Kerala performs well in the national school innovation marathon; Minister V Sivankutty congratulates

ദേശീയതലത്തിൽ സ്കൂൾ ഇന്നവേഷൻ മാരത്തോണിൽ മികച്ച പ്രകടനവുമായി കേരളം;അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

ദേശീയതലത്തിൽ സ്കൂൾ ഇന്നവേഷൻ മാരത്തോണിൽ മികച്ച പ്രകടനവുമായി കേരളം. ദേശീയ വിദ്യാഭ്യാസ മന്ത്രാലയം, ദേശീയ വിദ്യാഭ്യാസ സാക്ഷരതാ മിഷൻ,അടൽ ഇന്നവേഷൻ മിഷൻ(AIM), നീതി ആയോഗ്, മിനിസ്റ്ററി ഓഫ് ഇന്നവേഷൻ കൗൺസിൽ (MIC), യൂണിസെഫ്, യുവ (Yuwaah) എന്നിവയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച നൂതന പദ്ധതിയാണ് സ്കൂൾ ഇന്നവേഷൻ മാരത്തോൺ (SIM).

സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 1000 ആശയങ്ങളിൽ കേരളത്തിൽ നിന്നും 181 എണ്ണം തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനമെന്ന ചരിത്ര നേട്ടം കേരളം കരസ്ഥമാക്കി. സാമ്പത്തിക സഹായം, ഇന്റേൺഷിപ്, സർട്ടിഫിക്കറ്റുകൾ എന്നിവ വിദ്യാർത്ഥികൾക്ക് ലഭിക്കും. നല്ല ആശയങ്ങൾക്ക് പേറ്റന്റ് നേടിയെടുക്കാനും കഴിയും. രാജ്യത്തിന്റെ സുസ്ഥിര വികസനം, സാമ്പത്തിക വികസനം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്മാർട്ട് കമ്യൂണിറ്റി, സുസ്ഥിര ആരോഗ്യം, കൃഷി, ഗുണമേന്മ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ്
നൂതന ആശയരൂപീകരണം നടത്തിയത്.

കൂടാതെ, സാമ്പത്തിക സഹായം, ഇന്റേൺഷിപ്പ് എന്നിവയ്ക്കുള്ള 27 ഐഡിയകളെ തിരഞ്ഞെടുത്തപ്പോൾ കേരളത്തിലെ 4 വിദ്യാലയങ്ങൾ അതിൽ ഉൾപ്പെടുകയും ചെയ്തു. 2025 ജൂലൈ 29 – ന് നടക്കുന്ന ദേശീയ സ്കൂൾ ഇന്നവേഷൻ മാരത്തോൺ ഗ്രാൻഡ് ഇന്നവേഷനിൽ പങ്കെടുക്കാനുള്ള അറിയിപ്പ് ഈ വിദ്യാലയങ്ങൾക്ക് ലഭിച്ചിട്ടുമുണ്ട്.

ദേശീയതലത്തിൽ സ്കൂൾ ഇന്നവേഷൻ മാരത്തോണിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെയും സ്ഥാപനങ്ങളെയും അധ്യാപകരെയും പരിശീലകരെയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.