി ജനറൽ കൗൺസിൽ

രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കാവിവൽക്കരിക്കുന്നതിന് വേണ്ടിയും വർഗീയവൽക്കരിക്കുന്നതിന് വേണ്ടിയും എൻസിഇആർടിയിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ നിലപാട് ഇന്ന് നടന്ന എൻസിഇആർടിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ കേരളം അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത എന്ന വിശാലമായ ലക്ഷ്യവും രാജ്യത്തിന്റെ ശക്തിയായ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെയും ദുർബലപ്പെടുത്താൻ ഉള്ള ശ്രമങ്ങൾഅപലപിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആറു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പരിഷ്കരിക്കാത്ത സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ചരിത്രം, സാമ്പത്തികശാസ്ത്രം,സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ പുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയലക്ഷ്യം വെച്ച് വ്യാപകമായി പാഠഭാഗങ്ങൾ നീക്കിയത് നാം കണ്ടതാണ്. ഗുജറാത്ത് കലാപം, ആർഎസ്എസ് നിരോധനം, ഗാന്ധിവധം, മുഗൾ രാജവംശങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്തു. സയൻസ് പുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തവും പീരിയോഡിക് ടേബിൾ അടക്കമുള്ളവയും മാറ്റുകയുണ്ടായി. എന്നാൽ ഈ അക്കാദമിക വിരുദ്ധമായ കാര്യത്തിൽ കേരളം ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായി. 11,12 ക്ലാസുകളിലെ നാല് സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും അഡീഷണൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കേരളത്തിലെ കുട്ടികളെ നാം പഠിപ്പിച്ചു. ഇത്തരത്തിൽ അക്കാദമിക പ്രതിരോധം തീർത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

എൻസിഇആർടി ഈ വർഷം പരിഷ്കരിച്ച പുസ്തകങ്ങൾ കാവിവൽക്കരണത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ്. ഏഴാം ക്ലാസിൽ ഈ വർഷം പരിഷ്കരിച്ച സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ നിന്നും മുഗൾ രാജവംശമടക്കം മുസ്ലിം രാജവംശങ്ങളെ പൂർണമായും ഒഴിവാക്കി ഈ പാഠപുസ്തകം ഹിന്ദു പുരാണങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട ഇന്ത്യൻ സമൂഹത്തിൽ ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്.
ഉദാഹരണത്തിന് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 176 -)o പേജിൽ കുംഭമേളയെ കുറിച്ചും അതിൽ 66 കോടി ജനങ്ങൾ പങ്കെടുത്തു എന്നും വിശദീകരിക്കുന്നു. പേജ് 89 പലസ്ഥലങ്ങളിലായി കാവിക്കൊടികൾ കൊണ്ട് നിറച്ചിരിക്കുന്നു. കാലാവസ്ഥയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത് സുഭാഷിതം പറഞ്ഞു കൊണ്ടാണ്. നാലാം അധ്യായം ആരംഭിക്കുന്നത് ആർത്ഥശാസ്ത്രത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്. ഇങ്ങനെ ഭാഗവതത്തിലെയും ഹിന്ദു പുരാണങ്ങളിലെയും വിവിധങ്ങളായിട്ടുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പാഠഭാഗങ്ങൾ മുഴുവൻ ആരംഭിക്കുന്നത് എന്ന് കാണാൻ കഴിയും
How the land become Sacred എന്ന അധ്യായം പൂർണമായും ഹൈന്ദവ വിശ്വാസങ്ങൾ വിവരിക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നു. ഇവിടെ ചില ഉദാഹരണങ്ങൾ ഞാൻ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. പുസ്തകം മുഴുവൻ നിങ്ങൾ വായിക്കുക വിലയിരുത്തുക. മതനിരപേക്ഷതയും വ്യത്യസ്ത സംസ്കാരങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണഘടനയുള്ള നാട്ടിൽ ഇതുപോലെയാണോ നമ്മൾ നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാൻ പാഠപുസ്തകങ്ങൾ തയ്യാറാക്കേണ്ടത് എന്നുള്ളത് ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും ചിന്തിക്കേണ്ട ഒന്നാണ്.

കേരളം ഒന്നു മുതൽ 10 വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു കഴിഞ്ഞു ഒമ്പതാം ക്ലാസിലെ പരീക്ഷകൾ അവസാനിക്കുന്നതിന് മുമ്പേ പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് നമ്മുടെ നാട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പാഠപുസ്തകങ്ങൾ എല്ലാം തന്നെ പരിഷ്കരിച്ചത് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പാഠഭാഗങ്ങൾ ചേർത്തു കൊണ്ടാണ്. ഇതാണ് നമ്മുടെ കേരളം ഈ രാജ്യത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശവും.