Higher Secondary Transfer and Appointment

ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും

ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും നേരത്തെ പ്രഖ്യാപിച്ച പോലെ കൈറ്റിന്റെ കൂടെ മേൽനോട്ടത്തിൽ മെയ് 31 നകം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. അധ്യാപകർ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ വരുത്തുന്ന തെറ്റുകൾ ട്രാൻസ്ഫർ
പ്രക്രിയയെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ വർഷം ഏപ്രിൽ 7 മുതൽ 16 വരെ ഇതിനായി സമയം നൽകി. പിന്നീട് സമയം ഏപ്രിൽ 21 വരെ ദീർഘിപ്പിച്ചു.

ഈ സമയപരിധിയിലും വ്യക്തി വിവരങ്ങൾ കൃത്യമായി നൽകാത്ത അധ്യാപകർക്ക് ആദ്യം ഏപ്രിൽ 28നും 29നും പിന്നീട് ഏപ്രിൽ 30 നും മെയ് 2നും ഹെൽപ്പ്‌ ഡെസ്‌കിൽ നേരിട്ട് വന്ന് തിരുത്താൻ അവസരം നൽകി. നാന്നൂറിലധികം അധ്യാപകരാണ് ഇപ്രകാരം നേരിട്ട് വന്ന് തിരുത്തിയത്.ഇതിനു പുറമെ ഇപ്രാവശ്യം ആദ്യമായി കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പ്രിൻസിപ്പൽമാർക്ക് സൗകര്യമേർപ്പെടുത്തി.

ഇതോടെ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ വിവിധ വിഷയങ്ങളിൽ ലഭ്യമായ ഒഴിവുകൾ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പോർട്ടലിൽ കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇപ്രാവശ്യം ആദ്യമായി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അധ്യാപകരുടെ പരാതികൾ പരിശോധിച്ച് മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാൻ ഒരു സമിതിയെയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. പൂർണ സുതാര്യത ഉറപ്പാക്കിയും ആക്ഷേപങ്ങൾക്കിടയാക്കാതെയുമാണ് ഈ പ്രവർത്തനങ്ങളെല്ലാം നടന്നു വരുന്നത് എന്ന് കാണാവുന്നതാണ്.മെയ് 3 വരെയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സമയം നൽകിയിരുന്നത്.
ഇതിന്റെ ഭാഗമായി 8204 അധ്യാപകരുടെ അപേക്ഷകളാണ് പ്രിൻസിപ്പൽമാർ അംഗീകരിച്ച് അയച്ചത്. ഇതിൽ മുന്നൂറ്റി അമ്പത്തിയേഴ് അപേക്ഷകർ അനുകമ്പാർഹമായ മുൻഗണന ലഭിക്കേണ്ട വിഭാഗത്തിലാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷകൾ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കും.

മെയ് 19 നുള്ളിൽ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇത് പരിശോധിക്കാൻ ഒരാഴ്ച സമയം നൽകിയശേഷം അന്തിമ സ്ഥലം മാറ്റപ്പട്ടിക മെയ് 26 ഓടെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.